പി30 പ്രോ, പി30 അവതരിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന ക്യാമറ

ലോകത്തെ തന്നെ ഏറ്റവും മികച്ച ക്യാമറ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റാണ് വാവെയ് പി30 പ്രോ എന്നാണ് കമ്പനിയുടെ അവകാശവാദം

Huawei P30 Pro A race for top Android phone

ബിയജിംങ്: വാവെയ് തങ്ങളുടെ ഏറ്റവും മികച്ച മോഡലുകളായ പി30 പ്രോയും, പി30യും അവതരിപ്പിച്ചു. ലോകത്തെ തന്നെ ഏറ്റവും മികച്ച ക്യാമറ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റാണ് വാവെയ് പി30 പ്രോ എന്നാണ് കമ്പനിയുടെ അവകാശവാദം. സാംസങിന്‍റെ ഗ്യാലക്സി എസ്10, ഐഫോണ്‍ XS, ഗൂഗിള്‍ പിക്സല്‍ 3 എന്നിവരുമായി കിടപിടിക്കുന്നതാണ് പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍.  വാവെയുടെ സ്വന്തം കിരിന്‍ 980 പ്രൊസസറാണ് ഫോണിനു ശക്തിപകരുന്നത്. 6 ജിബി റാമും ഉണ്ട്. ആന്‍ഡ്രോയിഡ് 9 പൈ കേന്ദ്രീകരിച്ചു നിര്‍മിച്ച വാവെയുടെ സ്വന്തം ഇഎംയുഐ 9.1 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 

ഒഎസ് മുന്‍ മോഡലുകളെക്കാള്‍ 52 ശതമാനം കൂടുതല്‍ വേഗം കൈവരിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. കാറിന്റെ ഡിജിറ്റല്‍ താക്കോലായി പി30 പ്രോ ഉപയോഗിക്കാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജര്‍മ്മന്‍ കമ്പനിയായ ലൈക്കയുമായി ചേര്‍ന്നാണ് വാവെയ് തങ്ങളുടെ ക്യാമറ സെറ്റ്അപ് ചെയ്തിരിക്കുന്നത്. 16 എംഎം മുതല്‍ 125 എംഎം വരെയാണ് ഒപ്ടിക്കല്‍ സൂം. പ്രധാന ക്യാമറ f/1.6 അപേര്‍ച്ചറുള്ള, 40 എംപി ക്വാഡ് സെന്‍സര്‍ മൊഡ്യൂളാണ്. 27എംഎം ആണ് ഇതിന്റെ ഫോക്കല്‍ ലെങ്ത്. സെന്‍സറിന് 1/1.7 വലുപ്പവുമുണ്ട്. കൂടുതല്‍ വൈഡ് പോകാനായി ഒരു 16എംഎം ലെന്‍സ് ഉണ്ട്. 20എംപിയാണ് ഇതിന്റെ റെസലൂഷന്‍. 

പി30 പ്രോ ഫോണിന്റെ പ്രധാന ക്യാമറയ്ക്ക് ചുവപ്പ്-മഞ്ഞ-മഞ്ഞ-നീല സെന്‍സറാണ് വാവെയ് പരീക്ഷണാര്‍ഥം നല്‍കിയിരിക്കുന്നത്. ഇതിന് 40 ശതമാനം അധികം പ്രകാശം പിടിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നാണ് കമ്പനി പറയുന്നത്.  പോര്‍ട്രെയ്റ്റ് മോഡ്, സൂപ്പര്‍ വൈഡ് ആംഗിള്‍ എന്നിവയും മുന്‍ മോഡലുകളെക്കാള്‍ മികച്ച പ്രകടനം നടത്തും. രണ്ടു ക്യാമറകള്‍ക്ക് ഒരേ സമയം വിഡിയോ റെക്കോഡു ചെയ്യാനാകും. 

വെളിച്ചമുള്ളപ്പോള്‍ സെക്കന്‍ഡില്‍ 60 ഫ്രെയിം വച്ച് വിഡിയോ ഷൂട്ടു ചെയ്യുന്ന ഫോണ്‍ വെളിച്ചം കുറഞ്ഞാല്‍, സെക്കന്‍ഡില്‍ 30 ഫ്രെയിമിലേക്ക് തനിയെ മാറും. നോച്ചുള്ള എച്ഡിആര്‍ ഡിസ്പ്ലെയാണ്. സെല്‍ഫി ക്യാമറ 32 എംപിയാണ്. വില 128ജിബി, 512ജിബി എന്നീ രണ്ടു സ്റ്റോറേജ് ശേഷിയുള്ള മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. തുടക്ക മോഡലിന് 899 പൗണ്ടും (77,718 രൂപ പ്രതീക്ഷിക്കുന്നു) അടുത്തതിന് 1099 പൗണ്ടുമാണ് വില.

പി30 എന്ന മോഡലിലേക്ക് വന്നാല്‍ പി30 പ്രോയുടെ പല ഫീച്ചറുകളും നില നിര്‍ത്തിയിട്ടുണ്ട്. 6.1-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണിതിന്. പി30യ്ക്ക് മൂന്നു ക്യാമറ സെറ്റ്-അപ് ആണുള്ളത്. പ്രധാന ക്യാമറ പ്രോ മോഡലിന്റെ സ്പെസിഫിക്കേഷനോടു കൂടിയതാണ്. ടെലി ലെന്‍സ് 8എംപിയാണ്. 80എംഎം വരെ കിട്ടും. സൂപ്പര്‍ വൈഡ് ആംഗിള്‍ 16എംപി സെന്‍സറാണ്. 3,650mAh ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിങ്ങുമുണ്ട്. 6ജിബി റാം/128 ജിബി സ്റ്റോറേജ് ശേഷിയുള്ള മോഡലിന് 799 യൂറോയാണു വില 62,163 രൂപ പ്രതീക്ഷിക്കുന്നു. ഈ ഫോണുകള്‍ അടുത്ത മാസം ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഇവ എത്തും.
 

Latest Videos
Follow Us:
Download App:
  • android
  • ios