ബോക്സ് ഓഫീസില്‍ 100 കോടിയിലേക്ക് 'മാസ്റ്റര്‍'; നിര്‍മ്മാതാക്കള്‍ക്ക് നിരാശയായത് ഉത്തരേന്ത്യ മാത്രം

തെന്നിന്ത്യയിലും ഗള്‍ഫ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ശ്രീലങ്ക, യുഎസ്എ അടക്കമുള്ള അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച ഓപണിംഗ് നേടിയപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് നിരാശ സമ്മാനിച്ചത് നോര്‍ത്ത് ഇന്ത്യന്‍ ബെല്‍റ്റ് ആണ്

master nearing 100 crore in worldwide box office

കൊവിഡ് അടച്ചുപൂട്ടലിനുശേഷം ഇന്ത്യന്‍ സിനിമയില്‍ സംഭവിച്ച ആദ്യ ബിഗ് റിലീസ് ആയിരുന്നു 'മാസ്റ്റര്‍'. ഈ സാധ്യത മുന്നില്‍ക്കണ്ട് ഉത്തരേന്ത്യന്‍ റിലീസിന് വലിയ പ്രാധാന്യമാണ് വിതരണക്കാര്‍ നല്‍കിയിരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളില്‍ നിന്ന് പേരിലും വ്യത്യാസത്തോടെയാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്യപ്പെട്ടത്. 'വിജയ് ദി മാസ്റ്റര്‍' എന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. തെന്നിന്ത്യയിലും ഗള്‍ഫ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ശ്രീലങ്ക, യുഎസ്എ അടക്കമുള്ള അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച ഓപണിംഗ് നേടിയപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് നിരാശ സമ്മാനിച്ചത് നോര്‍ത്ത് ഇന്ത്യന്‍ ബെല്‍റ്റ് ആണ്. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി 1.60 കോടി മാത്രമാണ് ചിത്രം നേടിയ നെറ്റ് കളക്ഷന്‍. വിതരണക്കാര്‍ക്ക് നിരാശ സമ്മാനിക്കുന്ന കണക്കാണ് ഇത്. നഷ്ടം ഒഴിവാക്കണമെങ്കില്‍ 12 കോടിയെങ്കിലും ചിത്രം നേടണമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. ആദ്യ രണ്ട് ദിനങ്ങളില്‍ ഇത്രയും മോശം പ്രകടനം നടത്തിയ ചിത്രത്തിന്‍റെ വാരാന്ത്യ കളക്ഷനിലേക്കാണ് വിതരണക്കാര്‍ ഉറ്റുനോക്കുന്നത്.

അതേസമയം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലെ ആദ്യദിനത്തിലെ കളക്ഷന്‍ നിര്‍മ്മാതാക്കളായ എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. തമിഴ്നാട്ടിലെ ആദ്യദിന കളക്ഷന്‍ മാത്രം 25 കോടി വരുമെന്നാണ് നിര്‍മ്മാതാക്കളുടെ കണക്ക്. ആന്ധ്ര/തെലങ്കാന 10.4 കോടി, കര്‍ണാടക 5 കോടി, കേരളം 2.17 കോടി എന്നിങ്ങനെയായിരുന്നു തെന്നിന്ത്യയില്‍ 'മാസ്റ്ററി'ന്‍റെ ആദ്യദിന കളക്ഷന്‍. വിദേശ മാര്‍ക്കറ്റുകളിലും ചിത്രം റിലീസ് ദിനത്തില്‍ മികച്ച പ്രതികരണം നേടിയിരുന്നു (ഓസ്ട്രേലിയയില്‍ നിന്നു മാത്രം 1.61 കോടി).

master nearing 100 crore in worldwide box office

 

ചെന്നൈ നഗരത്തില്‍ നിന്നുമാത്രം ആദ്യദിനം 1.21 കോടി നേടിയ ചിത്രം മധുരയിലും വന്‍ പ്രതികരണമാണ് നേടുന്നത്. തിരക്ക് മൂലം മധുരയില്‍ നിരവധി അഡീഷണല്‍ ഷോകള്‍ ആദ്യ രണ്ടുദിനങ്ങളില്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ ചങ്ങനാശ്ശേരിയില്‍ രണ്ടാംദിനം ഒരു സ്ക്രീനില്‍ അധികമായി പ്രദര്‍ശനം ആരംഭിച്ചിരുന്നു മാസ്റ്റര്‍. തിരുവല്ല ചിലങ്കയില്‍ ഇന്ന് മുതലും പ്രദര്‍ശനം ആരംഭിച്ചു ചിത്രം. കേരളത്തില്‍ രണ്ടാംദിനം ചിത്രം നേടിയ ഗ്രോസ് 1.66 കോടി ആണെന്നാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം ആദ്യ രണ്ട് ദിനങ്ങളില്‍ കേരളത്തില്‍ നിന്നു മേടിയത് 3.83 കോടി. 50 ശതമാനം പ്രവേശനം വച്ച് നോക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഇത്. 

വിദേശ മാര്‍ക്കറ്റുകളില്‍ ഗള്‍ഫില്‍ നിന്ന് ആദ്യ രണ്ട് ദിനത്തില്‍ 1.35 മില്യണ്‍ ഡോളര്‍, സിംഗപ്പൂര്‍- 3.7 ലക്ഷം ഡോളര്‍, ഓസ്ട്രേലിയ- 2.95 ലക്ഷം ഡോളര്‍, ശ്രീലങ്ക- 2.4 ലക്ഷം ഡോളര്‍, യുഎസ്എ- 1.5 ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് കണക്കുകള്‍. രണ്ട് ദിനങ്ങളിലെ ചിത്രത്തിന്‍റെ ആഗോള ഗ്രോസ് കളക്ഷന്‍ 86.50 കോടി എന്നാണ് പുറത്തുവരുന്ന കണക്കുകള്‍. മൂന്നാം ദിനമായ ഇന്നത്തെ കളക്ഷനോടെ ചിത്രം 100 കോടി പിന്നിടുമെന്ന ഉറപ്പിലാണ് ട്രേഡ് അനലിസ്റ്റുകള്‍. 50 ശതമാനം പ്രവേശനമുള്ള കൊവിഡ് സാഹചര്യത്തില്‍ സിനിമാവ്യവസായത്തിന് ആത്മവിശ്വാസം പകരുന്ന പ്രേക്ഷകപ്രതികരണമാണ് ഇതെന്നാണ് സിനിമാലോകത്തിന്‍റെ വിലയിരുത്തല്‍. 

Latest Videos
Follow Us:
Download App:
  • android
  • ios