സച്ചിന് പകരം വമ്പനെ എത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്; വെല്ലുവിളികളേറെ
ഐഎസ്എല്‍ ഫുട്ബോള്‍ 2023-24 സീസണില്‍ നിലവില്‍ നാലാം സ്ഥാനക്കാരാണ് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്‍ ടീം ഹൈദരാബാദ് എഫ്‌സിയുടെ ഗോൾകീപ്പർ ഗുർമീത് സിംഗിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് അടക്കം നാല് ക്ലബുകൾ രംഗത്ത്. എന്നാൽ ദീർഘകാല കരാർ വാഗ്ദാനം ചെയ്യാൻ ബ്ലാസ്റ്റേഴ്സ് തയ്യാറല്ല.
ഹൈദരാബാദ് എഫ്സിയിലെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഗുർമീത് സിംഗ് മറ്റൊരു ക്ലബിലേക്ക് മാറാനുള്ള നീക്കങ്ങൾ തുടങ്ങിയത്. വേതനം മുടങ്ങിയത് അടക്കം ചൂണ്ടിക്കാട്ടി ഗുർമീത് നൽകിയ അപേക്ഷയിൽ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സമിതി ഈ വാരം തീരുമാനം എടുക്കും. മലയാളി താരം മിർഷാദ് ഒന്നാം ഗോളി ആയിട്ടുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡും ലീഗിലെ നവാഗതരായ പഞ്ചാബ് എഫ്സിയും ഗുർമീതുമായി ദീർഘകാല കരാറിനൊരുക്കമാണ്. 2018 മുതൽ 2021 വരെ നോർത്ത് ഈസ്റ്റ് ടീമിലംഗവുമായിരുന്നു ഗുർമീത്. കേരള ബ്ലാസറ്റേഴ്സും ജംഷെഡ്പൂർ എഫ്സിയും നിലവിലെ സീസൺ അവസാനിക്കും വരെയുള്ള ഹൃസ്വ കരാർ വാഗ്ദാനം ചെയതായും സൂചനയുണ്ട്.
പരിക്കേറ്റ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷിന് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകുമെന്ന് വ്യക്തമായതോടെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ ഗോളിയെ അന്വേഷിക്കുന്നത്. സച്ചിനുമായി 2026 വരെ ബ്ലാസ്റ്റേഴ്സ് കരാർ നീട്ടിയതിനാൽ ഈ സീസണിലേക്ക് മാത്രം ഗുർമീതിന്‍റെ സേവനം മതിയെന്നാണ് നിലപാട്. ഇൻറകോണ്ടിനനെനർറൽ കപ്പിലും സാഫ് ചാമ്പ്യൻഷിപ്പിലും മൂന്നാം ഗോളിയി ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഗുര്‍മീത് ഹരിയാനയിലെ നഡവാന സ്വദേശിയാണ്. സീസണിലെ 13 കളിയിൽ ഹൈദരാബാദ് ഗോൾവല കാത്ത ഗുർമീതിന്‍റെ പേരിൽ ക്ലീൻ ഷീറ്റില്ല.
ഐഎസ്എല്‍ ഫുട്ബോള്‍ 2023-24 സീസണില്‍ നിലവില്‍ നാലാം സ്ഥാനക്കാരാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാന മത്സരത്തില്‍ എഫ്‌സി ഗോവയോട് രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ വിജയിച്ചിരുന്നു. ആദ്യപകുതിയിലായിരുന്നു ഗോവയുടെ ഇരട്ട ഗോളുകള്‍ എങ്കില്‍ രണ്ടാംപകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ നാല് മറുപടി ഗോളും.
Read more: കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബ്ലാസ്റ്റ്; രണ്ടാംപകുതിയില്‍ നാല് ഗോളടിച്ച് ഗോവയെ കത്തിച്ചു!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം