175 തിയറ്ററുകള്‍; ആദ്യ ദിനം കേരളത്തില്‍ എത്ര? 'ലക്കി ഭാസ്‍കര്‍' കേരള ഓപണിംഗ് പുറത്തുവിട്ട് വിതരണക്കാര്‍
വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്
മലയാളത്തില്‍ ഏറ്റവുമധികം ഓപണിംഗ് നേടാറുള്ള നായക താരങ്ങളില്‍ ഏറെക്കാലമായി മുന്‍നിരയിലുണ്ട് ദുല്‍ഖര്‍ സല്‍മാന്‍. ഇതരഭാഷാ സിനിമകളില്‍, വിശേഷിച്ചും തെലുങ്കില്‍ അതേപോലെ ജനപ്രീതി നേടുകയാണ് സമീപകാലത്ത് അദ്ദേഹം. ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ റിലീസ് ആയി എത്തിയ ലക്കി ഭാസ്കര്‍ ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തിയ തെലുങ്ക് ചിത്രമാണ്. ആഗോള തലത്തില്‍ ചിത്രം നേടിയ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ കേരള ഓപണിംഗ് സംബന്ധിച്ച ഒഫിഷ്യല്‍ കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.
ആദ്യദിനം ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 2.05 കോടിയാണെന്ന് വിതരണക്കാരായ വേഫെറര്‍ ഫിലിംസ് അറിയിച്ചു. ദുല്‍ഖര്‍ സല്‍മാന്‍റെ തന്നെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ, വിതരണ കമ്പനിയാണ് വേഫെറര്‍. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 12.7 കോടിയാണ്. നിര്‍മ്മാതാക്കളായ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് അറിയിച്ചതാണ് ഇത്.
വെങ്കി അറ്റ്ലൂരി രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഭാസ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ലക്കി ഭാസ്കറിൽ ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഈ ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്.
ALSO READ : ഇന്ദ്രന്‍സിനൊപ്പം ജാഫര്‍ ഇടുക്കി; 'ഒരുമ്പെട്ടവന്‍' മോഷന്‍ പോസ്റ്റര്‍ എത്തി