കുട്ടിക്കാലം മുതല്‍ ലോക നേതാവ് വരെ; നരേന്ദ്ര മോദിയുടെ അപൂർവ ചിത്രങ്ങള്‍
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 17ന് തന്‍റെ 73-ാം ജന്‍മദിനം ആഘോഷിക്കുകയാണ്. തുടർച്ചയായി രണ്ടാംവട്ടം രാജ്യത്തെ നയിക്കുന്ന മോദിയെ പുതിയ ഇന്ത്യയുടെ ശില്‍പി എന്ന നിലയ്ക്കാണ് ബിജെപി അവതരിപ്പിക്കുന്നത്. അതേസമയം പല വിമർശനങ്ങളും നരേന്ദ്ര മോദി നേരിടുന്നുമുണ്ട്. ജി20 ഉച്ചകോടിയിലൂടെ സമീപകാലത്ത് ആഗോള രാഷ്ട്രീയത്തില്‍ വലിയ കരുത്ത് കാട്ടിയ മോദിയുടെ രാഷ്ട്രീയ വളർച്ച ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. നരേന്ദ്ര മോദിയുടെ അധികമാരും കാണാത്ത ചിത്രങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു.
എഴുപത്തിമൂന്നാം ജന്‍മദിനം ആഘോഷിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ ആപ്ലിക്കേഷനില്‍ ലഭ്യമായ മോദിയുടെ ഏറെപ്പഴയ ചിത്രമാണ് മുകളില്‍. മറ്റ് അപൂർവ ചിത്രങ്ങളും കാണാം.
ആർഎസ്എസ് അംഗമായി തുടങ്ങി ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷമാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് മോദി ഇറങ്ങിയത്. അങ്ങനെ തുടർച്ചയായി രണ്ടുവട്ടം പ്രധാനമന്ത്രിയായി.
2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി അധികാരമേറ്റെടുത്ത നരേന്ദ്ര മോദി 2014 മേയ് 21 വരെ തുടർച്ചയായി ആ സ്ഥാനത്തിരുന്നു.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണ് ഭാരതീയ ജനതാ പാർട്ടി ഇലക്ഷനെ നേരിട്ടത്.
ഇങ്ങനെ പ്രധാനമന്ത്രിപദത്തിലെത്തിയ മോദി 2019ല്‍ ബിജെപിയെ വീണ്ടും വിജയത്തിലേക്ക് നയിച്ച് രണ്ടാംവട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
വീണ്ടും രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാനിരിക്കേ ബിജെപി അവരുടെ പ്രധാനനേതാവായി നരേന്ദ്ര മോദിയെ തന്നെ ഉയർത്തിക്കാട്ടുകയാണ്.
അടുത്തിടെ ജി20 ഉച്ചകോടിയില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ സമവായത്തിന്‍റെ പാത തുറന്ന് മോദി ആഗോള രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനായി മാറിയെന്നാണ് പലരുടെയും നിരീക്ഷണം.