സല്‍മാനെയും മറികടന്ന് ഹൃത്വിക്; ആദ്യവാര കളക്ഷനില്‍ റെക്കോര്‍ഡിട്ട് 'വാര്‍'
നിരൂപകര്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞതെങ്കിലും കളക്ഷനെ അത് മോശമായി ബാധിച്ചിട്ടില്ല.
ഒരിടവേളയ്ക്ക് ശേഷം ഹൃത്വിക് റോഷന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം ബോക്‌സ്ഓഫീസില്‍ മികച്ച വിജയം നേടുകയാണ്. ആദ്യദിന കളക്ഷനില്‍ തന്നെ ബോളിവുഡിലെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഒന്നാമതെത്തിയിരുന്നു ചിത്രം. ഇപ്പോഴിതാ ആദ്യവാരം പിന്നിട്ടപ്പോഴും കളക്ഷനിലെ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ചിത്രം.
ആദ്യ ഒന്‍പത് ദിവസങ്ങളില്‍ ഇന്ത്യയില്‍നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത് 238.35 കോടി രൂപയാണ്. സല്‍മാന്‍ ഖാന്‍ നായകനായ 'ഭാരത്' അത്രയും ദിവസങ്ങളില്‍ നിന്ന് നേടിയതിനേക്കാള്‍ വരും ഇത്. 180.05 കോടിയായിരുന്നു 'ഭാരതി'ന്റെ ആദ്യ ഒന്‍പത് ദിനങ്ങളിലെ ഇന്ത്യന്‍ കളക്ഷന്‍. ബോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങിയവയില്‍ ആദ്യവാരം (ചിലതിന്റേത് extended week) ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ അഞ്ച് ചിത്രങ്ങള്‍ ഇവയാണ്.
1. വാര്‍- 238.35 കോടി (9 ദിനങ്ങള്‍)
2. ഭാരത്- 180.05 കോടി (9 ദിനങ്ങള്‍)
3. കബീര്‍ സിംഗ്- 134.42 കോടി (7 ദിനങ്ങള്‍)
4. മിഷന്‍ മംഗള്‍- 128.16 കോടി (8 ദിനങ്ങള്‍)
5. സാഹോ (ഹിന്ദി)- 116.03 കോടി (7 ദിനങ്ങള്‍)
ഹൃത്വിക്കിനൊപ്പം ടൈഗര്‍ ഷ്രോഫും എത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'വാര്‍'. നിരൂപകര്‍ ചിത്രത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് പറഞ്ഞതെങ്കിലും പ്രേക്ഷകരില്‍ നല്ലൊരു വിഭാഗവും 'വാറി'നെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലുമായി ഇന്ത്യയില്‍ മാത്രം 4000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. വിദേശത്തെ 1350 സ്‌ക്രീനുകളും അടക്കം ആകെ റിലീസ് 5350 സ്‌ക്രീനുകളില്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ്. ഛായാഗ്രഹണം ബെഞ്ചമിന്‍ ഗാസ്പര്‍.
(കണക്കുകള്‍ക്ക് കടപ്പാട്: തരണ്‍ ആദര്‍ശ്)