ഏറ്റവും വലിയ കോടീശ്വരനെ പിരിഞ്ഞതിന് ശേഷം കൈയിലെടുത്തത് കാള്‍ മാക്സിന്‍റെ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' !
ഗ്രിംസിനെ അറിയാമോ ? ചിലര്‍ക്ക് ഇലോണ്‍ മസ്കിന്‍റെ മുന്‍ഭാര്യയെന്ന നിലയിലും മറ്റ് ചിലര്‍ക്ക് ഗായിക എന്ന നിലയിലും അവരെ അറിയാം. എന്നാല്‍, ഇന്ന് മറ്റ് പലരും അവരെ ശ്രദ്ധിക്കുന്നു. കാരണം, ട്രോളാനായിട്ടാണെങ്കിലും അവര്‍ കാള്‍മാക്സിന്‍റെ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' കൈയിലെടുത്തു എന്നത്. തന്നെ. സംഗതിയെന്താണെന്നല്ലേ... കഴിഞ്ഞ മാസം അവസാനത്തോടെയാണ് ലോകത്തെ ഏറ്റവും വലിയെ കോടീശ്വരന്മാരില്‍ ഒരാളായ ഇലോണ്‍ മസ്കും ഭാര്യയും ഗായികയുമായ ഗ്രിംസും വേര്‍പിരിഞ്ഞത്. ഏറ്റവും വലിയ കോടീശ്വരന്‍റെ കുടുംബ ജീവിതത്തിലെ വിള്ളലുകള്‍ സ്വാഭാവികമായും വാര്‍ത്തയായി. ഇതോടെ പാപ്പരാസികള്‍ ഗ്രിംസിന്‍റെ പുറകേ കൂടി. ഒരു രക്ഷയുമില്ലാതയപ്പോള്‍ പാപ്പരാസികളെ ട്രോളാന്‍ തന്നെ ഗ്രിംസ് തീരുമാനിച്ചു. അതിങ്ങനെ.
മുന്‍ കോടീശ്വരന്‍റെ ഭാര്യയും പോരാത്തതിന് സംഗീതജ്ഞ, 33 വയസ്സുള്ള സുന്ദരി, പോരാത്തതിന് അത്യാവശ്യം ഫാഷനബിളും. അവരുടെ ജീവിതത്തിന്‍റെ പുറകേ പോകാന്‍ പാപ്പരാസികള്‍ക്ക് ഇതൊക്കെ മതിയായിരുന്നു.
ഇലോണ്‍ മസ്കുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഗ്രിംസിനെ പൊതുവേ അധികം പുറത്തേക്ക് കാണാറുണ്ടായിരുന്നില്ല. എന്നാല്‍ ഒടുവില്‍ അവര്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. അതും അസാധാരണമായൊരു വേഷത്തില്‍.
സയൻസ്-ഫിക്ഷന്‍ കഥാപാത്രങ്ങളുടേത് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു അവര്‍ പൊതുനിരത്തിലെത്തിയത്. വിവിധ ഭാഗങ്ങളിൽ ഒന്നിലധികം ടെക്സ്ചറുകളുള്ള ഒരു പർപ്പിൾ വൺ-പീസ് ബോഡിസ്യൂട്ടാണ് അവര്‍ ധരിച്ചിരുന്നത്.
കടും തവിട്ട് നിറത്തിലുള്ള ഒരു വസ്ത്രം അവളുടെ തോളിൽ നിന്ന് മൂടുപടം പോലെ പുറകിലേക്ക് മറഞ്ഞിരുന്നു. കൈ വിരലുകളില്‍ നീണ്ട നഖങ്ങളുമുണ്ടായിരുന്നു.
പക്ഷേ അതിനേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത്. ഗ്രിംസിന്‍റെ കൈയിലുണ്ടായിരുന്ന പുസ്തകമാണ്. അത് 19 -ാം നൂറ്റാണ്ടില്‍ ജനിച്ച മുതലാളിത്ത ലോകക്രമത്തിന് ഒരു ബദല്‍ അവതരിപ്പിച്ച കാള്‍മാക്സിന്‍റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയായിരുന്നു. കണ്ടവര്‍ കണ്ടവര്‍ അത്ഭുതപ്പെട്ടു.
അമേരിക്ക പോലൊരു മുതലാളിത്ത രാജ്യത്ത് ഇത്രയും പ്രശസ്തയായൊരാള്‍, അതും ലോകത്തിലെ ഏറ്റവും വലിയ വളര്‍ച്ചയുള്ള കോടീശ്വരന്‍റെ മുന്‍ ഭാര്യ. അവരുടെ ബന്ധം വേര്‍പിരിഞ്ഞ ശേഷം കൈയിലെടുത്ത പുസ്തകം കാള്‍മാക്സിന്‍റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.
അവശ്വസനീയമായ കാര്യമെന്ന് കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു. ഗ്രിംസിന്‍റെ വേഷവും കൈയിലെടുത്ത പുസ്തകവും പെട്ടെന്ന് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. ' അവിശ്വസനീയം ' എന്ന് തന്നെ ഏതാണ്ടെല്ലാവരും പറഞ്ഞു.
ഒടുവില്‍ തന്‍റെ വസ്ത്രധാരണത്തെ കുറിച്ചും വായിക്കാനെടുത്ത് പുസ്തകത്തെ കുറിച്ചും ഗ്രിംസിന് തന്നെ വെളിപ്പെടുത്തേണ്ടിവന്നു. അതൊരു തമാശയായിരുന്നുവെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. പാപ്പരാസികളെ ട്രോളാന്‍ വേണ്ടി മനപൂര്‍വ്വം ധരിച്ച വസ്ത്രവും പുസ്തകവും.
ഒടുവില്‍ ഗ്രിംസ് തന്നെ സാമൂഹ്യമാധ്യമത്തിലെഴുതി. "പാപ്പരാസികൾ ഇപ്പോഴും തന്നെ പിന്തുടരുന്നതില്‍ ഞാന്‍ തികച്ചും അസ്വസ്ഥയാണ്. എന്നാല്‍ അവരെ ട്രോളാന്‍ ഇതൊരവസരമാണെന്ന് എനിക്ക് തോന്നി."
തുടര്‍ന്ന് അവര്‍ ഇങ്ങനെ കുറിച്ചു , 'ഞാൻ ഇപ്പോഴും ഇയോടൊപ്പമാണ് ജീവിക്കുന്നത്, ഞാൻ ഒരു കമ്മ്യൂണിസ്റ്റല്ല.' ഈ പുസ്തകത്തിൽ വളരെ ബുദ്ധിപരമായ ആശയങ്ങൾ ഉണ്ടെങ്കിലും -വ്യക്തിപരമായി എനിക്ക് കൂടുതൽ താൽപ്പര്യമുള്ളത് ഒരു ക്രിപ്റ്റോ, ഗെയിമിംഗ് എന്നിവയിലൂടെ നേടിയെടുക്കാനാകുമെന്ന് ഞാൻ കരുതുന്ന ഒരു തീവ്ര വികേന്ദ്രീകൃത യുബിയാണ്. '
' എന്നാല്‍, ആ ആശയം വിശദീകരിക്കാൻ ഞാൻ ഇതുവരെ വേണ്ടത്ര ശ്രമിച്ചിട്ടില്ല. രാഷ്ട്രീയത്തെക്കുറിച്ചുള്ള എന്‍റെ അഭിപ്രായങ്ങൾ വിവരിക്കാൻ ബുദ്ധിമുട്ടാണ്, കാരണം എനിക്ക് ഏറ്റവും പ്രചോദനം നൽകുന്ന രാഷ്ട്രീയ സംവിധാനങ്ങൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.'
എങ്കിലും പാപ്പരാസികള്‍ എന്നെ പിന്തുര്‍ന്നു കൊണ്ടിരുന്നാല്‍ കൂടുതല്‍ ട്രോളാനായി മറ്റ് വഴികളും താന്‍ ആലോചിക്കുമെന്നും ഗ്രിംസ് മുന്നറിയിപ്പും നല്‍കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona