തമിഴ്നാട് ബോക്സ് ഓഫീസിന് പ്രതീക്ഷ നല്‍കി 'കോടിയില്‍ ഒരുവന്‍'; വിജയ് ആന്‍റണി ചിത്രം റിലീസ്‍ദിനത്തില്‍ നേടിയത്
അനന്ദ കൃഷ്‍ണന്‍ സംവിധാനം ചെയ്‍ത പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രം
കൊവിഡ് കാലം സൃഷ്‍ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യത്തെ തിയറ്റര്‍ വ്യവസായം ഇനിയും മുക്തമായിട്ടില്ല. തമിഴ്നാട് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം. സൂപ്പര്‍താരം അക്ഷയ് കുമാര്‍ നായകനായ 'ബെല്‍ബോട്ടം' റിലീസ് ചെയ്‍തുകൊണ്ട് ബോളിവുഡ് ആണ് കൊവിഡ് രണ്ടാംതരംഗത്തിനു ശേഷമുള്ള തിയറ്റര്‍ റിലീസുകള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ തമിഴില്‍ നിന്ന് ജയലളിതയുടെ ജീവിതകഥ പറയുന്ന കങ്കണ റണൗത്ത് ചിത്രം 'തലൈവി'യും എത്തി. മികച്ച അഭിപ്രായം ലഭിച്ചിട്ടും ബോക്സ്ഓഫീസ് കളക്ഷനില്‍ നിര്‍മ്മാതാക്കള്‍ക്ക് നിരാശയാണ് ഈ ചിത്രങ്ങള്‍ പകര്‍ന്നത്. എന്നാല്‍ ഇപ്പോഴിതാ തമിഴ്നാട് ബോക്സ് ഓഫീസിന് ആശ്വാസം പകര്‍ന്ന് ഒരു പുതിയ ചിത്രം എത്തിയിരിക്കുകയാണ് ഇപ്പോള്‍.
വിജയ് ആന്‍റണിയെ നായകനാക്കി അനന്ദ കൃഷ്‍ണന്‍ സംവിധാനം ചെയ്‍ത പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രം 'കോടിയില്‍ ഒരുവനാ'ണ് അത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്നാട്ടില്‍ നിന്നു മാത്രം നേടിയ ഗ്രോസ് 1.27 കോടിയാണ്. കാണികള്‍ക്ക് 50 ശതമാനം പ്രവേശനമുള്ള നിലവിലെ സാഹചര്യത്തില്‍ ഒരു വിജയ് ആന്‍റണി ചിത്രത്തിന് ലഭിക്കുന്ന മോശമല്ലാത്ത കളക്ഷനാണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം.
സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗും വിജയ് ആന്‍റണിയാണ്. വിജയ രാഘവന്‍ എന്നാണ് വിജയ് ആന്‍റണിയുടെ കഥാപാത്രത്തിന്‍റെ പേര്. ആത്മികയാണ് നായിക. രാമചന്ദ്ര രാജു, പ്രഭാകര്‍, ശങ്കര്‍ കൃഷ്‍ണമൂര്‍ത്തി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona