ഇന്ത്യന്‍ ലോക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് ; രാജ്യത്ത് 1,50,000 രോഗികള്‍; മരണം 5000 ലേക്ക്
നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവെന്ന് പറഞ്ഞത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്. ഈ കോറോണാ കാലത്ത് ഏറ്റവും പ്രസക്തമായ വാക്കുകളാണിത്. കാരണം, കൊവിഡ് 19 എന്ന മഹാമാരിയുടെ കാലത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ ലോക്ഡൗണ്‍ കാലം അനുഭവിക്കേണ്ടി വന്ന ജനതകളില്‍ ഒന്നാണ് നാം. 65 ദിവസമായിരിക്കുന്നു ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയിട്ട്. ലോക്ഡൗണിന്റെ തുടക്കത്തില്‍ 500 രോഗികള്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 65 ദിവസങ്ങള്ക്കിപ്പുറത്ത് ആ സംഖ്യ ഒന്നര ലക്ഷത്തിലേക്ക് കയറിയിരിക്കന്നു. മരണമാകട്ടെ അയ്യായിരത്തിലേക്ക് കുതിക്കുന്നു.
നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് കൊറോണാ വൈറസ് വ്യാപനവും ഇതിനിടെ ഉണ്ടായി. നഗരങ്ങളിലെ വൈറസ് ബാധയെ നേരിടാനാവശ്യമായ ആരോഗ്യപ്രവര്‍ത്തകരും മറ്റ് സൗകര്യങ്ങളും ഉണ്ടെങ്കില്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലെ അവസ്ഥ നേരെ തിരിച്ചാണ്. ഇന്നും വൈദ്യുതിയും വെള്ളവും ലഭ്യമല്ലാത്ത ഗ്രാമങ്ങളാണ് ഇന്ത്യയില്‍ ഏറെയും. ഇവിടേക്കാണ് ശ്രമിക് ട്രെയിനുകളില്‍ കയറിയ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവര്‍ക്ക് കൃത്യമായ പരിശോധനയോ വൈദ്യസഹായമോ ലഭ്യമാക്കാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കഴിയുന്നില്ല. ഇതിനിടെയാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതും കൊവിഡ് ബാധിച്ചുള്ള മരണക്കേസുകള്‍ പലതും രേഖപ്പെടുത്തുന്നില്ലെന്ന പരാതിയും ഉയരുന്നത്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. രോഗികളുടെ എണ്ണം 1,58,333 ആയി. ഇതുവരെ 4531 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം, തുടര്‍ച്ചയായ ഏഴാം ദിവസവും ആറായിരത്തിലധികം രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മാത്രം 6,566 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 194 പേർ വൈറസ് ബാധിച്ച് മരിച്ചു.
നിലവില്‍ 86,110 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 67,691 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളത്.
മഹാരാഷ്ട്രയിൽ 1897 പേരാണ് വൈറസ് ബാധമൂലം മരിച്ച് വീണത്. 56,948 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെയായി രോഗം ബാധിച്ചത്.
മഹാരാഷ്ട്രയ്ക്ക് പുറമെ തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. തമിഴ്നാട്ടില്‍ 18,545 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 133 പേര് മാത്രമാണ് തമിഴ്നാട്ടില്‍ കൊറോണാ വൈറസ് ബാധമൂലം മരിച്ചിട്ടൊള്ളൂവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
ഗുജറാത്തിലാകട്ടെ 15,195 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 938 പേരാണ് മരിച്ചത്.
രാജ്യതലസ്ഥാനമായ ദില്ലിയിലാകട്ടെ 15,257 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 303 പേര് മരിച്ചതായാണ് സര്‍ക്കാര്‍ രേഖകള്‍.
നാല് സംസ്ഥാനങ്ങളില്‍ കൊറോണാ വൈറസ് രോഗികള്‍ പതിനായിരം കടന്നു. 13 സംസ്ഥാനങ്ങളില്‍ ആയിരം പേരില്‍ കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പതിമൂന്ന് സംസ്ഥാനങ്ങളില്‍ കൊറോണാ വൈറസ് ആയിരം കടന്നു. അതില്‍ തന്നെ 7000 കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജസ്ഥാനും മധ്യപ്രദേശും അടുത്ത ദിവസങ്ങളില്‍ തന്നെ പതിനായിരം രോഗികളാകുമെന്ന് കണക്കാക്കുന്നു.
രാജസ്ഥാനില്‍ 7703 കൊവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 173 പേര് മരിച്ചു. മധ്യപ്രദേശിലാകട്ടെ 7261 രേഗികളാണ് ഉള്ളത്. 313 പേര് മധ്യപ്രദേശില്‍ മാത്രം മരിച്ചു.
ഉത്തര്‍പ്രദേശില്‍ 6991 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 182 പേര് മരിച്ചു. ബംഗാളിലാകട്ടെ 4192 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ രേഖപ്പെട്ടുത്തി. 289 പേര് മരിച്ചു.
ആന്ധ്രാപ്രദേശില്‍ 3171 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 58 മരണവും രേഖപ്പെടുത്തി. ബീഹാറില്‍ 3061 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പഞ്ചാബില്‍ 2139 രോഗികള്‍ ഉള്ളപ്പോള്‍ 40 മരണം രേഖപ്പെടുത്തി. ഒഡീഷയില്‍ 1593 രോഗികളും 7 മരണവുമാണ് രേഖപ്പെടുത്തിയത്.
ജമ്മുകശ്മീര്‍ 1921 രോഗികളും 26 മരണവുമാണ് രേഖപ്പെടുത്തിയത്. ഹരിയാനയിലാകട്ടെ 1381 രോഗികളും 18 മരണവും രേഖപ്പെടുത്തി.
കര്‍ണ്ണാടകയില്‍ 2418 രോഗികളും 47 മരണവും രേഖപ്പെടുത്തി. കേരളത്തിലാകട്ടെ 1004 രോഗികളും 7 മരണവുമാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനങ്ങളിലെ കൊവിഡ്19 രോഗികളുടെ സര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെയാണ്. എന്നാല്‍ ഇവയില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും കൊവിഡ് മരണങ്ങള് രേഖപ്പെടുത്തുന്നില്ലെന്ന് ആരോപണവും ഉയര്‍ന്നു.
കൊവിഡ് 19 വൈറസ് ബാധിച്ച് പ്രതിരോധ ശേഷി നഷ്ടപ്പെട്ട്, നിലവില്‍ ഉണ്ടായിരുന്ന രോഗം മൂര്‍ച്ചിച്ചാണ് രോഗികള്‍ ഭൂരിപക്ഷവും മരിക്കുന്നത്. എന്നാല്‍ ഇങ്ങനെ മരിക്കുന്ന രോഗികളെ കൊവിഡ് കേസുകളിലല്ല പലപ്പോഴും സംസ്ഥാനങ്ങള്‍ ഉള്പ്പെടത്തുന്നതെന്നും ആരോപണമുയരുന്നു.
മഹാരാഷ്ട്രാ, തമിഴ്നാട് , ദില്ലി, ഗുജറാത്ത് , ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ മരണസംഖ്യയില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനായി ആരംഭിച്ച ശ്രമിക് ട്രെയിനുകളില്‍ വന്നെത്തുന്നവര്‍ക്ക് കൃത്യമായ പരിശോധകള്‍ നടക്കുന്നില്ലെന്നും ഇവര്‍ എത്തി ചേരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കൊവിഡ് പരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങളോ ആശുപത്രികളോ പോലുമില്ലാത്തതും കാര്യങ്ങളെ ഏറെ സങ്കീര്‍ണ്ണമാക്കുന്നു.
കൊവിഡ് രോഗികള്‍ ഇരട്ടിച്ചതോടെ തമിഴ്നാട്ടില്‍ ആശുപത്രികള്‍ നിറഞ്ഞതായി വാര്‍ത്തകള്‍ വരുന്നു. പക്ഷേ അപ്പോഴും സര്‍ക്കാര്‍ കണക്കില്‍ തമിഴ്നാട്ടില്‍ 18,545 പേര്‍ക്ക് മാത്രമാണ് രോഗബാധ.
തമിഴ്നാട്ടില്‍ കിടക്കകള്‍ കിട്ടാതായതോടെ ആശുപത്രിയുടെ പുറത്ത് കൊവിഡ് രോഗികളുടെ നീണ്ട നിരയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കടുത്ത ലക്ഷ്ണം ഇല്ലാത്ത കൊവിഡ് രോഗികളെ നിര്‍ബന്ധിച്ച് വീടുകളിലേക്ക് തിരിച്ചയക്കുകയാണ്.
ഇങ്ങനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച തമിഴ്നാട്ടിലെ ദക്ഷിണ റെയില്‍വേയിലെ ഉദ്യോഗസ്ഥ മരിച്ചതായി വാര്‍ത്തകള്‍ വരുന്നു. ആശുപത്രിയിലെ കിടക്കകളുടെ എണ്ണവും രോഗികളുടെ എണ്ണവും തമ്മിലുള്ള ഈ വൈരുധ്യം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളുടെയും അവസ്ഥയാണ്.
എന്നാല്‍, ലോക്ക്ഡൗണില്‍ കൊവിഡ് വ്യാപനം കൂടിയെന്ന പ്രചാരണം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കണക്കുമായി രംഗത്തെത്തി.
ലോക്ക്ഡൗണില്ലായിരുന്നെങ്കില്‍ രാജ്യത്ത് 20 ലക്ഷം പേരെങ്കിലും ഇപ്പോള്‍ രോഗബാധിതരാകുമായിരുന്നുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വാദം. മരണസംഖ്യ 78,000 വരെയാകുമായിരുന്നുവെന്നും സർക്കാർ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
രോഗവ്യാപനം തീവ്രമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നുവെന്ന ആക്ഷേപം ശക്തമായ പശ്ചാത്തലത്തിലാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതിരുന്ന ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനെത്തിയത്.
ലോക്ക്ഡൗണിലൂടെ 78,000 ജീവന് രക്ഷിക്കാനായെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രധാന അവകാശവാദം.
ഇന്ത്യയിലെ മരണനിരക്ക് ഇപ്പോള്‍ 3.02 ശതമാനം മാത്രമാണെന്നും കേന്ദ്രം അവകാശപ്പെടുന്നു. പബ്ലിക്ക് ഹെൽത്ത് ഫൗണ്ടേഷൻ ഉൾപ്പടെ പല ഏജൻസികളുടെ കണക്കുകൾ നിരത്തിയ കേന്ദ്രം ലോക്ക്ഡൗൺ ഇല്ലായിരുന്നുവെങ്കില്‍ 37,000 മുതൽ 78,000 വരെ പേർ മരിക്കുമായിരുന്നു എന്നാണ് പറയുന്നത്.
20 ലക്ഷം പേരെങ്കിലും ഇതിനകം രോഗബാധിതർ ആകുമായിരുന്നുവെന്ന് അവകാശപ്പെട്ട കേന്ദ്രം ഇത് 29 ലക്ഷം വരെ ആകാമെന്ന് ചൂണ്ടിക്കാട്ടിയ പഠനങ്ങളുമുണ്ടെന്നും വ്യക്തമാക്കി. ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 41 ശതമാനമാണെന്നും കേന്ദ്രം അവകാശപ്പെടുന്നു.
വൈറസിന്റെ വ്യാപന നിരക്ക് 22 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി. കേസുകള്‍ ഇരട്ടിക്കുന്നത് 3.5 ദിവസത്തില്‍ നിന്ന് 13.5 ദിവസമായി കൂടി. ലോക്ക്ഡൗൺ കാരണം നിരക്ക് കുറഞ്ഞു എന്നാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം.
അതേസമയം, ഇപ്പോഴത്തെ നിരക്ക് തുടർന്നാൽ രോഗബാധ എപ്പോൾ നിയന്ത്രിക്കാനാകുമെന്നോ പുതിയ കേസുകളുടെ എണ്ണം എന്നു മുതൽ കുറയുമെന്നോ സർക്കാർ പറയുന്നില്ലെന്നത് കേന്ദ്ര സര്‍ക്കാര്‍ കണക്കുകളിലെ പിശകിനെയാണ് ചൂണ്ടിക്കാട്ടുന്നത്.
സര്‍ക്കാര്‍ പറയുന്ന മറ്റൊരു കണക്ക് രാജ്യത്ത് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നുവെന്നതാണ്. എന്നാല്‍ കണക്കുകളില്‍ ഏറെ വൈരുധ്യമുള്ളതാണ് സര്‍ക്കാറിന്റെ ഈ വാദം.
ഏറ്റവും കൂടുതല്‍ രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയില്‍ 10 ലക്ഷം പേരില്‍ വെറും 2409 പേര്‍ക്ക് മാത്രമാണ് ടെസ്റ്റ് നടത്തിയിട്ടൊള്ളൂവെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
12,21,53,000 ജനസംഖ്യയുള്ള മഹാരാഷ്ട്രയില്‍ മരണ നിരക്ക് 3,57 ശതമാനമാണെന്ന് കൂടി കണക്കിലെടുക്കണം.
മരണനിരക്ക് 5.9 നിലനില്‍ക്കുന്ന സംസ്ഥാമായ ഗുജറാത്തിലെ സ്ഥിതിയും മറ്റൊന്നല്ല. 6,79,36,000 ജനസംഖ്യയുള്ള ഗുജറാത്തില്‍ പത്ത് ലക്ഷം പേരില്‍ 2277 പേര്‍ക്കാണ് ടെസ്റ്റിങ്ങ് നിരക്ക്. അതായത് ഇതുവരെ സാംപിള്‍ ടെസ്റ്റ് നടത്തിയത് 1,54,574 പേര്‍ക്ക് മാത്രം.
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് സന്ദേശം നല്കാന് ഔത്സുക്യം കാണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊവിഡ് കണക്കുകളില്‍ ഇന്ത്യ ബഹുദൂരം മുന്നേറുമ്പോള്‍ കാണാതെ പോകുന്നത് കേന്ദ്രസര്‍ക്കാര്‍ സ്വന്തം തെറ്റ് തിരിച്ചറിയുന്നവെന്നതിന്റെ സാക്ഷ്യമാണ്.