കൊവിഡ് 19; ലോകത്ത് രോഗികള്‍ ഒരു കോടി 80 ലക്ഷത്തിലേക്ക്, മരണം ഏഴ് ലക്ഷത്തിലേക്കും
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,80,13,191 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് 6,88,718 പേര്‍ക്ക് ജീവന് നഷ്ടമായപ്പോള്‍ 1,13,26,433 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രോഗവ്യാപനം അതിരൂക്ഷമായ അമേരിക്കയില്‍ ഇന്നലെ മാത്രം അമ്പത്തിയേഴായിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 47,64,318 ആയി. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതും അമേരിക്കയിലാണ്. ഏറ്റവും ഒടുവിലത്തെ കളക്കുകളില്‍ 1,57,898 പേര്‍ക്കാണ് അമേരിക്കയില്‍ ജീവന് നഷ്ടമായത്. രണ്ടാമതുള്ള ബ്രസീലിലാകട്ടെ 27,08,876 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 93,616 പേര്‍ക്ക് ജീവന് നഷ്ടമായി. രോഗവ്യാപനം ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമായ ഇന്ത്യയില്‍ ഇതുവരെയായി 17,51,919 പേര്‍ക്കാണ് രോഗബാധയുണ്ടായത്. മരണനിരക്കില്‍ കുറവുണ്ടെന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസം. കൊവിഡ് 19 വൈറസ് ബാധയേതുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഇതുവരെയായി ഇന്ത്യയില്‍ 37,403 പേര്‍ക്ക് ജീവന് നഷ്ടമായി.
ലോകത്ത് ഇപ്പോഴും 59,98,040 സജീവ രോഗികളുണ്ടെന്ന് കണക്കുകള്‍. ഇതില്‍ 65,706 പേര് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഏറ്റവും കൂടുതല്‍ ഗുരുതരരോഗികളുള്ളത് അമേരിക്കയിലാണ്. 18,720 പേരാണ് അമേരിക്കയില്‍ ഗുരുതരാവസ്ഥയിലുള്ളത്.
1,57,898 പേര് മരിച്ച അമേരിക്കയില്‍ 23,62,903 പേര്‍ക്ക് രോഗം ഭേദമായി. എങ്കിലും 18,720 പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പത്ത് ലക്ഷത്തില്‍ 88.4 എന്ന നിരക്കിലാണ് ലോകത്ത് കൊവിഡ് ബാധിച്ച് ആളുകള്‍ മരിക്കുന്നത്.
അമേരിക്കയില്‍ ഇത് 477 ആണ്. മരണനിരക്കില്‍ മുന്നിലുള്ളത് ബെല്‍ജിയമാണ്. 69,402 രോഗികള്‍ മാത്രമുള്ള ബെല്ജിയക്കില് ഇതുവരെയായി 9,845 പേരാണ് മരിച്ചത്. പത്ത് ലക്ഷത്തില്‍ 849 എന്നനിരക്കിലാണ് ബെല്‍ജിയത്തില്‍ മരണം സംഭവിക്കുന്നതെന്ന് കണക്കുകള്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയ രാജ്യം ചൈനയാണ്. 143,93,23,776 ജനസംഖ്യയുള്ള ചൈനയില്‍ ഇതുവരെയായി 9,04,10,000 ടെസ്റ്റുകള്‍ നടത്തി. പത്ത് ലക്ഷത്തില്‍ 62,814 പേര്‍ക്കെന്ന നിരക്കില്‍ ചൈനയില്‍ ടെസ്റ്റുകള്‍ നടക്കുന്നു.
പത്ത് ലക്ഷത്തില്‍ മൂന്ന് പേരെന്ന നിരക്കില്‍ മാതമാണ് ചൈനയില്‍ മരണം. ചൈനയില്‍ ഇതുവരെയായി 84,385 പേര്‍ക്ക് മാത്രമേ രോഗബാധയുണ്ടായിട്ടൊള്ളൂ. മരണം 4,634 ആണ്. 79,003 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
748 സജീവരോഗികള്‍ മാത്രമാണ് ഇപ്പോള്‍ ചൈനയില്‍ അവശേഷിക്കുന്നത്. 36 കേസുകള്‍ സജീവമാണ്. പത്ത് ലക്ഷത്തില്‍ 59 എന്ന നിരക്കിലാണ് ചൈനയില്‍ രോഗവ്യാപനമെന്ന് കണക്കുകള്‍ കാണിക്കുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴരലക്ഷം കടന്നു. പ്രതിദിന കണക്ക് ഇന്നും അര ലക്ഷം കടന്നേക്കും.
1,381,159,795 ജനസംഖ്യയുള്ള ഇന്ത്യയില്‍ പത്ത് ലക്ഷം പേരില്‍ 14,016 പേര്‍ക്കെന്ന തരത്തിലേ പരിശോധനകള്‍ നടക്കുന്നൊള്ളൂ. ഇതുവരെയായി 1,93,58,659 പേരില്‍ പരിശോധന നടത്തി. പത്ത് ലക്ഷം പേരില്‍ 27 എന്ന നിരക്കിലാണ് ഇന്ത്യയിലെ മരണ നിരക്ക്.
ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യയാണ് രണ്ടാമത്. 8,944 പേരാണ് ഇന്ത്യയില്‍ കൊവിഡ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത്. മഹാരാഷ്ട്രയിലും ആന്ധ്രയിലും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9,601 കേസുകളും 322 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ 9,276 പേർ ഇന്നലെ മാത്രം രോഗബാധിതരായി. തമിഴ് നാട്ടിൽ 5,879 ഉം കർണാടകയിൽ 5,172 പേർക്കും രോഗം സ്ഥിരീകരിച്ചു. ബംഗാളിൽ 2,589 പേരും ഡൽഹിയിൽ 1,118 പേരും ഇന്നലെ രോഗബാധിതരായി.
കേരളത്തില്‍ ഇന്ന് ഒരാൾ കൂടി കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ് മരണം 81 ആയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. തിരുവനന്തപുരത്തും കാസര്‍കോടും രോഗബാധ ഏറെ രൂക്ഷമാണ്. എന്നാല്‍ തിരുവനന്തപുരത്തിന്റെ തീരദേശ മേഖലകളില്‍ ടെസ്റ്റുകള്‍ വളരെ കുറവാണെന്ന പരാതികളും ഉയരുന്നു.
രോഗവ്യാപനം പിടിവിട്ട് കുതിക്കുന്ന തിരുവനന്തപുരത്ത് ജൂലൈയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പട്ടത് 4,531 കേസുകൾ. ഇതിൽ 3,167 പേർ ഇപ്പോൾ ചികിത്സയിലാണ്. ക്രിട്ടിക്കൽ നിയന്ത്രിത മേഖലകൾക്ക് പുറത്തേക്കും വ്യാപനം തുടരുന്നതാണ് നിലവിലെ ആശങ്ക.
സംസ്ഥാനത്ത് ഏറ്റവും അധികം പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയപ്പെട്ട ജൂലൈയിൽ 23 ശതമാനം രോഗികളും തിരുവനന്തപുരത്താണ്. ജൂൺ 30ന് ജില്ലയിൽ 97 പേർ മാത്രമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്.
പിന്നീടാണ് ഉറവിടമറിയാതെ മണക്കാടും വിഎസ്എസ്സിയിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് അപ്പുറത്ത് ആശങ്ക തിരുവനന്തപുരത്തിന്റെ തീരത്തേക്ക് പടർന്നത്. അഞ്ചാം തീയതിയോടെ പുന്തൂറയിലും പുല്ലുവിളയിലും രോഗികളുടെ എണ്ണമുയർന്നു.
പത്താം തീയതി 129 കേസുകളും 14ന് 200 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 16 ന് 339 കൊവിഡ് രോഗികൾ. 246 പേർക്ക് രോഗം സ്ഥിരീകരിച്ച 17ന് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥീരീകരിച്ചു.
ലാർജ്ജ് ക്ലസ്റ്ററുകൾക്ക് പുറമേ ബീമാപള്ളി വലിയതുറ, അടിമലത്തുറ, പൊരുമാതുറ, അഞ്ചുതെങ്ങ്, പൊഴിയൂർ തുടങ്ങിയ ലിമിറ്റഡ് ക്ലസ്റ്റുകളും രൂപപ്പെട്ടു. തീരദേശ മേഖലയെ ആകെ മൂന്ന് ക്രിട്ടിക്കൽ സോണുകളായി തിരിച്ചാണ് പിന്നീട് രോഗവ്യാപനത്തെ ചെറുത്തത്.
പക്ഷേ ക്ലസ്റ്ററുകൾക്ക് പുറത്തേക്ക് രോഗം പകരുകയാണ്. അപ്പോഴും പൂന്തുറയിലും പുല്ലുവിളയിലും ഇപ്പോള്‍ ടെസ്റ്റുകള്‍ നടക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. അഞ്ചുതെങ്ങിന് സമീപത്തെ കടയ്ക്കാവൂരിലും പൊഴിയൂർ ഉൾപ്പെടുന്ന കുളത്തൂരിലും രോഗവ്യാപനം ഉയരുകയാണ്.
പാറശ്ശാലയും നെയ്യാറ്റികര, കട്ടാക്കട, നെടുമങ്ങാട് തുടങ്ങിയ ഉൾപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും നിലവിൽ ആശങ്കയേറുകയാണ്. നഗരത്തിലുള്ള ബണ്ട് കോളനിയിൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 38 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജൂലൈയിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത പൊസിറ്റീവ് കേസുകളുടെ 23% വും തിരുവനന്തപുരത്തായിരുന്നു.
പ്രായമായവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും മുൻഗണ നൽകി പ്രതിദിനം 1500ന് അടുത്ത് പരിശോധനകളാണ് നിലവിൽ ജില്ലയിൽ നടക്കുന്നത്. ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ പാർപ്പിക്കാനുള്ള സുപ്രധാന നയമാറ്റത്തിലേക്കും ജില്ല കടക്കുകയാണ്. അടുത്ത ദിവസം ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറങ്ങും.
കാസര്‍കോട് ജില്ലയില്‍ മൂന്നാംഘട്ടത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായത് വൻ വർധനയാണെന്ന് റിപ്പോര്‍ട്ടുകള്‍. 1,618 പേർക്കാണ് മൂന്നാംഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പർക്കരോഗികളുടേയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണത്തിലെ വർധനക്കൊപ്പം മരണനിരക്ക് കൂടുന്നതും ജില്ലയിൽ ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ മെയ് പത്തിന് ഒരു രോഗിപോലും ചികിത്സയിലയില്ലാത്ത ജില്ലയായിരുന്നു കാസർകോട്.
ആദ്യ രണ്ട് ഘട്ടങ്ങളിൽ ഉണ്ടായിരുന്ന 178 രോഗികളും അതിനകം രോഗമുക്തി നേടി. എന്നാൽ മൂന്നാംഘട്ടത്തിൽ ജില്ലയുടെ ചിത്രം മാറി. 1618 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതലും സമ്പർക്കത്തിലൂടെയുള്ള രോഗബാധ. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ഒമ്പത് പേര് കൊവിഡ് ബാധിച്ച് മരിച്ചു.
പ്രതിദിന രോഗബാധിതരുടെ എണ്ണം നൂറ് കടന്നു. കുമ്പള, ചെങ്കള, ചെമ്മനാട്, മഞ്ചേശ്വരം, മധൂർ പഞ്ചായത്തുകൾ, കാസർകോട് നഗരസഭ എന്നിവിടങ്ങളിലാണ് രോഗബാധിതരിൽ ഭൂരിപക്ഷവും.
ഏറ്റവും ഉയർന്ന പ്രതിദിന വർധന രേഖപ്പെടുത്തിയ ഇന്നലെ രോഗം സ്ഥിരീകരിച്ച 153 ൽ 151 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ ഗുരുതരെ വീഴ്ച വരുത്തുന്നത് കൊണ്ടാണ് ഈ വർധനയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
20 പേരിൽ കൂടുതൽ പാടില്ലെന്ന മാനദണ്ഡം ലംഘിച്ച് മൂന്നിടത്തായി നടന്ന കല്യാണ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത 149 പേർക്കാണ് ഇതിനകം കൊവിഡ് ബാധിച്ചത്.
മഞ്ചേശ്വരത്ത് കല്യാണത്തിൽ പങ്കെടുത്ത അഞ്ച് പേർക്ക് രോഗം ബാധിച്ചതാണ് ഒടുവിലത്തേത്.
കാസർകോട് നഗരസഭ ഉൾപ്പെടെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ഇന്നലെ പതിനേഴ് പുതിയ ഹോട്സ്പോട്ടുകൾ പ്രഖ്യാപിച്ചു.
നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. നിലവിലെ സാഹചര്യത്തൽ പരിശോധന വർധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.