ഉത്തരേന്ത്യന്‍ കൃഷിയിടങ്ങള്‍ കീഴടക്കി വെട്ടുക്കിളികള്‍ ; ചിത്രങ്ങള്‍
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൾ രൂക്ഷമായ വെട്ടുക്കിളി ആക്രമണഭീതിയിലാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികളുടെ കൂട്ടമാണ് ഉത്തരേന്ത്യയില്‍ വ്യാപക വിളനാശത്തിന് കാരണമാവുന്നത്. രാജസ്ഥാനില്‍ വ്യാപകമായി വിളകൾ നശിപ്പിച്ച ശേഷം വെട്ടുകിളിക്കൂട്ടം മധ്യപ്രദേശിലും ഉത്തർപ്രദേശിലേക്കും കടന്നു. മധ്യപ്രദേശില്‍ 27 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് നേരിടുന്നത്. വെട്ടുകിളികളെ നിയന്ത്രച്ചില്ലെങ്കില്‍ മധ്യപ്രദേശില്‍ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ വിളനാശമുണ്ടാവുമെന്ന് വിദഗ്ദ മുന്നറിയിപ്പ്. ചിത്രങ്ങള്‍ : ഗെറ്റി.
നീമച് ജില്ലയിലൂടെ മധ്യപ്രദേശില്‍ പ്രവേശിച്ച വെട്ടുകിളികൾ മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്‍റെ മണ്ഡനമായ ബുധിനിയിലടക്കം കനത്ത വിളനാശമുണ്ടാക്കി.
നിലവില്‍ സംസ്ഥാനത്ത് പച്ചക്കറി, പഴ കൃഷികൾക്ക് നേരെയാണ് വെട്ടുകിളി ആക്രമണമുണ്ടായത്.
കോട്ടണ്‍, മുളക് കൃഷികൾക്കും ഇവ ഭീഷണി സൃഷ്ടിച്ചേക്കുമോ എന്ന് ആശങ്കയുണ്ട്. വെട്ടുകിളികളെ നിയന്തിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് എണ്ണായിരം കോടി രൂപയുടെ കൃഷി നാശം ഇവ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.
കോട്ടണ്‍ ഉൾപ്പെടെയുള്ള വിളകൾക്ക് നേരെ ആക്രമണമുണ്ടായാല്‍ നഷ്ടം ഇതിലും കൂടുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നല്‍കുന്നു.
വെട്ടുകിളികൾ വൈകിട്ട് ഏഴ് മണി മുതല്‍ ഒമ്പത് മണിവരെയുള്ള സമയത്ത് വിശ്രമിക്കുമെന്നും ഈ സമയത്ത് കീടനാശിനി തളിച്ച് ഇവയെ നശിപ്പിക്കണമെന്നുമാണ് വിദഗ്ദർ നല്‍കുന്ന ഉപദേശം.
ഉത്തർപ്രദേശിലെ ജാന്‍സി അടക്കമുള്ള മേഖലകളിലും വെട്ടുകിളികൾ വിളനാശം സൃഷ്ടിച്ചു.
കീടനാശിനി തളിച്ച് ഇവയെ നേരിടാന്‍ ശ്രമിച്ചു വരികയാണെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർ കമല്‍ കത്യാർ പറഞ്ഞു.
ഈ വർഷം ഇന്ത്യയില്‍ വെട്ടുകിളി ആക്രമണമുണ്ടായേക്കുമെന്ന് എഫ്എഓ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞവര്‍ഷം അവസാനം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രൂക്ഷമായ വെട്ടുക്കിളി ശല്യം ഉണ്ടായിരുന്നു.
ആഫ്രിക്കയില്‍ നിന്നും ഇവ ഗള്‍ഫ് നാടുകളിലേക്ക് കടക്കുകയും അവിടെ നിന്ന് അഫ്ഗാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലേക്കും കടക്കുകയായിരുന്നു.
ആഫ്രിക്കയില്‍ വെട്ടുക്കിളി ശല്യം രൂക്ഷമായപ്പോള്‍ തന്നെ ഇവയുടെ സഞ്ചാരപഥത്തില്‍ ഇന്ത്യയും ഉണ്ടാകാമെന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.
പലയിനം സസ്യങ്ങളുടെ ഇലകളും, ധാന്യങ്ങളും എന്നുവേണ്ട കണ്ണിൽകണ്ടതെന്തും വെട്ടിവിഴുങ്ങുന്ന ഇവ കൃഷി തീര്‍ത്തും ഇല്ലാതാക്കും. കാണാൻ ഇത്തിരിയേ ഉള്ളൂ എങ്കിലും, ആയിരവും പതിനായിരവും എണ്ണം വരുന്ന ഒരു പറ്റമായി ഒന്നിച്ച് കൃഷിയിടങ്ങളിൽ വന്നിറങ്ങുന്ന അതീവ ഉപദ്രവകാരിയായ ഈ ജീവി ഒറ്റദിവസം കൊണ്ട് തിന്നു തീർക്കുക, പത്ത് ആനകൾ, 25 ഒട്ടകങ്ങൾ, അല്ലെങ്കിൽ 2500 ആളുകൾ കഴിക്കുന്ന ധാന്യങ്ങളാണ്.
വിളകളുടെ ഇല, പൂവ്, പഴം, ചില്ല, തണ്ട് എന്നിങ്ങനെ എന്ത് കണ്ടോ അതൊക്കെ അവ അകത്താക്കും. ഇവ ആകാശത്തുനിന്ന് കൂട്ടമായി വന്നിറങ്ങുന്ന ആക്കത്തിൽ തന്നെ വിളകൾ പാതിയും നശിച്ചുപോകും. അത്രയും വേഗതയിലാണ് ഇവ ഇലകളെ അകത്താക്കുന്നത്.
ഷിസ്റ്റോസർക്ക ഗ്രിഗേറിയ എന്നയിനം വെട്ടുകിളികളാണ് പാകിസ്ഥാന്‍ വഴി ഗുജറാത്തിൽ വന്നിറങ്ങിയിട്ടുള്ളത്. കാർഷിക ഡയറക്ടറേറ്റിന്‍റെ കണക്കുകൾ പ്രകാരം, ഇന്ത്യയില്‍ 1926-31 കാലയളവിലുണ്ടായ വെട്ടുകിളി ആക്രമണത്തിൽ പത്തുകോടി വിലമതിക്കുന്ന വിളയാണ് നശിപ്പിക്കപ്പെട്ടത്. 1940-46 ലെയും 1949-55 -ലെയും ആക്രമണങ്ങളിൽ രണ്ടുകോടിയുടെയും ഏറ്റവും അവസാനമായി നടന്ന 1959-62 കാലത്തെ ആക്രമണത്തിൽ അമ്പതുലക്ഷത്തിന്‍റെയും വിളകൾ നശിച്ചിരുന്നു.
1993 -ൽ ഭുജിലാണ് അവസാനമായി ഗുജറാത്ത് വെട്ടുകിളിക്കൂട്ടങ്ങളുടെ വരവ് കണ്ടത്. കടുക്, ജീരകം, ഗോതമ്പ് തുടങ്ങിയ വിളകളാണ് വെട്ടുകിളികളുടെ ആക്രമണത്തിന്‍റെ ഭീഷണിയിൽ ഗുജറാത്തിലെ പാടങ്ങളിൽ വിളവെത്തി നിൽക്കുന്നത്.
വെട്ടുകിളി മുന്നറിയിപ്പ് സമിതി (Locust Warning Organization) എന്ന സർക്കാർ സ്ഥാപനമാണ് വെട്ടുകിളികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതും വേണ്ട മുന്നറിയിപ്പുകൾ കൃഷിക്കാർക്ക് നൽകുന്നതും, വെട്ടുകിളി ശല്യത്തെ നേരിടാൻ വേണ്ട സാങ്കേതിക വിദ്യയും, മുൻകരുതലുകളുമെടുക്കാൻ അവരെ സഹായിക്കുന്നതും. സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രീതിയിൽ സാന്ദ്രത ഒരു വെട്ടുകിളിക്കൂട്ടത്തിനുണ്ടോ എന്നതാണ് ഇവർ പരിശോധിക്കുക. ഒരു ഹെക്ടറിൽ 10,000 വെട്ടുകിളികളിൽ അധികമുണ്ടെങ്കിൽ അത് നഷ്ടമുണ്ടാക്കാൻ പോന്ന സാന്ദ്രതയായി കണക്കാക്കപ്പെടും.