പോളിങ്ങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ പോളിങ്ങ് സ്റ്റേഷനില്‍; വോട്ടെടുപ്പ് നാളെ
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പോളിങ്ങ് സ്റ്റേഷനിലേക്കുള്ള സാമഗ്രികളുമായി ഉദ്യോഗസ്ഥരെത്തി. രാവിലെ ഒമ്പത് മണിയോടെ പോളിങ്ങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിരുന്നു. ചിലയിടങ്ങളില്‍ ഏറെ വൈകിയാണ് പോളിങ്ങ് സാമഗ്രികളുടെ വിതരണം കഴിഞ്ഞത്. കൊവിഡ് മാനദണ്ഡം ഏറെ കുറെ പാലിച്ചാണ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തത്. കഴിഞ്ഞ തവണ ഏതാണ്ട് ഇരുപത്തിയയ്യായിരത്തോളം പോളിങ്ങ് ബൂത്തുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ നാല്‍പതിനായിരത്തോളം പോളിങ്ങ് സ്റ്റേഷനുകളാണ് കേരളത്തിലെ പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. നൂറ്റി നാല്‍പത് മണ്ഡലങ്ങള്‍ക്കായി നൂറ്റിനാല്‍പത് പോളിങ്ങ് വിതരണ സ്റ്റേഷനുകളാണ് സജ്ജമാക്കിയിരുന്നത്. ഹരിത ചട്ടവും കോവിഡ് പ്രോട്ടോക്കോളും കർശനമായി പാലിച്ചാകും തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയക്കുക. ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാഗേഷ് തിരുമല, ഷെഫീഖ് മുഹമ്മദ്.
ഒരു പോളിങ്ങ് ബൂത്തില്‍ ആയിരം പേര്‍ക്ക് മാത്രമാകും വോട്ട് ചെയ്യാനാകുക. പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്ക് ബൂത്തിലെ ഇരട്ടവോട്ടര്‍മാരുടെ പട്ടികയും നല്‍കും.
ഇത് നോക്കി ഇരട്ടവോട്ട് കര്‍ശനമായി തടയുമെന്ന് തെരഞ്ഞെടുപ്പ് കമ്മീന്‍ പറയുന്നു. നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം.
നാല് ഉദ്യോഗസ്ഥരാണ് ഒരു പോളിങ്ങ് ബൂത്തിലുണ്ടാവുക. ഒരു പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് പുറമേ നാല് പോളിങ്ങ് ഓഫീസര്‍മാര്‍, ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍, ഒരു അറ്റന്‍റര്‍ എന്നതരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇവര്‍ക്കെല്ലാവര്‍ക്കും ആവശ്യമായ മാസ്ക്കും സാനിറ്റൈസറും ബൂത്തുകള്‍ അണുനശീകരിക്കാനുള്ള അണുനാശിനി എന്നിവ ഉള്‍പ്പെടെ അമ്പത് സ്റ്റേഷനറി ഉല്‍പന്നങ്ങളടങ്ങിയ കിറ്റും പോളിങ്ങ് സാമഗ്രിക്കൊപ്പം ഉദ്യോഗസ്ഥര്‍ക്കായി നല്‍കിയത്.
വിവിപാറ്റും മറ്റ് ഇലക്ട്രോണിക്ക് ഉത്പന്നങ്ങളും ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. 38,000 ഇരട്ടവോട്ടുകളുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഇത് സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ 'എഎസ്ഡി ആപ്പ്' ഉദ്യോഗസ്ഥര്‍ ഡൌണ്‍ലോഡ് ചെയ്യണം. വോട്ട് ചെയ്യുന്നയാള്‍ ഇരട്ടവോട്ടുള്ള ആളാണോയെന്ന് ഈ ആപ്പിലൂടെ അറിയാന്‍ കഴിയും.
അങ്ങനെ കണ്ടെത്തുന്ന ആളുടെ ഫോട്ടോയും വിരലടയാളവും ആപ്പ് വഴി ശേഖരിക്കാം. ഇതുവഴി കേരളത്തിലെവിടെ നിന്നും അതേ പേരില്‍ ഒരാള്‍ വോട്ട് ചെയ്യുന്നത് തടയാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്നു.
നാളെ രാവിലെ ആറുമണിയോടെ ആപ്പ് പ്രവര്‍ത്തന സജ്ജമാകും. പോളിങ് സാമഗ്രി വിതരണകേന്ദ്രങ്ങൾ, പോളിങ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണവിതരണം കുടുംബശ്രീയുടെ കഫേ യൂണിറ്റുകൾ വഴിയാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഓരോ ജില്ലയിലും മുൻകൂട്ടി നിശ്ചയിച്ച മെനുവും ഉദ്യോഗസ്ഥരില്‍ നിന്ന് ഭക്ഷണത്തിന് ഈടാക്കേണ്ട തുകയും ജില്ലാ മിഷനുകൾ യൂണിറ്റുകൾക്ക് നേരത്തെ കൈമാറിയിരുന്നു.
ചായയും ലഘുഭക്ഷണവുമടങ്ങിയ പ്രഭാത ഭക്ഷണം 11 മണിക്ക്. ഉച്ചയ്ക്ക് ഊണോ , വെജിറ്റബിൾ ബിരിയാണിയോ, വൈകീട്ട് നാലു മണിക്ക് ചായയും ലഘുഭക്ഷണവും. രാത്രി ചോറ് അല്ലെങ്കിൽ ചപ്പാത്തിയും കറിയും എന്നിങ്ങനെയാണ് ഭക്ഷണത്തിന്‍റെ മെനു നിശ്ചയിച്ചിരിക്കുന്നത്.
സ്‌പെഷ്യൽ വിഭവങ്ങൾക്ക് കൂടുതല്‍ തുക നൽകേണ്ടി വരും. റിട്ടേണിങ് ഓഫീസർമാരുടെ ആവശ്യപ്രകാരമാകും ഓരോ ജില്ലയിലും ഭക്ഷണവിതരണത്തിനുള്ള യൂണിറ്റുകളെ നിശ്ചയിക്കുക.
കഫേ യൂണിറ്റുകളെ കൂടാതെ എണ്ണൂറ്റി അമ്പതിലേറെ ജനകീയ ഹോട്ടലുകളും പോളിങ്ങ് ദിവസം ഭക്ഷണ വിതരണത്തിനായി രംഗത്തുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും ഹരിത ചട്ടവും കോവിഡ് പ്രോട്ടോക്കോളും കർശനമായി പാലിച്ചുകൊണ്ടായിരുന്നു ഭക്ഷണ വിതരണം.
വോട്ടിംഗ് നാളെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് നടക്കുക. നക്‌സല്‍ ബാധിത പ്രദേശങ്ങളാണെങ്കില്‍ വൈകീട്ട് ആറോടെ തന്നെ വോട്ടെടുപ്പ് അവസാനിക്കും.