ബോക്സ് ഓഫീസില്‍ മുന്നോട്ടുതന്നെ; 'സീതാ രാമം' ഒരാഴ്ച കൊണ്ട് നേടിയത്

ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ ചിത്രം റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്

sita ramam one week worldwide box office collection dulquer salmaan mrunal thakur

തെലുങ്കില്‍ ദുല്‍ഖറിന്‍റെ രണ്ടാമത്തെ ചിത്രമാണ് കഴിഞ്ഞ വാരം പുറത്തെത്തിയ സീതാ രാമം. കീര്‍ത്തി സുരേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടി ആയിരുന്നു ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റം. പുതിയ ചിത്രം സീതാ രാമത്തിന് തെലുങ്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളും അങ്ങനെ തന്നെ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ വാരത്തിലെ ആഗോള ഗ്രോസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ആഗോള മാര്‍ക്കറ്റില്‍ നിന്ന് ആദ്യ വാരം കൊണ്ട് 40 കോടിയില്‍ അധികമാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 5.25 കോടി നേടിയിരുന്ന ചിത്രം യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടിയത്. പ്രീ റിലീസ് പ്രീമിയറുകളില്‍ നിന്നടക്കം ചിത്രം നേടിയ യുഎസ് ഓപണിംഗ് 1.67 കോടി ആയിരുന്നു, ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 25 കോടി ആയിരുന്നു. ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് 33 കോടിയും ചിത്രം നേടിയിരുന്നു. 

ALSO READ : സ്ക്രീനിലെ അടിപ്പൂരം; 'തല്ലുമാല' റിവ്യൂ

ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ ചിത്രം റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്. 

സ്വപ്‍ന സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന 'മഹാനടി'യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു. സംഗീതം വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു, ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, അഡീഷണല്‍ സ്ക്രീന്‍പ്ലേ റുഥം സമര്‍, രാജ് കുമാര്‍ കണ്ടമുഡി.

Latest Videos
Follow Us:
Download App:
  • android
  • ios