പ്ലാനിംഗ് ഫേസ്ബുക്കിലൂടെ, അക്രമം തെരുവുകളില്‍; അമേരിക്കയില്‍ അഴിഞ്ഞാടുന്ന സായുധസംഘങ്ങള്‍
തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയില്‍ വലതുപക്ഷ സായുധ സംഘങ്ങളും വെള്ളക്കാരുടെ അധികാരത്തിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളും ശക്തമാവുകയാണോ? വലതുപക്ഷ സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്ന പ്രസിഡന്റ് ട്രംപിന്റെ നിലപാട് ഇത്തരം സംഘങ്ങള്‍ക്ക് സഹായകമാണോ?
തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയില്‍ വലതുപക്ഷ സായുധ സംഘങ്ങളും വെള്ളക്കാരുടെ അധികാരത്തിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളും ശക്തമാവുകയാണോ?
വലതുപക്ഷ സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്ന പ്രസിഡന്റ് ട്രംപിന്റെ നിലപാട് ഇത്തരം സംഘങ്ങള്‍ക്ക് സഹായകമാണോ?
അമേരിക്കന്‍ പ്രസിഡന്റ് ഡൊണല്‍ഡ് ട്രംപിന്റെ വിമര്‍ശകയായ മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോയി രാജ്യദ്രോഹകുറ്റത്തിന് വിചാരണ ചെയ്യാന്‍ വലതുപക്ഷ സായുധ സംഘം നടത്തിയ ശ്രമം പൊലീസ് തകര്‍ത്ത പശ്ചാത്തലത്തിലാണ് ഈ ചര്‍ച്ച സജീവമായത്.
ഡെമോക്രാറ്റ് നേതാവു കൂടിയായ മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മെറെ തട്ടിക്കൊണ്ടുപോയി വിചാരണ ചെയ്യാനുള്ള പദ്ധതി പൊളിച്ചതായി എഫ് ബി ഐ ആണ് അറിയിച്ചത്.
ടംപിനെ അനുകൂലിക്കുന്ന വലതുപക്ഷ സായുധ സംഘത്തില്‍ പെട്ട 13 പേരെയാണ് സംഭവത്തില്‍ എഫ് ബി ഐ അറസ്റ്റ് ചെയ്തത്.
വോള്‍വറിന്‍ വാച്ച്മെന്‍ എന്ന തീവ്രവാദ സംഘടനയിലെ ഏഴ് അംഗങ്ങളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
ഫെഡറല്‍ സര്‍ക്കാറിനും സംസ്ഥാന ഭരണകൂടത്തിനും എതിരായി പ്രവര്‍ത്തിക്കുന്നവരാണ് ഈ സംഘം. ഭരണകൂടത്തെ താഴെയിറക്കാന്‍ സായുധ പോരാട്ടം അനിവാര്യമാണെന്ന് വിശ്വസിക്കുന്നവര്‍.
രാജ്യത്ത് ആഭ്യന്തര യുദ്ധം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തട്ടിക്കൊണ്ടുപോവല്‍ ശ്രമമെന്നാണ് സര്‍ക്കാര്‍ അറ്റോര്‍ണി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.
വലതുപക്ഷ സായുധ സംഘങ്ങളെ പിന്തയ്ക്കുന്ന ട്രംപിന്റെ നിലപാടാണ് ഇവര്‍ക്ക് ശക്തിയായതെന്നാണ് മിഷിഗണ്‍ ഗവര്‍ണര്‍ വിറ്റ്മര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞത്.
കൊവിഡ് രോഗം കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് ഭരണത്തിന് വീഴ്ചയുണ്ടെന്ന് പരസ്യമായി വിമര്‍ശിച്ച നേതാവാണ് ഗവര്‍ണര്‍ വിറ്റ്മര്‍. ലോക്ക്ഡൗണ്‍ അടക്കം കൊവിഡിനെ നേരിടാന്‍ മിഷിഗണ്‍ ഭരണകൂടം മുന്നോട്ടുവെച്ച പദ്ധതികള്‍ക്കെതിരെ വലതുപക്ഷ സായുധ സംഘങ്ങള്‍ പരസ്യമായി രംഗത്തുവന്നിരുന്നു.
ഒഹയോയിലെ ഡബ്ലിനില്‍ നടന്ന യോഗത്തിലാണ് ഗവര്‍ണര്‍ക്കെതിരെയുള്ള ഗൂഢപദ്ധതി ആസൂത്രണം ചെയ്തതെന്ന് എഫ് ബി ഐയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഒരു കെട്ടിടത്തിന്റെ രഹസ്യ നിലവറയില്‍ നടന്ന യോഗത്തില്‍ കടന്നുകയറിയ എഫ്ബിഐ അണ്ടര്‍ കവര്‍ ഏജന്റാണ് രഹസ്യ നീക്കം പുറത്തുകൊണ്ടുവന്നത്.
ഔദ്യോഗിക വസതിയില്‍നിന്ന് ഗവര്‍ണറെ തട്ടിക്കൊണ്ടുപോയ ശേഷം രാജ്യദ്രോഹ കുറ്റത്തിന് വിചാരണ ചെയ്യാനാണ് പരിപാടിയിട്ടത്. യോഗദൃശ്യങ്ങള്‍ അടക്കം എഫ് ബി ഐ ഏജന്റ് പകര്‍ത്തി.
സംഘടനയിലെ ഇരുന്നൂറോളം അംഗങ്ങളെ സംഘടിപ്പിച്ച് സ്റ്റേറ്റ് ക്യാപ്പിറ്റോള്‍ കെട്ടിടം ആക്രമിച്ച് ആളുകളെ ബന്ദിയാക്കാനായിരുന്നു ഈ സായുധ സംഘത്തിന്റെ ആദ്യപദ്ധതി. പിന്നീടാണ് മിഷിഗണ്‍ ഗവര്‍ണറെ അവധിക്കാല വസതിയില്‍നിന്നു തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ചത്.
സോഷ്യല്‍ മീഡിയയിലെ രഹസ്യ ഗ്രൂപ്പുകളിലൂടെ സംഘടിക്കപ്പെടുന്ന സായുധ സംഘങ്ങളുടെ വ്യാപനത്തെക്കുറിച്ചുള്ള സൂചനകളാണ് ഈ സംഭവം നല്‍കുന്നത്.
ഭരണകൂടത്തെ അട്ടിമറിക്കുന്നതിന് സായുധമായി സംഘടിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളാണ് രംഗത്തുള്ളത്.
ഫേസ്ബുക്കിലൂടെ വളര്‍ന്ന ബൂഗാലോ ഗ്രൂപ്പുകള്‍ ഇതില്‍ പ്രധാനമാണ്. ആഭ്യന്തര യുദ്ധം എന്നാണ് ബൂഗാലോ എന്ന വാക്കിനര്‍ത്ഥം. സായുധ കലാപങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇത്തരം ഗ്രൂപ്പുകളില്‍ വലതുപക്ഷ സ്വഭാവമുള്ള നിരവധി പേരാണ് കണ്ണിചേരുന്നത്.
പൊലീസ് ഇടപെടലിനെ തുടര്‍ന്ന് ഇത്തരം നിരവധി ഗ്രൂപ്പുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. എങ്കിലും പുതിയ പേരുകളിലും സ്വഭാവത്തിലും പുതിയ ഗ്രൂപ്പുകള്‍ രംഗത്തുവരുന്നതായി പറയുന്നു.
ട്രംപിനെ അനുകൂലിക്കുന്ന വലതുപക്ഷ നിലപാടുകാരാണ് ഇത്തരം ഗ്രൂപ്പുകളില്‍ ഏറെയും. വെള്ളക്കാരുടെ ആധിപത്യത്തെ അനുകൂലിക്കുന്നവരും വംശീയ ന്യൂനപക്ഷങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരെ നിലപാട് എടുക്കുന്നവരുമായ ചെറുപ്പക്കാരണ് ഇവയില്‍ ഏറെയും.
കറുത്ത വര്‍ഗക്കാരുടെ ജീവന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് നടന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന സോഷ്യല്‍ മീഡിയാ കാമ്പെയിനും ട്രംപിനെതിരെ വിവിധ തലങ്ങളില്‍ നടക്കുന്ന ചെറുത്തുനില്‍പ്പുകളുമാണ് ഇവരെ പ്രകോപിക്കുന്നത്.
ഇത്തരം സായുധ സംഘങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാട് പ്രസിഡന്റ് ട്രംപ് പല തവണ കൈക്കൊണ്ടിട്ടുണ്ട്. ഇത്തരം സംഘങ്ങളെ ഉപയോഗിച്ച് സ്വന്തം നിലപാട് നടപ്പാക്കാന്‍ ട്രംപ് ശ്രമിക്കുന്നതായും ആരോപണമുണ്ട്.
തോക്ക് സംസ്കാരം നിലവിലുള്ള അമേരിക്കയില്‍ കൊവിഡ് കാലത്ത് ആയുധ വില്‍പ്പന വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തോക്കുകളുടെ വില്‍പ്പന വര്‍ദ്ധിച്ചതിനു പിന്നില്‍ ഇത്തരം സംഘങ്ങള്‍ക്ക് പങ്കുള്ളതായി ബിബിസിയുടെ അവലോകനത്തില്‍ പറയുന്നു.
ഇത്തരം സായുധ സംഘടനകള്‍ തിരഞ്ഞെടുപ്പ് വേളയില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുള്ളതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇത്തരം സായുധ സംഘടനകള്‍ തിരഞ്ഞെടുപ്പ് വേളയില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുള്ളതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
വോള്വെറിന് വാച്ച്മെന്‍ എന്ന സംഘടന കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ സമൂഹമാധ്യമത്തിലൂടെ അംഗങ്ങളെ തിരഞ്ഞെടുത്തു തോക്ക് ഉപയോഗിക്കാന്‍ ഉള്‍പ്പെടെ പരിശീലനം നല്കാന് ആരംഭിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇതിനു പിന്നാലെയാണ് മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോവാനുള്ള പദ്ധതി എഫ് ബി ഐ തകര്‍ത്തത്. ഇൗ സംഭവമാണ് സായുധ സംഘങ്ങളെ വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്.