അന്താരാഷ്ട്ര സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്
എസ് സീരീസില്‍ മൂന്ന് മോഡൽ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി വിപണിയില്‍ സാന്നിധ്യം അറിയിച്ച സാംസങ്ങ് വിപണിയുടെ നാലിലൊന്ന് വിഹിതം ഇപ്പോഴും കൈയ്യാളുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 2019ലെ ആദ്യപാദത്തില്‍ എട്ടു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ വിപണി വിശകലന വിദഗ്ധരായ കൗണ്ടര്‍ പോയന്‍റിന്‍റെ മാര്‍ക്കറ്റ് മോണിറ്ററിംഗ് സര്‍വീസ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. വിപണിയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി ലഭിച്ചത് ആപ്പിളിനാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. വിപണിയുടെ കണക്കുകൾ നോക്കുമ്പോൾ ഐഫോൺ വിൽപനയില്‍ 20 ശതമാനത്തിന്‍റെ കുറവാണ് കാണിക്കുന്നത്.
എന്നാല്‍ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആപ്പിളിന്‍റെ പ്രധാന എതിരാളി സാംസങ്ങ് നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. എസ് സീരീസില്‍ മൂന്ന് മോഡൽ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി വിപണിയില്‍ സാന്നിധ്യം അറിയിച്ച സാംസങ്ങ് വിപണിയുടെ നാലിലൊന്ന് വിഹിതം ഇപ്പോഴും കൈയ്യാളുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രസകരമായ കാര്യം അമേരിക്ക വിലക്കിയ വാവെയ് 2019ന്‍റെ ആദ്യപാദത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നേട്ടം ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ്. ഈ സമയത്ത് കാര്യമായ വിപണി പ്രശ്നങ്ങള്‍ വാവെയ് നേരിട്ടിരുന്നില്ല.
ഇതേ സമയം ആപ്പിളിന് തിരിച്ചടി ലഭിച്ചത് ചൈനയില്‍ നിന്നാണ് എന്നാണ് സൂചന. ചൈനീസ് വിപണിയില്‍ ആപ്പിളിനെ മറികടന്ന് വാവെയ് ഏറ്റവും വില്‍പനയുളള പ്രീമിയം ഫോണ്‍ നിര്‍മാതാക്കളായി എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം പ്രീമിയം ചൈനീസ് വിപണിയില്‍ ഐഫോൺ ഉൾപ്പടെയുള്ള സ്മാര്‍ട് ഫോണുകള്‍ക്ക് ആവശ്യക്കാർ കുറഞ്ഞതാണ് ആഗോള വിപണിയെയും ബാധിച്ചത് എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
എന്നാല്‍ ഇപ്പോള്‍ ഉള്ള മെല്ലെപ്പോക്ക് സ്വാഭാവികം എന്നാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. 5ജി ഫോണുകള്‍ വിപണിയിലേക്ക് വരുന്നതിനാല്‍ പ്രീമിയം 4ജി ഫോണിനായി ഇനി പണം കളയേണ്ടതുണ്ടോ എന്ന ചിന്തയാണ് ഉപയോക്താക്കളെ പിന്നോട്ട് വലിക്കുന്നത്. അതായത് ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണില്‍ തുടര്‍ന്ന് 5ജി പ്രീമിയം ഫോണുകള്‍ എത്തുമ്പോള്‍ ഫോണ്‍ മാറാനുള്ള രീതിയാണ് ഉപയോക്താക്കളില്‍ കാണുന്നത് എന്ന് വിപണി വിദഗ്ധര്‍ പറയുന്നു.