Spider Man No Way Home Box Office : 'പുഷ്‍പ'യുടെ പ്രഹരമേറ്റിട്ടും ബോക്സ് ഓഫീസില്‍ വീഴാതെ സ്പൈഡര്‍മാന്‍
വ്യാഴാഴ്ചയാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടത്
ഒരു ഹോളിവുഡ് സിനിമയ്ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിംഗോടെയാണ് 'സ്പൈഡര്‍മാന്‍ നോ വേ ഹോം' (Spider Man No Way Home) പ്രദര്‍ശനമാരംഭിച്ചത്. ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട നാല് ഭാഷാ പതിപ്പുകളില്‍ നിന്നായി വ്യാഴാഴ്ച ചിത്രം നേടിയ ഗ്രോസ് 41.50 കോടിയും നെറ്റ് 32.67 കോടിയും ആയിരുന്നു. ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ ഭേദമില്ലാതെയാണ് രാജ്യത്ത് ചിത്രം സ്വീകരിക്കപ്പെട്ടത്. മികച്ച മൗത്ത് പബ്ലിസിറ്റി നേടിയതിനാല്‍ നാല് ദിവസം നീളുന്ന എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡില്‍ ചിത്രം മികച്ച നേട്ടമുണ്ടാക്കുമെന്നും കരുതപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ തിയറ്ററുകളിലെത്തിയ അല്ലു അര്‍ജുന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം സ്പൈഡര്‍മാന്‍റെ രണ്ടാം ദിവസത്തെ കളക്ഷനെ ബാധിച്ചിട്ടുണ്ട്.
തെന്നിന്ത്യയിലാണ് കളക്ഷനിലെ ഈ കുറവ് പ്രകടമായത്. റിലീസ് ദിനമായ വ്യാഴാഴ്ച 32.67 കോടി നെറ്റ് നേടിയ ചിത്രം വെള്ളിയാഴ്ച നേടിയത് 20.37 കോടിയാണ്. അതായത് രണ്ട് ദിവസത്തെ ഗ്രോസ് 67.17 കോടിയും നെറ്റ് 53.04 കോടിയും! വെള്ളിയാഴ്ചത്തെ കളക്ഷനില്‍ കുറവ് സംഭവിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ മികച്ച കളക്ഷന്‍ തന്നെയാണ് അത്. ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം ഇന്ത്യയില്‍ നടത്തുന്ന പ്രകടനത്തിനായി കാത്തിരിക്കുകയാണ് വിതരണക്കാരായ സോണി പിക്ചേഴ്സ്. അതേസമയം ഇന്ത്യയിലെ ആദ്യദിന കളക്ഷനില്‍ അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിം കഴിഞ്ഞാല്‍ ഏറ്റവും മികച്ച ഓപണിംഗ് ലഭിച്ച ഹോളിവുഡ് ചിത്രമാണ് സ്പൈഡര്‍മാന്‍. 53.10 കോടി ആയിരുന്നു അവഞ്ചേഴ്സിന്‍റെ റിലീസ് ദിന കളക്ഷന്‍.
അതേസമയം അല്ലുവിന്‍റെ പുഷ്‍പ ഇന്ത്യയില്‍ റിലീസ് ചെയ്‍ത ചിത്രങ്ങളില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിംഗ് ആണ് നേടിയതെന്നാണ് റിപ്പോര്‍ട്ട്. വിവിധ ഭാഷാപതിപ്പുകളില്‍ നിന്നായി ആദ്യദിനം ചിത്രം 44-46 കോടി നേടിയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.