മരുഭൂമിയിലൊരു ഉട്ടോപ്യൻ നഗരം; 8000 പേർ ചേർന്നൊരുക്കിയ ആ പരീക്ഷണ നഗരത്തിലെ വിശേഷങ്ങൾ
ആർക്കോസന്തി, അരിസോണ മരുഭൂമിയില്‍ അവിശ്വസനീയമാം വിധം നിലനില്‍ക്കുന്നൊരു നഗരം. ഈ ഉട്ടോപ്യന്‍ നഗരമെന്നൊക്കെ പറയില്ലേ, അതാണ് ആർക്കോസന്തി. എക്കോളജിയും ആര്‍കിടെക്ചറും ചേര്‍ന്നുള്ള സമന്വയമാണ് ഇവിടെ നമുക്ക് കാണാനാവുക. 1970 -കളിലാണ് ആർക്കോസന്തിയുടെ നിര്‍മ്മാണം തുടങ്ങുന്നത്. 8000 സന്നദ്ധ പ്രവര്‍ത്തകരാണ് അന്ന് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. വാസ്തുവിദ്യയും പരിസ്ഥിതിയും ചേർന്നിട്ടുള്ള ഒരു അത്ഭുതമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഈ ഉട്ടോപ്യന്‍ നഗരത്തിന്‍റെ വിശേഷങ്ങളറിയാം.
ഇവിടെ ജോലിക്ക് വന്ന ഓരോ മനുഷ്യരും സ്വന്തം ഇഷ്ടപ്രകാരം, താല്‍പര്യ പ്രകാരം വന്നവരാണ്. ചെയ്യാനാവില്ല എന്ന് കരുതുന്ന എന്തെങ്കിലും ചെയ്യണം എന്ന ഇച്ഛാശക്തിയായിരുന്നു അവരുടെയെല്ലാം മനസില്‍. 1970 -ല്‍ ആര്‍ക്കിടെക്ടായ പോളോ സോളേരി ആണ് ആർക്കോസന്തിയില്‍ ഇങ്ങനെയൊരു നിര്‍മ്മാണത്തിനുള്ള പദ്ധതി രൂപീകരിക്കുന്നത്.
അരിസോണ മരുഭൂമിയില്‍ ഒരു എക്സ്പെറിമെന്‍റല്‍ ടൗണ്‍ എന്ന നിലയിലായിരുന്നു ആർക്കോസന്തിയുടെ നിര്‍മ്മാണം. മരുഭൂമിയിലെ ചൂടും കാറ്റുമൊന്നും വകവയ്ക്കാതെ അന്ന് ആളുകളവിടെ ഉത്സാഹിച്ച് പ്രവർത്തിച്ചു. അങ്ങനെയാണ് ആ നഗരത്തിന്‍റെ തുടക്കം. വരും കാലങ്ങളിൽ കൂടുതല്‍ കൂട്ടിച്ചേർക്കലുകളുണ്ടായി.
ആര്‍ക്കോളജി എന്ന ആശയം രൂപപ്പെടുത്തുന്നതും സോളേരിയാണ്. ആര്‍കിടെക്ചറും എക്കോളജിയും കൂടിച്ചേര്‍ന്നതാണ് ആര്‍ക്കോളജി. അതില്‍ നിന്നും രൂപം കൊണ്ടതാണ് മരുഭൂമിയിലെ ഈ നഗരവും. ഈ കുഞ്ഞുനഗരത്തില്‍ എത്രയോ പേര്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തു. ആർക്കോസന്തിയില്‍ ഇന്ന് 80 മുതല്‍ 100 വരെ സന്നദ്ധ പ്രവര്‍ത്തകരാണ് താമസിക്കുന്നത്.
ഇവിടെയുള്ളവരിൽ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളും അവിടുത്തെ താമസക്കാരും ഒക്കെയുണ്ട്. ആർക്കിടെക്ചർ വിദ്യാർത്ഥികളും പഠിച്ചിറങ്ങിയവരുമെല്ലാം മരുഭൂമിയിലെ ഈ അത്ഭുതം കാണുന്നതിനായി ഇവിടെ എത്താറുണ്ട്. കാണുക, താമസിക്കുക, അതിന്റെ ഈ വ്യത്യസ്തമായ നിർമ്മാണ രീതിയും അതെങ്ങനെ പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് അവിടെ നിലനിൽക്കുകയും ചെയ്യുന്നുവെന്ന് മനസിലാക്കുക എന്നതാണ് ഇവിടെയെത്തുന്നവരുടെ ലക്ഷ്യം.
ഇപ്പോഴും ലോകത്തിന്റെ പലഭാഗത്തു നിന്നും ആളുകൾ ഈ അത്ഭുതം കാണാനും മനസിലാക്കാനുമായി ഇവിടെ എത്തുന്നുണ്ട്. അതുപോലെ ഇവിടെ എത്തുന്നവർക്കും ഇവിടുത്തെ താമസക്കാർക്കുമെല്ലാം ഈ നഗരത്തെ കുറിച്ച് ഒരുപാട് പറയാനുമുണ്ട്. ഇവിടുത്തെ താമസക്കാരനായ സ്കോട്ട് റൈലി ബിബിസിയോട് പറഞ്ഞത് അദ്ദേഹം അവിടെയെത്തുമ്പോൾ തന്നെ വേറെവിടെയും കാണാനാവാത്ത ഒരു സൗന്ദര്യാനുഭൂതി അവിടെ ദർശിക്കാനായി എന്നാണ്. ഇന്ന് അവിടെ താമസിക്കുമ്പോൾ പ്രകൃതിയുടെ ഓരോ ഭാവവും അനുഭവിക്കാനാവുന്നു എന്നും അദ്ദേഹം പറയുന്നു. ചൂടും തണുപ്പും കാറ്റുമെല്ലാം അതിന്റേതായ രീതിയിൽ അനുഭവിക്കാനാവുന്നു എന്നത് കൂടിയാണ് ആർക്കോസന്തിയുടെ പ്രത്യേകത.
കുറച്ച് മനുഷ്യർ, അവർ പരസ്പരം സഹായിച്ചും സ്നേഹിച്ചും സൗഹൃദം സൂക്ഷിച്ചുമാണ് അവിടെ കഴിയുന്നത്. അരിസോണ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരം എന്നതുകൊണ്ട് തന്നെ മറ്റ് നഗരങ്ങളിൽ നിന്നും വിഭിന്നമായ ജീവിതരീതി കൂടിയാണ് ഇവിടെ. ആളുകൾക്ക് പരസ്പരം സ്നേഹിച്ചും സഹകരിച്ചും മാത്രമേ ഇവിടെ ജീവിക്കാനാവൂ. അത് ഇഷ്ടപ്പെടുന്നവർ തന്നെയാണ് ഇവിടെ എത്തിച്ചേരുന്നതും. അയൽക്കാരനെ കുറിച്ച് കൂടി ആലോചിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ജീവിതരീതിയാണ് ഇവിടെ പിന്തുടരുന്നത്.
മറ്റ് നഗരങ്ങളിൽ കാണാനാവുന്ന പലതും ഇവിടെയില്ല. ആത്യന്തികമായി പ്രകൃതിയെ അറിയുക, പ്രകൃതിയെ കൂടുതൽ ചൂഷണം ചെയ്യാതെ ജീവിക്കുക, അതിന്റെ എല്ലാ മനോഹാരിതയും ഭാവങ്ങളും അനുഭവിക്കുക എന്നതൊക്കെയാണ് ഇവിടെ പ്രധാനം. ഇതിലെല്ലാം ഒരു കെട്ടിടത്തിന്റെ നിർമ്മാണ രീതിയും വാസ്തുവിദ്യയും എങ്ങനെ പങ്ക് വഹിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് ആർക്കോസന്തി. ഇവിടെ എത്തുന്നവരെല്ലാം ഈ കമ്മ്യൂണിറ്റി ജീവിതം ആസ്വദിക്കുന്നവരാണ്. മനുഷ്യർ പ്രകൃതിയെ വേദനിപ്പിക്കാതെ തന്നെ പരമാവധി ജീവിക്കണമെന്ന് അവർ വിശ്വസിക്കുന്നു.
സന്ദർശകർക്കുള്ള മുറി, ഹാൾ, കഫേ, ഗിഫ്റ്റ് ഷോപ്പ് എന്നിവയെല്ലാം അടങ്ങിയതാണ് ആർക്കോസന്തിയുടെ നിർമ്മാണം. ഒപ്പം തന്നെ താമസക്കാർക്കുള്ള ഇടങ്ങൾ, പൂന്തോട്ടത്തിനും കൃഷിക്കും വേണ്ടിയുള്ള ഹരിതഗൃഹങ്ങൾ, എന്നിവയെല്ലാം ഇതിലടങ്ങിയിരിക്കുന്നു.
ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ വർക്ക്‌ഷോപ്പുകളിലും ക്ലാസുകളിലും പങ്കെടുക്കുന്നതിനും തുടർന്നുള്ള നിർമ്മാണത്തെ സഹായിക്കുന്നതിനുമായിട്ട് കൂടിയാണ് ആർക്കോസന്തി വിഭാവനം ചെയ്തിരിക്കുന്നത്. പ്രാഥമികമായി ഒരു വിദ്യാഭ്യാസ കേന്ദ്രമായി അതിപ്പോഴും തുടരുന്നു. പ്രതിവർഷം 40,000 സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു. വിനോദസഞ്ചാരികൾക്ക് ഇവിടെ ഒരു ഗൈഡഡ് ടൂർ നടത്താം. അല്ലെങ്കിൽ അതിഥികൾക്കായുള്ള താമസസ്ഥലങ്ങളിൽ രാത്രി താമസിക്കാൻ റിസർവേഷനും നടത്താം.
ഏതായാലും ഓരോ കെട്ടിടങ്ങളും പരിസ്ഥിതിയും അവിടുത്തെ മനുഷ്യരും തമ്മിലൊരു ബന്ധമുണ്ട്. ആ മാജിക്കാണ് ഓരോ ഇടത്തേയും വ്യത്യസ്തമാക്കുന്നതും. 1970 -ൽ അരിസോണ മരുഭൂമിയിൽ പിറവി കൊണ്ട ഈ ആർക്കോസാന്തിയെന്ന നഗരത്തിലും അങ്ങനെയൊരു മാജിക്കുണ്ട്.