ആദ്യ 10 ദിവസം 81 കോടി, 'മഹാരാജ'യ്ക്ക് പിന്നീട് എന്ത് സംഭവിച്ചു? പുതിയ കണക്കുകൾ അവതരിപ്പിച്ച് നിര്‍മ്മാതാക്കൾ
വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം
ഏത് ഭാഷാ സിനിമകളിലും ഹേറ്റേഴ്സ് ഇല്ലാത്ത ചില താരങ്ങളുണ്ട്, തമിഴ് സിനിമയില്‍ വിജയ് സേതുപതിയെപ്പോലെ. താരം മാത്രമല്ല, പ്രതിഭാധനനായ നടനുമാണെന്ന് പലകുറി തെളിയിച്ചിട്ടുള്ള ആളാണ് വിജയ് സേതുപതി. എന്നാല്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പലപ്പോഴും പാളിയിട്ടുണ്ട്. അതിനാല്‍ സോളോ ഹിറ്റുകള്‍ സമീപകാലത്ത് അദ്ദേഹത്തിന് അപൂര്‍വ്വമായിരുന്നു. ഇപ്പോഴിതാ മഹാരാജയിലൂടെ ആ നേട്ടം തിരിച്ചുപിടിച്ചിരിക്കുകയാണ് അദ്ദേഹം.
വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം എന്ന പ്രത്യേകതയുമായാണ് നിതിലന്‍ സ്വാമിനാഥന്‍റെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ മഹാരാജ ജൂണ്‍ 14 ന് തിയറ്ററുകളില്‍ എത്തിയത്. മറ്റ് പ്രധാന ചിത്രങ്ങളൊന്നും എതിരാളികളായി ഇല്ലാതിരുന്ന സമയത്ത് എത്തിയ ഈ ചിത്രം ആദ്യ ദിനങ്ങളില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിയത്. പ്രകടനത്തില്‍ പതിവുപോലെ അമ്പരപ്പിച്ച വിജയ് സേതുപതിയും ചിത്രത്തിന്‍റെ നോണ്‍ ലീനിയര്‍ നരേറ്റീവുമൊക്കെ തിയറ്ററുകളില്‍ വലിയ കൈയടികള്‍ നേടി. മികച്ച ഓപണിംഗുമായി ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങിയ മഹാരാജയ്ക്ക് ആദ്യ 10 ദിനങ്ങളില്‍ 81 കോടി നേടാനായി. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കാണ് ഇത്.
എന്നാല്‍ ഈ 10 ദിനങ്ങള്‍ക്ക് ശേഷം ചിത്രത്തിന്‍റെ കളക്ഷന്‍ താഴേക്ക് പോയി. ഒരാഴ്ച മുന്‍പ് തിയറ്ററുകളിലെത്തിയ പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡിയും മഹാരാജയുടെ കളക്ഷനെ പിന്നോട്ട് വലിച്ചു. എന്നാല്‍ കല്‍ക്കി എത്തിയിട്ടും മഹാരാജ ബോക്സ് ഓഫീസില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടില്ലെന്നാണ് പുതിയ ഒഫിഷ്യല്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്ന് മാത്രമല്ല, വിജയ് സേതുപതിക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
നിര്‍മ്മാതാക്കളായ പാഷന്‍ സ്റ്റുഡിയോസ് പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുകഴിഞ്ഞു. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ആണ് ചിത്രം. 19 ദിവസം കൊണ്ടാണ് ഈ നേട്ടം. വിജയ് സേതുപതിയുടെ താരമൂല്യത്തെ ഇത് ഉയര്‍ത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
ALSO READ : ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്