ഹാരപ്പയില്‍ നിന്ന് 4,000 വര്‍ഷം പഴക്കമുള്ള 'ലഡു' കണ്ടെത്തി !
വിമാനം മുതല്‍ നിരവധി കാര്യങ്ങള്‍ കണ്ട് പിടിച്ചത് ഇന്ത്യക്കാരാണെന്ന് രാജ്യത്തെ തീവ്രവലത് പക്ഷക്കാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഇന്നുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴയ നാഗരീക സംസ്കാരങ്ങളിലൊന്നായ ഹരപ്പയില്‍ 4,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉയര്‍ന്ന പോഷകസമൃദ്ധമായ ലഡു (ladoo) നിര്‍മ്മിക്കപ്പെട്ടിരുന്നുവെന്നതിന് കണ്ട് പിടിച്ചിരുന്നുവെന്ന് തെളിവുകള്‍ നിരത്തുകയാണ് പുരാവസ്ഥു ഗവേഷകര്‍. രാജസ്ഥാനിലെ ഖനനത്തിനിടെ കണ്ടെത്തിയ വസ്തുക്കളുടെ പഠനത്തില്‍ നിന്നാണ് ഹാരപ്പന്‍ സംസ്കാരത്തില്‍ പോഷക സമൃദ്ധമായ ലഡു നിര്‍മ്മാണവും ഉപയോഗവും നിലനിന്നിരുന്നതായി തെളിവുകള്‍ ലഭിച്ചത്.
ലഖ്‌നൗവിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എ.എസ്.ഐ) ബിർബൽ സാഹ്‌നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയൻസസും (ബി.എസ്.ഐ.പി) സംയുക്തമായി നടത്തിയ ശാസ്ത്ര പഠനത്തിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്. ‘ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസ്: റിപ്പോർട്ടുകളില്‍ പുതിയ പഠനം പ്രസിദ്ധീകരിച്ചു.
രാജസ്ഥാനിലെ പടിഞ്ഞാറൻ ഭാഗത്ത് ( ഇന്നത്തെ പാകിസ്ഥാൻ അതിർത്തിക്ക് സമീപം) 4 എംഎസ്ആർ (മുമ്പ് 'ബിൻജോർ' എന്നറിയപ്പെട്ടിരുന്നു) എന്ന സ്ഥലത്ത് 2017 ൽ ഹാരപ്പൻ പുരാവസ്തു സ്ഥലത്ത് നടത്തിയ ഖനനത്തിനിടെ ലഭിച്ച ഏഴ് ലഡ്ഡൂകളില്‍ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ അനുപ്ഗ്രഹ് ജില്ലയിലെ ഹാരപ്പൻ സൈറ്റായ 4 എംഎസ്ആറിൽ, എ.എസ്.ഐ ഖനനം നടത്തിയതായി ബി.എസ്.ഐ.പി മുതിർന്ന ശാസ്ത്രജ്ഞൻ രാജേഷ് അഗ്നിഹോത്രി പറഞ്ഞു.
ക്രിസ്തുവിന് മുമ്പ് 2,600 കാലഘട്ടത്തില്‍ നിര്‍മ്മിച്ച പന്ത് രൂപത്തിലുള്ള ഭക്ഷ്യ വസ്തു നന്നായി സംരക്ഷിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഡ്ഡു ലഭിച്ച് കെട്ടിടത്തിന്‍റെ മേല്‍കൂര തകര്‍ന്ന് വീണപ്പോള്‍ അതിനിടെയിലുണ്ടായ ശൂന്യസ്ഥലത്തായിരുന്നു ലഡ്ഡു കേട് കൂടാതെ സംരക്ഷിക്കപ്പെട്ടിരുന്നത്.
ഈ ‘ലഡ്ഡൂ’കളെക്കുറിച്ചുള്ള ഏറ്റവും കൌതുകകരമായ കാര്യം, ഇതിനെ വെള്ളവുമായി സമ്പർക്കത്തില്‍ വച്ചപ്പോള്‍ അത് സ്ലറി രൂപത്തിലുള്ള പർപ്പിൾ ആയി മാറിയെന്ന് രാജേഷ് അഗ്നിഹോത്രി പറഞ്ഞു. ശാസ്ത്രീയ വിശകലനത്തിനായി അവർ ഭക്ഷ്യ പന്തുകളുടെ സാമ്പിളുകൾ ബിഎസ്‌ഐപിക്ക് കൈമാറി.
തുടക്കത്തിൽ, ഫുഡ് ബോളുകൾക്ക് നിഗൂഢമായ ആഭിചാര പ്രവർത്തനങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്നായിരുന്നു കരുതിയിരുന്നത്. കാരണം ലഡു കണ്ടെത്തിയതിന് സമൂപത്ത് നിന്നായി കാളകളുടെ പ്രതിമകൾ, വളഞ്ഞ വായ്ത്തലയുളള ചെമ്പ് ഉളി എന്നിവ കണ്ടെത്തിയിരുന്നു.
ലഡു മനുഷ്യനിര്‍മ്മിതമായിരുന്നു. എന്നാല്‍ അവയുടെ വലിപ്പവും ആകൃതിയും കാരണം മറ്റെന്തോ വസ്തുവാണെന്ന തെറ്റിദ്ധാരണയായിരുന്നു ആദ്യമുണ്ടായിരുന്നത്.
തുടര്‍ന്ന് കൂടുതല്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അവ ഭക്ഷ്യയോഗ്യമായിരുന്ന സസ്യഭക്ഷണമായെന്ന് തിരിച്ചറിഞ്ഞത്.
ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയൻസ് സീനിയർ സയൻറ്റിസ്റ്റായ അൻജും ഫറൂഖ് നടത്തിയ പ്രാഥമിക മൈക്രോസ്കോപ്പിക് വിശകലനത്തിന് ശേഷം, ഗോതമ്പ്, ബാർലി, വെള്ളക്കടല , മറ്റ് ചില എണ്ണക്കുരുക്കൾ എന്നീ ചേരുവകള്‍ ഉപയോഗിച്ചാണ് ലഡു നിർമ്മിച്ചതെന്ന് കണ്ടെത്തി. ഇത്രയും വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതിനാല്‍ ലഡു ഏറെ പോഷകസമ്പുഷ്ടമാണെന്നും പഠനത്തില്‍ പറയുന്നു.