വൻമരങ്ങള്‍ വീഴും, ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷനില്‍ ഞെട്ടിക്കുന്ന നേട്ടം
ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ നേടിയ കളക്ഷന്റെ കണക്കുകള്‍.
മലയാളത്തില്‍ ചെറിയ പ്രമേയങ്ങളുമായി വന്ന് തിയറ്ററുകളില്‍ വമ്പൻ വിജയമാകുന്ന പതിവ് ആവര്‍ത്തിക്കുകയാണ്. ലാളിത്യമുള്ള ഒരു പ്രമേയത്തില്‍ നിന്ന് കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കാനൊരുങ്ങുകയാണ് ഗുരുവായൂര്‍ അമ്പലനടയിലും. റിലീസിന് ലഭിച്ച മികച്ച പ്രതികരണം ചിത്രത്തിന് ഗുണകരമാകുന്നു. ആഗോളതലത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ 16 കോടി രൂപയില്‍ അധികം വെറും രണ്ട് ദിവസങ്ങള്‍ കൊണ്ട് നേടിയെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയുടെ സംവിധാനം വിപിൻ ദാസാണ്.
ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. പൃഥ്വിരാജിനും ബേസില്‍ ജോസഫിനും ഒപ്പം ചിത്രത്തില്‍ നിഖില വിമലും അനശ്വര രാജനും കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ് ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.
Read More: ക്രൂ ശരിക്കും നേടിയത് എത്ര?, കളക്ഷൻ കണക്കുകള്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക