ഈരാറ്റുപേട്ടയിലെ കൂക്കി വിളിയും ഇരട്ടവോട്ടും; കാണാം ട്രോളുകള്‍
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം. സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ചവരും അവസാനം പ്രഖ്യാപിച്ചവരും കളത്തിലിറങ്ങി കളി തുടങ്ങി. രണ്ട് മുന്നണികള്‍ മാറി മാറി ഭരിച്ചിരുന്ന സ്ഥലത്തേക്ക് മൂന്നാമതൊരു മുന്നണികൂടി ശക്തി പ്രകടനത്തിന് ഇറങ്ങുകയാണ്. മൂന്ന് മുന്നണികളും എല്ലാ അടവുകളും പുറത്തെടുത്താണ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. അതിനിടെ ഉറപ്പായും തുടര്‍ഭരണമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന എല്‍ഡിഎഫിനെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ സര്‍ക്കാര്‍ നടത്തിയ പിഎസ്സി നിയമനങ്ങളുടെ എണ്ണവും മറ്റുമെടുത്തുള്ള ട്രോളുകളും ഉണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈരാറ്റുപേട്ടയിലെ വോട്ടര്‍മാരുടെ കൂക്കുവിളി കേള്‍ക്കേണ്ടിവന്ന പി സി ജോര്‍ജ്ജിന് ഇനി ഈരാറ്റുപേട്ടയിലേക്ക് പ്രചാരണത്തിനില്ലെന്ന് പോലും പറയേണ്ടിവന്നു. അതിനിടെയാണ് ബിജെപിയുടെ ആദ്യ എംഎല്‍എയായ ഒ.രാജഗോപാലിന്‍റെ ചില വെളുപ്പെടുത്തലുകള്‍ വന്നത്. വിദ്യാഭ്യാസവും ബിജെപി വോട്ടും തമ്മില്‍ ഒരു താരതമ്യ പഠനമായിരുന്നു ഒ.രാജഗോപാല്‍ നടത്തിയത്. അമിത് ഷായെത്തുമ്പോള്‍ സ്വന്തമായി ഒരു ബിജെപി സ്ഥാനാര്‍ത്ഥി പോലുമില്ലാത്ത മണ്ഡലങ്ങളുമായി കേരളം തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. സര്‍ക്കാര്‍ കിറ്റിനെ വിമര്‍ശിച്ചും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കെ കെ രമയ്ക്കും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കും ഐക്യദാര്‍ഢ്യവുമായും ട്രോളുകള്‍ ഇറങ്ങി. ഇരട്ടവോട്ടുകളിലും ട്രോളന്മാരുടെ കണ്ണ് പതിയാതിരുന്നില്ല. ഇതിനൊക്കെ പുറമേ നന്മമരത്തിന്‍റെ നന്മയോടൊപ്പം കെ സുരേന്ദ്രന്‍റെ പാസാകാത്ത ഡിഗ്രി സര്‍ട്ടിഫിക്കറ്റും എടുത്ത് ഒരു കൂട്ടം ട്രോലന്മാര്‍. കാണാം, കേരള നിയമസഭാ തെരഞ്ഞെടുപ്പും ട്രോളുകളും