നെഗറ്റീവ് റിവ്യൂകളില്‍ വീണില്ല, ആദ്യദിന കളക്ഷനില്‍ 'സര്‍ക്കാരി'നെയും മറികടന്ന് 'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍'
നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന രാജ്കുമാര്‍ ഹിറാനി ചിത്രം 'സഞ്ജു'വിനെയും എ ആര്‍ മുരുഗദോസിന്റെ വിജയ് ചിത്രം 'സര്‍ക്കാരി'നെയും ആദ്യദിന കളക്ഷനില്‍ പിന്തള്ളിയിരിക്കുകയാണ് 'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍'.
ആദ്യദിന പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷവും ഒരേപോലെ മോശം അഭിപ്രായം പറഞ്ഞ ഒരു ബിഗ് ബജറ്റ് ചിത്രം ഇന്ത്യന്‍ സ്‌ക്രീനില്‍ അടുത്തകാലത്ത് എത്തിയിട്ടില്ല. ബോളിവുഡ് കാത്തിരുന്ന മള്‍ട്ടിസ്റ്റാര്‍ ദീപാവലി ചിത്രം 'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍' ആണ് റിലീസ്ദിനം (വ്യാഴാഴ്ച) തന്നെ പ്രേക്ഷകരുടെ വലിയ തോതിലുള്ള നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിക്ക് വിധേയമായത്. ബോളിവുഡിലെ പ്രധാന ട്രേഡ് അനലിസ്റ്റുകളും നിരൂപകരും പ്രേക്ഷകരും ഒന്നടങ്കം എഴുതിത്തള്ളിയിരുന്നു ആദ്യദിനം തന്നെ ചിത്രത്തെ. ട്വിറ്ററില്‍ 'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍' എന്ന ടാഗില്‍ ഇന്നലെ ട്രോളുകളുടെ പെരുമഴയായിരുന്നു. എന്നാല്‍ ആദ്യദിന കളക്ഷന്‍ പുറത്തുവരുമ്പോള്‍ നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ആദ്യദിനം ചിത്രത്തെ ബാധിച്ചിട്ടില്ല എന്ന് വിലയിരുത്താം. മികച്ച കളക്ഷന്‍ എന്ന് മാത്രമല്ല, 2018ല്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്നതിന് പുറമെ ഒരു ഹിന്ദി ചിത്രം നേടുന്ന എക്കാലത്തെയും വലിയ കളക്ഷനുമാണ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ നേടിയെടുത്തത്.
നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന രാജ്കുമാര്‍ ഹിറാനി ചിത്രം 'സഞ്ജു'വിനെയും എ ആര്‍ മുരുഗദോസിന്റെ വിജയ് ചിത്രം 'സര്‍ക്കാരി'നെയും ആദ്യദിന കളക്ഷനില്‍ പിന്തള്ളിയിരിക്കുകയാണ് 'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍'. 34.75 കോടിയായിരുന്നു സഞ്ജുവിന്റെ ആദ്യദിന കളക്ഷന്‍. ഇതിനെ മറികടന്നിരുന്നു സര്‍ക്കാര്‍. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 47.85 കോടിയാണ് സര്‍ക്കാരിന്റെ റിലീസ്ദിന കളക്ഷന്‍. ഈ രണ്ട് ചിത്രങ്ങളെയും മറികടന്നിരിക്കുകയാണ് 'തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍'. 52.25 കോടിയാണ് ചിത്രം റിലീസ്ദിനമായ ഇന്നലെ നേടിയിരിക്കുന്നത്. ഒരു ഹിന്ദി ചിത്രം നേടുന്ന എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനാണ് ഇത്.
#ThugsOfHindostan
— taran adarsh (@taran_adarsh) November 9, 2018
Thu biz...
Hindi: ₹ 50.75 cr.
Tamil + Telugu: ₹ 1.50 cr
Total: ₹ 52.25 cr [5000 screens]
India biz.
Highest Day 1 for a #Diwali release
Highest Day 1 for YRF film
Highest Day 1 for a Hindi film
റിലീസിന് മുന്‍പ് ലഭിച്ച വന്‍ ഹൈപ്പും 7000 തീയേറ്ററുകളിലെ മാസ് റിലീസുമാണ് ഈ റെക്കോര്‍ഡ് കളക്ഷന് കാരണമായതെന്നാണ് വിലയിരുത്തല്‍. ആദ്യദിന കളക്ഷനിലെ ബഹുഭൂരിഭാഗവും അഡ്വാന്‍സ് ബുക്കിംഗ് വഴി വന്ന ടിക്കറ്റുകളില്‍ നിന്ന് ലഭിച്ചതാണെന്നും വിലയിരുത്തപ്പെടുന്നു. ആദ്യദിനം മുതല്‍ ലഭിച്ച മോശം അഭിപ്രായം അതിനാല്‍ത്തന്നെ രണ്ടാംദിനമായ ഇന്ന് മുതലാണ് പ്രതിഫലിക്കുകയെന്നും ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. അമിതാഭ് ബച്ചനും ആമിര്‍ ഖാനുമൊപ്പം കത്രീന കൈഫും ഫാത്തിമ സന ഷെയ്ഖും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.