സീരിയലുകള്‍ മാത്രം കണ്ട് സഹോദരിമാര്‍ പുതിയ ഭാഷ പഠിച്ചു
- പ്രധാനമായും മൂന്ന് ടിപ്പുകളാണ് നിസ്ടെലിന്‍ സഹോദരിമാര്‍ പറഞ്ഞു തരുന്നത്
ടെല്‍ അവീവ്: ഒരു ദിവസം ഇസ്രയേലി സഹോദരിമാരായ റട്ട് നിസ്ടെലിനും സോഹനം നിസ്ടെലിനും സ്പാനിഷ് പഠിക്കാന്‍ താത്പര്യമേറി. അവര്‍ സ്ഥിരമായി ഹീബ്രൂ സബ്ടൈറ്റിലുളള അര്‍ജന്‍റീനിയന്‍ ടെലിവിഷന്‍ സീരിയലുകള്‍ കാണാന്‍ തുടങ്ങി. കുറച്ചു നാളുകള്‍ക്കകം സഹോദരിമാര്‍ തമ്മിലുളള സ്വകാര്യ സംഭാഷണം സ്പാനിഷിലായി. ഇത് അനേകം പേരുടെ അനുഭവങ്ങളിലൊന്നാണെന്ന് സി.എന്‍.എന്‍. നിസ്ടെലിന്‍ സഹോദരിമാരെ ആസ്പദമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെലിവിഷനിലൂടെ അന്യഭാഷ പഠിക്കാന്‍ പറ്റുമോയെന്ന് ആശ്ചര്യപ്പെടുന്നവര്‍ക്കായി സഹോദരിമാരുടെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഏങ്ങനെ സ്മാര്‍ട്ടായി ടെലിവിഷനിലൂടെ അന്യഭാഷ പഠിക്കാം എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രധാനമായും മൂന്ന് ടിപ്പുകളാണ് നിസ്ടെലിന്‍ സഹോദരിമാര്‍ പറഞ്ഞു തരുന്നത്.
1) പൂര്‍ണ്ണമായ സമര്‍പ്പണം
അന്യഭാഷ പഠിക്കാനായി ടെലിവിഷനില്‍ നമ്മള്‍ ലക്ഷ്യം വയ്ക്കുന്ന പ്രോഗ്രാമിനായി കൃത്യമായ സമയം നീക്കിവയ്ക്കുക. നിസ്ടെലിന്‍ സഹോദരിമാര്‍ സ്പാനിഷ് ടെലിസീരിയലുകള്‍ ഒരു എപ്പിസോഡ് പോലും വിടാതെ സ്പാനിഷ് പഠിക്കുകയെന്ന ലക്ഷ്യത്തോടെ കാണുമായിരുന്നു. ഈ സമര്‍പ്പണബോധമുണ്ടായാല്‍ നിങ്ങള്‍ക്ക് ഏത് ഭാഷയും അനായാസം വഴങ്ങും
2) സബ് ടൈറ്റിലുകള്‍
മറ്റൊരു ഭാഷ പഠിക്കാനും ഉചിതമായ അര്‍ഥം കണ്ടെത്താനും ഏറ്റവും അനുയോജ്യം അവയെ സ്വന്തം ഭാഷയുടെ സഹായത്തോടെ വായിച്ചെടുക്കുക എന്നതാണ്. അതിനാല്‍ പുതിയഭാഷ പഠിക്കാന്‍ മാതൃഭാഷയില്‍ സബ് ടൈറ്റിലുളള പ്രോഗ്രാമുകളാണ് നല്ലത്. നിസ്ടെലിന്‍ സഹോദരിമാര്‍ കൂടുതലും ശ്രദ്ധിച്ചത് സബ്ടൈറ്റിലുകളുളള സീരിയലുകളും മറ്റ് പ്രോഗ്രാമുകളുമാണ്. അത് അവര്‍ക്ക് ഗുണവും ചെയ്തു.
3) കഥാ സാരമറിയുക
കാണുന്ന സീരിയലിന്‍റെ കഥയെന്താണെന്ന് നിസ്ടെലിന്‍ സഹോദരിമാര്‍ എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യുന്നതിന് മുന്‍പേ മനസ്സിലാക്കും. അത് അവരുടെ ഭാഷാപഠനത്തിന്‍റെ വേഗത വര്‍ദ്ധിപ്പിച്ചു. മുന്‍പേ പ്രസിദ്ധീകരിച്ച നോവലുകളെ ആസ്പദമാക്കിയുളള സീരിയലുകള്‍ ഭാഷാ പഠനത്തിനായി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഇത് നിങ്ങളെ വളരെ വേഗം വിജയത്തിലെത്തിക്കും.