KGF 2 Box Office : മുന്നില്‍ ബാഹുബലി മാത്രം; ദംഗലിനെയും മറികടന്ന് കെജിഎഫ് 2

ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 1000 കോടി കടന്നിട്ടുണ്ട്

kgf 2 hindi india box office surpassed dangal baahubali yash prashanth neel

ഇന്ത്യന്‍ സിനിമാ വ്യവസായ മേഖലയില്‍ ബോളിവുഡിന്‍റെ അപ്രമാദിത്വം അവസാനിക്കുകയാണെന്ന ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് ഏറെക്കാലം ആയിട്ടില്ല. തെന്നിന്ത്യന്‍ സിനിമകള്‍, വിശേഷിച്ചും തെലുങ്ക് സിനിമകള്‍ തുടര്‍ച്ചയായി ഉണ്ടാക്കുന്ന സാമ്പത്തികനേട്ടമായിരുന്നു അതിനു കാരണം. ടോളിവുഡില്‍ നിന്നുള്ള പല വന്‍ ചിത്രങ്ങളുടെയും ഹിന്ദി പതിപ്പുകള്‍ അസാധാരണ വിജയം നേടിയതും ഈ ചര്‍ച്ചയ്ക്ക് ബലം വെപ്പിച്ചു. ബാഹുബലി ഫ്രാഞ്ചൈസി ഒരു തുടക്കം മാത്രമായിരുന്നെങ്കില്‍ അല്ലു അര്‍ജുന്‍റെ പുഷ്‍പ, ബാഹുബലിക്കു ശേഷമുള്ള രാജമൌലിയുടെ സംവിധാന സംരംഭം ആര്‍ആര്‍ആര്‍, കന്നഡ ചിത്രം കെജിഎഫ് 2 എന്നിവയൊക്കെ ആ നേട്ടത്തിലേക്ക് എത്തി. ഈ ചിത്രങ്ങളുടെയൊക്കെ ഹിന്ദി പതിപ്പുകള്‍ ഉണ്ടാക്കിയ ബോക്സ് ഓഫീസ് നേട്ടം സമീപകാല ഹിന്ദി ചിത്രങ്ങള്‍ക്കു പോലും നേടാനായിട്ടില്ല. ഇപ്പോഴിതാ ഈ നിരയില്‍ ഏറ്റവും അവസാനമെത്തിയ കെജിഎഫ് 2 ഹിന്ദി പതിപ്പ് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ കളക്ഷനില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് കെജിഎഫ് 2.

391.65 കോടിയാണ് കെജിഎഫ് 2ന്‍റെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത്. ആമിര്‍ ഖാന്‍റെ ദംഗലിനെയാണ് ചിത്രം പിന്നിലാക്കിയിരിക്കുന്നത്. ദംഗലിന്‍റെ ലൈഫ് ടൈം ഇന്ത്യന്‍ ഗ്രോസ് ആണ് വെറും 21 ദിവസങ്ങള്‍ കൊണ്ട് കെജിഎഫ് 2 പിന്നിലാക്കിയിരിക്കുന്നത്. ഹിന്ദി പതിപ്പ് ബുധനാഴ്ച മാത്രം നേടിയത് 8.75 കോടിയാണ്. അതേസമയം ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ ഗ്രോസില്‍ ഒന്നാമത് ഇപ്പോഴും ബാഹുബലി 2 തന്നെയാണ്. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ പ്രശാന്ത് നീല്‍ ചിത്രത്തിന് ആവുമോ എന്ന കാര്യം കാത്തിരുന്ന് കാണാം.

അതേസമയം ചിത്രം കേരളത്തിലും മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. കേരളത്തില്‍ 60 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള നേട്ടം. കേരള ബോക്സ് ഓഫീസിനെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. കേരളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളായ പുലിമുരുകന്‍, ബാഹുബലി 2, ലൂസിഫര്‍ എന്നിവയ്ക്കു താഴെ നാലാം സ്ഥാനത്താണ് നിലവില്‍ കെജിഎഫ് 2 എന്നും അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രചരിക്കുന്നുണ്ട്. മലയാളത്തിലെ പെരുന്നാള്‍ റിലീസുകള്‍ എത്തിയിട്ടും കെജിഎഫ് 2 നേടുന്ന ഈ മികച്ച പ്രതികരണം തിയറ്റര്‍ ഉടമകളെപ്പോലും അമ്പരപ്പിക്കുന്നുണ്ട്. റംസാന്‍ മാസത്തിനു ശേഷം തിയറ്ററുകള്‍ സജീവമായ മലബാര്‍ മേഖലയിലാണ് ഈ വാരാന്ത്യത്തില്‍ കെജിഎഫ് 2 ന് ഏറ്റവും മികച്ച പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഇതിനകം 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ  ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios