ആരും മരിക്കാൻ പാടില്ല, പൂച്ചകളെ വളർത്തരുത്, ഈ ഗ്രാമവാസികൾ വിചിത്രമായ ചില കാര്യങ്ങൾ പാലിക്കേണ്ടി വരും!
നമ്മുടെ നാട്ടിൽ കിടന്ന് മരിക്കാനാവില്ല എന്ന് നമ്മളോട് ആരെങ്കിലും പറഞ്ഞാൽ നമുക്കത് സഹിക്കാനാവുമോ? സ്വന്തം മണ്ണിൽ കിടന്ന് മരിക്കുക എന്നതാണ് മിക്ക മനുഷ്യരുടേയും ആഗ്രഹം തന്നെ. എന്നാൽ, ജീവിതകാലം മുഴുവനും ഒരു ഗ്രാമത്തിൽ ജീവിക്കുകയും എന്നാൽ അവിടെ കിടന്ന് മരിക്കാനാവാതെ വരികയും ചെയ്യുന്ന അവസ്ഥ വന്നാലോ? അങ്ങനെയൊക്കെ ഒരു ഗ്രാമമുണ്ടാകുമോ എന്നാണോ ചിന്തിക്കുന്നത്? അങ്ങനെ ഒരു ഗ്രാമമുണ്ട്. എത്ര വയസ് വരെ അവിടെ ജീവിച്ചാലും മരിക്കാനായി എന്ന് തോന്നിക്കഴിഞ്ഞാൽ അവിടെനിന്നും പോകേണ്ടി വരും. ആ ഗ്രാമത്തെ കുറിച്ചാണ് ഇത്.
സ്വാൽബാർഡിന്റെ ദ്വീപസമൂഹത്തിൽ സ്ഥിതിചെയ്യുന്ന ഒരു നോർവീജിയൻ ഗ്രാമമാണ് ലോംഗിയർബൈൻ. ലോകത്തിലെ ഏറ്റവും വടക്കുകിഴക്കൻ നഗരമായ ഇത് ഒരു പഴയ കൽക്കരി ഖനന കേന്ദ്രമായിരുന്നു. വർഷത്തിൽ നാലുമാസത്തോളം ഇവിടെ സൂര്യപ്രകാശം പതിക്കുന്നില്ല.
എന്നാൽ, അത് മാത്രമല്ല ഈ നഗരത്തിന്റെ പ്രത്യേകത. മഞ്ഞുമൂടിയ ഈ നഗരത്തിൽ ആളുകൾക്ക് പാലിക്കേണ്ട ഒരു കാര്യമുണ്ട്, അവിടെ മരിക്കാനാവില്ല. ഒരു മനുഷ്യനും മരണത്തെ തടയാൻ കഴിയില്ലെന്ന് നമുക്കറിയാം. എന്നാൽ പിന്നെ എന്തുകൊണ്ടാണ് ലോംഗിയർബൈൻ ഇത്തരമൊരു വിചിത്രമായ കാര്യം പാലിക്കുന്നത്?
ആർട്ടിക് സർക്കിളിന് മുകളിലായിരിക്കുന്നതിനാൽ, ഇവിടെ താപനില -32 ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്. ചിലപ്പോൾ അത് -46.3 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു പോകാറുണ്ട്. അതുകൊണ്ട് തന്നെ മണ്ണിൽ അടക്കിയ ശവശരീരങ്ങൾ അഴുകില്ല.
ഖനിത്തൊഴിലാളികളാണ് കൂടുതലും അവിടെ താമസിച്ചിരുന്നത്. 1918 -ലെ സ്പാനിഷ് ഫ്ലൂ ലോകമെമ്പാടുമുള്ള 100 ദശലക്ഷത്തിലധികം ആളുകളെ ഇല്ലാതാക്കിയ പകർച്ചവ്യാധിയാണ്. അന്ന് രോഗം ബാധിച്ച് മരിച്ച നിരവധി പേരെ അടക്കിയത് നഗരത്തിലെ ശ്മശാനത്തിലാണ്.
എന്നാൽ, വർഷങ്ങൾക്ക് ശേഷവും ശ്മശാനത്തിലെ മൃതദേഹങ്ങൾ അഴുകുന്നില്ലെന്ന് പ്രദേശവാസികൾ കണ്ടെത്തി. ശവശരീരങ്ങളിൽ അപ്പോഴും വൈറസ് അവശേഷിച്ചിരുന്നു എന്നവർ ഒരു ഞെട്ടലോടെ മനസ്സിലാക്കി. ഇത് ജീവിച്ചിരിക്കുന്നവരിലേയ്ക്ക് വൈറസ് പടരാൻ സാഹചര്യമൊരുക്കുന്നു എന്നതിനാൽ പ്രദേശവാസികൾ വല്ലാതെ പരിഭ്രാന്തരായി.
ഇതോടെ അവിടത്തെ ശവമടക്ക് രീതിയിൽ മാറ്റം വരുത്താൻ നഗരം തീരുമാനിച്ചു. തുടർന്ന് ആളുകളെ പ്രാദേശിക ശ്മശാനത്തിൽ കുഴിച്ചിടുന്നത് നിർത്തി. അതായത് ദ്വീപിൽ ജീവിതകാലം മുഴുവൻ ചെലവഴിച്ചാലും, മരിച്ചാൽ അവിടെ അടക്കം ചെയ്യാൻ കഴിയില്ല.
ഗുരുതര രോഗബാധിതരെ ദ്വീപിൽ നിന്ന് മാറ്റി നൂറുകണക്കിന് മൈലുകൾ അകലെയുള്ള പ്രധാന നഗരമായ ഓസ്ലോയിലേക്ക് പറഞ്ഞ് വിടുന്നു. അവിടെ അവർ അവരുടെ ജീവിതത്തിലെ അവസാന ദിവസങ്ങൾ ചെലവഴിക്കും. ഇനി അഥവാ മരിച്ചാൽ ചിതാഭസ്മം കുടത്തിലാക്കി മണ്ണിൽ അടക്കം ചെയ്യാം. എന്നാൽ, വളരെ കുറച്ചുപേർ മാത്രമേ ഈ മാർഗം സ്വീകരിച്ചിക്കുന്നുള്ളൂ.
അതുപോലെ തന്നെ, ഇവിടെ വളരെ കുറച്ച് ആളുകൾ മാത്രമേ ജനിക്കുന്നുള്ളൂ. സ്വാൽബാർഡിൽ ഒരു ചെറിയ ആശുപത്രി ഉണ്ടെങ്കിലും, ഗർഭിണികളായ സ്ത്രീകൾക്ക് അവരുടെ നിശ്ചിത പ്രസവ തീയതിക്ക് മുമ്പായി പ്രധാന ഭൂപ്രദേശത്തുള്ള ആശുപത്രിയിലേക്ക് പോകുന്നു.
ലോംഗർബൈനിൽ മതിയായ ആരോഗ്യപാലന സൗകര്യങ്ങളില്ല. വയോജനങ്ങൾക്കായുള്ള നഴ്സിങ് ഹോമുകൾ പോലും ഇവിടെയില്ല. എന്തെങ്കിലും ഗുരുതരമായ അസുഖമുണ്ടായാൽ അകലെയുള്ള ആശുപത്രിയിലേക്കു മാറ്റുക മാത്രമേ മാർഗമുള്ളൂ.
കൂടാതെ, അവിടെ ധ്രുവക്കരടിയുടെ ആക്രമണം സാധാരണമാണ്. അതുകൊണ്ട് തന്നെ തനിച്ച് പുറത്ത് പോകുന്നവർ കൈയിൽ തോക്ക് കരുതുന്നു. അവിടത്തെ മറ്റൊരു പ്രത്യേകത, നഗരം പൂച്ചകളെ വിലക്കിയിരിക്കുന്നു. പ്രദേശത്തെ പക്ഷികളെ സംരക്ഷിക്കുന്നതിനായിട്ടാണ് ഇത്. അതിനാൽ അവിടെ നമുക്ക് പൂച്ചകളെയും കാണാൻ കഴിയില്ല.