ഏഴ് മാസം, 3600 കിലോമീറ്റര്‍, ഇന്ത്യയെ അറിയാന്‍ വിദേശി നടത്തിയ കാല്‍നടയാത്ര; കാണാം ചിത്രങ്ങള്‍
വിദേശികളെ എല്ലാക്കാലവും മോഹിപ്പിച്ചിട്ടുള്ള സ്വപ്‍നഭൂമിയാണ് ഇന്ത്യ. കാടും, പുഴകളും, മഞ്ഞുമൂടിയ പർവതങ്ങളും എല്ലാം ആരെയും വിസ്‍മയിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയെ സഞ്ചാരിയുടെ പറുദീസ എന്ന് വിളിക്കുന്നതും. എസ്റ്റോണിയയിൽ നിന്നുള്ള 27 -കാരനായ മാർക്കിനും ഇന്ത്യയോട് അഗാധമായ പ്രണയം തോന്നി. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ മാര്‍ക്കിന്‍ ഇന്ത്യയിലെത്തി. എന്നാൽ, ഇന്ത്യയിലെത്തിയ അദ്ദേഹം യാത്രക്കിടയിൽ ഒരിക്കൽ പോലും കാറോ, ബസ്സോ, എന്തിന് ഒരു സൈക്കിൾ പോലും ഉപയോഗിച്ചില്ല. പിന്നെ എങ്ങനെയാണ് സഞ്ചരിച്ചത് എന്നല്ലേ? എല്ലായ്പോഴും നടന്നുകൊണ്ടാണ് മാര്‍ക്കിന്‍ ഇന്ത്യയുടെ മണ്ണിൽ യാത്ര ചെയ്‍തത്. മൊത്തം ഏഴ് മാസമെടുത്താണ് അദ്ദേഹം 3,600 കിലോമീറ്ററിലധികം സഞ്ചരിച്ചത്. ഈ വിദേശിയുടെ അവിശ്വസനീയമായ യാത്ര ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വാർത്തയാണ്.
മാർക്കിന്റെ ജീവിതം തന്നെ ഒരു നീണ്ട യാത്രയാണ്. സ്ഥലങ്ങളിൽ നിന്ന് സ്ഥലങ്ങളിലേയ്ക്ക്, രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേയ്ക്ക് അദ്ദേഹം സഞ്ചരിച്ചുകൊണ്ടേ ഇരിക്കുന്നു. എല്ലായ്‌പ്പോഴും യാത്രയോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നെങ്കിലും, 2014 മെയ് മാസത്തിലാണ് അദ്ദേഹത്തിന്റെ ഏറ്റവും സാഹസികമായ യാത്ര അദ്ദേഹം ആരംഭിക്കുന്നത്.
നടന്നുകൊണ്ട് ലോകം കാണാൻ അദ്ദേഹം തീരുമാനിച്ചത് അപ്പോഴായിരുന്നു. ഒരുപക്ഷേ അധികമാരും പരീക്ഷിക്കാത്ത ഒരു രീതിയാണ് ഇത്. അതിനുള്ള പ്രചോദനം മാർക്കിന് ലഭിച്ചത് കനേഡിയൻ ടെഡ് ടോക്ക് സ്പീക്കറും എഴുത്തുകാരനുമായ ജീൻ ബെലിവോയിൽ നിന്നാണ്. അദ്ദേഹം 11 വർഷം കാൽനടയായി ലോകം ചുറ്റി സഞ്ചരിച്ച ആളായിരുന്നു.
അഞ്ചു വർഷം മുൻപാണ് മാർക്ക് ഇന്ത്യയിലെത്തിയതെങ്കിലും, റെഡ്ഡിറ്റിൽ ഇന്ത്യ സന്ദർശിച്ചതിനെക്കുറിച്ച് അടുത്തിടെ അദ്ദേഹം എഴുതിയപ്പോഴാണ് ലോകം അതിനെ കുറിച്ചറിയുന്നത്.
'ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്' എന്ന് മുൻപ് ഗാന്ധിജി പറഞ്ഞത് പോലെ, മാർക്കും ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് ഇന്ത്യയുടെ സത്ത കണ്ടെത്താൻ ശ്രമിച്ചു, അതും നടന്നു കൊണ്ട്. രാജ്യത്തുടനീളമുള്ള മനോഹരമായ ഇടങ്ങൾ, തനതായ പാരമ്പര്യം, പ്രാദേശിക ഭക്ഷണം എല്ലാം അദ്ദേഹം അറിയാൻ ശ്രമിച്ചു.
രാജ്യത്തിന്റെ തനതായ സംസ്‍കാരം മനസ്സിലാക്കാനായി ഒരുപാട് കുടുംബങ്ങളോടൊപ്പം അദ്ദേഹം താമസിക്കുകയുണ്ടായി. മുപ്പത്തിയഞ്ചോളം വീടുകളിൽ അദ്ദേഹം അന്തിയുറങ്ങി. നിരവധി ആളുകളുമായി ചങ്ങാത്തത്തിലായി. ആ യാത്രയെ കുറിച്ച് അവിസ്‍മരണീയമായ ഓർമ്മകളാണ് അദ്ദേഹത്തിനുള്ളത്.
നിരവധി സ്‍കൂളുകളും സർവകലാശാലകളും സന്ദർശിച്ച മാർക്ക് ഇന്ത്യയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുമായി സംസാരിച്ചു.
വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം മാത്രമല്ല, തെരുവിൽ വിൽക്കുന്ന ദോശയടക്കം ഭക്ഷണവും അദ്ദേഹം കഴിച്ചു. ഇന്ത്യൻ ഉത്സവങ്ങളായ ദീപാവലിയും, നവരാത്രിയും ആഘോഷിക്കാനും അദ്ദേഹത്തിനായി.
യാത്രയിൽ കൂടുതലും പുറത്ത് ടെന്‍റ് കെട്ടിയാണ് കിടന്നിരുന്നതെന്നും, ഒരിക്കൽ ഒരു നായ തന്നെ ആക്രമിച്ചിട്ടുണ്ടെന്നും മാർക്ക് പറയുന്നു. ആഴ്‍ചകളോളം മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടിലും, മലയോരത്തെ തണുത്ത മഴയിലും അദ്ദേഹം നടന്നിട്ടുണ്ട്. ഇന്ത്യ തന്നെ വളരെ ആകർഷിച്ചുവെന്നും, ഇന്ത്യയിലേയ്ക്ക് മടങ്ങാൻ ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാർക്ക് ഇതുവരെ 22 രാജ്യങ്ങളിലേയ്ക്ക് കാൽനടയായി യാത്രപോയിട്ടുണ്ട്.
ചിത്രങ്ങള്‍: Meigo Märk /Reddit