'ബോണ്ട്' എന്നാല്‍ സുമ്മാവാ; യുഎസ് റിലീസ് നടന്ന 4,407 തിയറ്ററുകളില്‍ നിന്ന് ഒറ്റ ദിവസം നേടിയത്
യുഎസ് കഴിഞ്ഞാല്‍ ഹോളിവുഡ് ചിത്രങ്ങളുടെ ഏറ്റവും പ്രധാന മാര്‍ക്കറ്റ് ആയ ചൈനയില്‍ ചിത്രം ഇനിയും റിലീസ് ചെയ്യപ്പെട്ടിട്ടില്ല. ഈ മാസം 29നാണ് ചൈനീസ് റിലീസ്.
ജെയിംസ് ബോണ്ട് (James Bond) ഫ്രാഞ്ചൈസിയിലെ 25-ാം ചിത്രം, നായകനായി ഡാനിയല്‍ ക്രെയ്‍ഗിന്‍റെ (Daniel Craig) അവസാന ചിത്രം എന്നിങ്ങനെ പ്രത്യേകതകളുമായാണ് 'നോ ടൈം റ്റു ഡൈ' (No Time To Die) തിയറ്ററുകളിലെത്തിയത്. സെപ്റ്റംബര്‍ 28ന് ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രീമിയര്‍ നടന്ന ചിത്രത്തിന്‍റെ യുകെ റിലീസ് 30ന് ആയിരുന്നു. കൂടാതെ 53 രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നു. മുഴുവന്‍ മാര്‍ക്കറ്റുകളിലും നിന്നു നേടിയ വാരാന്ത്യ കളക്ഷന്‍ 88 മില്യണ്‍ പൗണ്ട് (893 കോടി രൂപ) ആയിരുന്നു. എന്നാല്‍ രണ്ട് സുപ്രധാന മാര്‍ക്കറ്റുകളായ യുഎസിലും ചൈനയിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഈ വെള്ളിയാഴ്ച ചിത്രം യുഎസില്‍ പ്രദര്‍ശനം (US Release) ആരംഭിച്ചിരിക്കുകയാണ്. എങ്ങനെയുണ്ട് 25-ാം ബോണ്ട് ചിത്രത്തിന് ഹോളിവുഡ് ആഭ്യന്തര മാര്‍ക്കറ്റിലെ പ്രതികരണം? റിലീസ് ദിനമായിരുന്ന വെള്ളിയാഴ്ചത്തെ കളക്ഷന്‍ കണക്കുകള്‍ (Box Office) പുറത്തെത്തിയിരിക്കുകയാണ്.
4,407 തിയറ്ററുകളിലായിരുന്നു ചിത്രത്തിന്‍റെ യുഎസ് റിലീസ്. അവിടുന്ന് വെള്ളിയാഴ്ച മാത്രം നേടിയത് 23.3 മില്യണ്‍ ഡോളര്‍ (175 കോടി രൂപ) ആണെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച നടന്ന പ്രിവ്യൂ പ്രദര്‍ശനങ്ങളില്‍ നിന്നു നേടിയ 6.3 മില്യണ്‍ ഡോളര്‍ അടക്കമുള്ള ഓപണിംഗ് കളക്ഷന്‍ ആണിത്. ഈ വാരാന്ത്യത്തില്‍ ചിത്രം ആകെ 60 മില്യണ്‍ ഡോളര്‍ (450.7 കോടി രൂപ) നേടിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. മുന്‍കാല ബോണ്ട് ചിത്രങ്ങള്‍ പരിഗണിച്ചാല്‍ ഇത് റെക്കോര്‍ഡ് ഒന്നുമല്ലെങ്കിലും കൊവിഡ് അനന്തര കാലം പരിഗണിക്കുമ്പോള്‍ മികച്ച കളക്ഷന്‍ ആണ്.
ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രങ്ങളെ അപേക്ഷിച്ച് ബോണ്ട് ചിത്രങ്ങള്‍ക്ക് കളക്ഷന്‍ പൊതുവെ കളക്ഷന്‍ കുറവായിരിക്കും. പ്രേക്ഷകരുടെ പ്രായം ഒരു പ്രധാന ഘടകമാണ്. സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ക്ക് കൗമാരക്കാരാണ് ഒരു പ്രധാന പ്രേക്ഷകവൃന്ദമെങ്കില്‍ ബോണ്ട് ചിത്രങ്ങളുടെ പ്രധാന കാണികള്‍ 35ന് മുകളില്‍ പ്രായമുള്ളവരാണ്. കൊവിഡ് അനന്തര കാലമായിട്ടും സാമാന്യം മികച്ച കളക്ഷനില്‍ നോ ടൈം റ്റു ഡൈയെ എത്തിച്ചത് ബോണ്ട് നൊസ്റ്റാള്‍ജിയ ആണെന്നാണ് ഹോളിവുഡിന്‍റെ വിലയിരുത്തല്‍. ഫ്രാഞ്ചൈസിയിലെ 25-ാം ചിത്രം, ഡാനിയല്‍ ക്രെയ്‍ഗിന്‍റെ അവസാനചിത്രം എന്നീ ഘടകങ്ങളൊക്കെ ഈ ഗൃഹാതുരതയ്ക്ക് കാരണമായതായാണ് വിലയിരുത്തല്‍. അതേസമയം യുഎസ് കഴിഞ്ഞാല്‍ ഹോളിവുഡ് ചിത്രങ്ങളുടെ ഏറ്റവും പ്രധാന മാര്‍ക്കറ്റ് ആയ ചൈനയില്‍ ചിത്രം ഇനിയും റിലീസ് ചെയ്യപ്പെട്ടിട്ടില്ല. ഈ മാസം 29നാണ് ചൈനീസ് റിലീസ്.
കാരി ജോജി ഫുക്കുനാഗയാണ് ചിത്രത്തിന്‍റെ സംവിധാനം. ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കൊവിഡ് സാഹചര്യത്തില്‍ റിലീസ് ഒരു വര്‍ഷത്തിലേറെ വൈകിയ ചിത്രമാണിത്. 2020 ഏപ്രിലിലായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. 250 ബില്യണ്‍ ഡോളര്‍ നിര്‍മ്മാണച്ചെലവുള്ള ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് അനിശ്ചിതമായി നീളുന്നത് നിര്‍മ്മാതാക്കളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്നും അതിനാല്‍ ഡയറക്റ്റ് ഒടിടി സാധ്യതകള്‍ പരിഗണിക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ തന്നെ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കളുടെ തീരുമാനം.