പുതിയ ഐ ഫോണിനായുള്ള കാത്തിരിപ്പിൽ ടെക് ലോകം; സെപ്റ്റംബർ 10ന് ആപ്പിൾ അത്ഭുതം കാണിക്കുമോ
പിന്നിൽ ട്രിപ്പിൾ ക്യാമറ സിസ്റ്റവുമായിട്ടായിരിക്കും ഐ ഫോൺ 11 എത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനപ്പുറം ഞെട്ടിക്കുന്ന ഫീച്ചറുകളൊന്നും ഇക്കുറി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ടെക് ലോകത്തെ സംസാരം.
സെപ്റ്റംബർ 10ന് പുതിയ ഐഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് മോഡലുകളായിരിക്കും പുറത്തിറക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഐ ഫോൺ 11, ഐ ഫോൺ 11 പ്രോ, ഐ ഫോൺ പ്രോ മാക്സ് എന്നിങ്ങനെ മൂന്ന് മോഡലുകൾ അവതരിപ്പിക്കപ്പെടുമെന്നാണ് അഭ്യൂഹം. ഐ ഫോൺ എക്സ് ആറിന് പകരക്കാരനായി ഐ ഫോൺ 11 ആർ കൂടി അവതരിക്കപ്പെടുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഐ ഫോൺ എക്സ് ആറിലേത് പോലെ എൽഇഡി ഡിസ്പ്ലേയായിരിക്കും ഈ ഫോണിനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പിന്നിൽ ട്രിപ്പിൾ ക്യാമറ സിസ്റ്റവുമായിട്ടായിരിക്കും ഐ ഫോൺ 11 എത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനപ്പുറം ഞെട്ടിക്കുന്ന ഫീച്ചറുകളൊന്നും ഇക്കുറി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ടെക് ലോകത്തെ സംസാരം.
ജനുവരിയിൽ പല വെബ്സൈറ്റുകളും പുറത്ത് വിട്ട 'ലീക്ക്ഡ്' ചിത്രങ്ങൾ വിശ്വാസയോഗ്യമാണെങ്കിൽ അൽപ്പം ഉയർന്ന് നിൽക്കുന്ന ചതുരത്തിനകത്ത്, ത്രികോണാകൃതിയിൽ സജ്ജീകരിച്ചിട്ടുള്ള മൂന്ന് ക്യാമറകളായിരിക്കും പുതിയ ഐഫോണിൽ ഉണ്ടാകുക. കൂടുതൽ മികച്ച വൈഡ് ആംഗിൾ ചിത്രങ്ങൾ എടുക്കാൻ ഇത് വഴി കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
ലൈറ്റ്നിങ്ങ് പോർട്ടിൽ നിന്ന് യുഎസ്ബി സി യിലേക്കുള്ള മാറ്റം ഐ ഫോൺ 11 മുതൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ടെങ്കിലും ഇതിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഐപാഡ് പ്രൊ മോഡലുകളിലും മാക്ബുക്ക് മോഡസുകളിലും കഴിഞ്ഞ വർഷം തന്നെ ആപ്പിൾ യുഎസ്ബി സി പോർട്ട് ഉൾപ്പെടുത്തിയിരുന്നു. പുതിയ മോഡലുകളിൽ 5ജി സപ്പോർട്ടുണ്ടായിരിക്കില്ലെന്നതും ഏറെക്കുറെ ഉറപ്പാണ്.