കൊവിഡ് 19 പ്രതിരോധം; ഷഹീന്‍ ബാഗ് പൗരത്വ പ്രതിഷേധ പന്തലും പൊളിച്ചു
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ഷഹീന്‍ ബാഗില്‍ അമ്മമാര്‍ നടത്തിവന്ന പൗരത്വപ്രതിഷേധ പന്തല്‍ കോറോണാ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി പൊളിച്ച് മാറ്റി. സുപ്രീംകോടതിയില്‍ നിരവധി തവണ കയറിയിറങ്ങിയ ഷഹീന്‍ബാഗ് സമരം ഇതോടെ താത്കാലികമായെങ്കിലും അവസാനിച്ചു. പൗരത്വപ്രതിഷേധങ്ങള്‍ ശക്തിപ്രാപിച്ച കാലത്തായിരുന്നു ഷഹീന്‍ബാഗിലും സമരം ആരംഭിച്ചത്. എന്നാല്‍ പിന്നീട് മറ്റ് പ്രതിഷേധങ്ങള്‍ അവസാനിച്ച് തുടങ്ങിയതോടെ ഷഹീന്‍ബാഗ് സമരമായിരുന്നു പൗരത്വപ്രതിഷേധങ്ങളുടെ മുഖ്യകേന്ദ്രം. കൊറോണാ ഭീതിക്കിടെ പൗരത്വപ്രതിഷേധങ്ങള്‍ മുങ്ങിപ്പോവുകയാണ്... ഷഹീന്‍ബാഗില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
സമരം തുടങ്ങി നൂറ്റൊന്നാം ദിവസമാണ് സര്‍ക്കാര്‍ പൊലീസിന്‍റെ സഹായത്തോടെ സമരപ്പന്തല്‍ പൊളിച്ച് മാറ്റിയത്. ദില്ലി മുഴുവനായും ലോക്ക് ഡൗണിലാണ്.
കോവിഡ് ഭീതിയേ തുടര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ നേരത്തെ മുഖ്യമന്ത്രി കെജ്രരിവാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമരസമിതി മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി.
തുടര്‍ന്ന് പത്ത് പേരടങ്ങുന്ന വിവിധ സംഘങ്ങളായി സമരം തുടരുകയായിരുന്നു. തുടര്‍ന്ന് ദില്ലി പൊലീസ് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ വഴിങ്ങിയില്ല.
ഇതിനിടെ കൊവിഡ് 19 ന്‍റെ സമൂഹവ്യാപനം തടയാന്‍ ദില്ലി സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
ഇതോടെ സമരപ്പന്തല്‍ പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് തീരുമാനിക്കുകയായിരുന്നു.
ഇന്ന് രാവിലെ സമരപ്പന്തലില്‍ എത്തിയ പൊലീസ് സമരമുഖത്തുണ്ടായിരുന്ന ഒമ്പത് പേരെ ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു.
" പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ സമരക്കാരെ നീക്കുകയായിരുന്നു" സൗത്ത് ഈസ്റ്റ് ദില്ലി ഡിസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സമരക്കാര്‍ ഉയര്‍ത്തിയ പന്തലും കട്ടൗട്ടുകളും പൊലീസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു. നീക്കം ചെയ്ത സാധനങ്ങള്‍ ട്രക്കുകളിലാക്കി സംഭവസ്ഥലത്ത് നിന്ന് നീക്കി.
സമരപ്പന്തല്‍ പൊളിച്ചതിനെ തുടര്‍ന്ന് മൂന്ന് മാസമായി അടഞ്ഞ് കിടന്ന കാളിന്ദി കുഞ്ച് റോഡ് പൊലീസ് തുറന്നുകൊടുത്തു.
സമരപ്പന്തല്‍ പൊളിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ദില്ലി പൊലീസ് ഷഹീന്‍ബാഗില്‍ ഒരുക്കിയിരിക്കുന്നത്.
ദില്ലിയില്‍ കഴിഞ്ഞ മാസം കലാപം നടന്ന മേഖലകളിലും കൊവിഡ് പ്രതിരോധത്തിന്‍റെ പേരില്‍ പൊലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി.