ആഗോള തിയറ്റര്‍ വ്യവസായത്തിന്‍റെ 'രക്ഷകനാ'യി ബോണ്ട്; 'നോ ടൈം റ്റു ഡൈ' 54 രാജ്യങ്ങളില്‍ നിന്ന് നേടിയത്

സെപ്റ്റംബര്‍ 28ന് ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രീമിയര്‍ നടന്ന ചിത്രത്തിന്‍റെ യുകെ റിലീസ് 30നായിരുന്നു

international box office collection of latest james bond movie no time to die

കൊവിഡ് (Covid 19) ലോകത്ത് ഏറ്റവുമധികം നഷ്‍ടമുണ്ടാക്കിയ വ്യവസായങ്ങളിലൊന്നാണ് സിനിമ (Cinema), വിശേഷിച്ചും തിയറ്റര്‍ മേഖല. ഡയറക്റ്റ് ഒടിടി റിലീസുകളിലൂടെ (Direct OTT Release) സിനിമാമേഖല ജീവന്‍ നിലനിര്‍ത്തിയെങ്കില്‍ ലോകമാകെയുള്ള പ്രദര്‍ശനശാലകളുടെ കാര്യം അങ്ങനെ ആയിരുന്നില്ല. മാസങ്ങളോളം അടച്ചിട്ടിരുന്ന തിയറ്ററുകള്‍ തുറന്നപ്പോഴും മിക്ക രാജ്യങ്ങളിലും 50 ശതമാനം പ്രവേശനമടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. തിയറ്റര്‍ എന്ന ശീലം നഷ്‍ടപ്പെട്ട പ്രേക്ഷകരെ അവിടേയ്ക്ക് തിരിച്ചുകൊണ്ടുവരിക എന്നത് ഏറെ ശ്രമകരമായ ദൗത്യമായി മാറിയ കാലം. ഒരു വന്‍ ചിത്രം ആ ദൗത്യം ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. ഇപ്പോഴിതാ ലോകമാകെയുള്ള തിയറ്റര്‍ വ്യവസായത്തിന്‍റെ രക്ഷക സ്ഥാനത്തേക്ക് ഒരു താരചിത്രം വന്നിരിക്കുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. മറ്റൊന്നുമല്ല, ജെയിംസ് ബോണ്ട് (James Bond) ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം 'നോ ടൈം റ്റു ഡൈ' (No Time To Die) ആണ് ആഗോള കളക്ഷനില്‍ (International Box Office) മുന്നേറുന്ന പുതിയ റിലീസ്.

സെപ്റ്റംബര്‍ 28ന് ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രീമിയര്‍ നടന്ന ചിത്രത്തിന്‍റെ യുകെ റിലീസ് 30നായിരുന്നു. യുകെയിലും അയര്‍ലന്‍ഡിലുമായി ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 26 മില്യണ്‍ പൗണ്ട് (264 കോടി രൂപ) ആണ് നേടിയത്. യുകെ സിനിമാ അസോസിയേഷന്‍ പുറത്തുവിട്ട കണക്കാണ് ഇത്. ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുകെ ഓപണിംഗ് ആണിത്. യുകെയില്‍ മാത്രം 772 തിയറ്ററുകളിലായി ദിവസേന 9000 ഷോകളാണ് ചിത്രത്തിന്. റിലീസ് ചെയ്യപ്പെട്ട 54 ലോകരാജ്യങ്ങളില്‍ നിന്നായി ചിത്രം ഇതേകാലയളവില്‍ നേടിയത് 88 മില്യണ്‍  പൗണ്ട് (893 കോടി രൂപ) ആണ്. ഹോളിവുഡ് സിനിമകളുടെ ഏറ്റവും പ്രധാന മാര്‍ക്കറ്റുകളായ അമേരിക്കയിലും ചൈനയിലും ചിത്രം ഇനിയും റിലീസ് ചെയ്യപ്പെട്ടിട്ടില്ല എന്നത് കൂട്ടിവായിക്കുമ്പോള്‍ ഈ ബോക്സ് ഓഫീസ് കണക്കുകള്‍ക്ക് കൈയടിക്കാതെ തരമില്ല. ചൈനീസ് റിലീസിനു മുന്‍പ് 100 മില്യണ്‍ ഡോളര്‍ നേടുന്ന ആദ്യ ഹോളിവുഡ് ചിത്രവുമായിരിക്കുകയാണ് നോ ടൈം റ്റു ഡൈ. യുഎസില്‍ ഈ മാസം 8നും ചൈനയില്‍ 29നുമാണ് ചിത്രത്തിന്‍റെ പ്രീമിയര്‍.

international box office collection of latest james bond movie no time to die

 

ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ 25-ാം ചിത്രമായ നോ ടൈം റ്റു ഡൈ ഇപ്പോഴത്തെ ബോണ്ട് ഡാനിയല്‍ ക്രെയ്‍ഗിന്‍റെ വിടവാങ്ങല്‍ ചിത്രം കൂടിയാണ്. ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്ന 'സ്കൈഫാള്‍'ന് തതുല്യമായ വിജയമാണ് നോ ടൈം റ്റു ഡൈ നിലവില്‍ നേടിക്കൊണ്ടിരിക്കുന്നതെന്നാണ് വിതരണക്കാരായ യൂണിവേഴ്സല്‍ പിക്ചേഴ്സ് (എംജിഎമ്മിനൊപ്പം) അറിയിക്കുന്നത്. 1.1 ബില്യണ്‍ ആയിരുന്നു സ്കൈഫാളിന്‍റെ ആഗോള കളക്ഷന്‍. എന്നാല്‍ ലൈഫ് ടൈം കളക്ഷനില്‍ നോ ടൈം റ്റു ഡൈ സ്കൈഫാളിനൊപ്പം എത്തുമോ എന്നതില്‍ ട്രേഡ് അനലിസ്റ്റുകള്‍ക്ക് സംശയമുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ലോകത്തെ അഞ്ചിലൊരു തിയറ്റര്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ് എന്നതാണ് അതിനു കാരണം.

കാരി ജോജി ഫുക്കുനാഗയാണ് ചിത്രത്തിന്‍റെ സംവിധാനം. ക്രിസ്റ്റോഫ് വാള്‍ട്ട്‌സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്നുസ്സെന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കൊവിഡ് സാഹചര്യത്തില്‍ റിലീസ് ഒരു വര്‍ഷത്തിലേറെ വൈകിയ ചിത്രമാണിത്. 2020 ഏപ്രിലിലായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. 250 ബില്യണ്‍ ഡോളര്‍ നിര്‍മ്മാണച്ചെലവുള്ള ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് അനിശ്ചിതമായി നീളുന്നത് നിര്‍മ്മാതാക്കളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്നും അതിനാല്‍ ഡയറക്റ്റ് ഒടിടി സാധ്യതകള്‍ പരിഗണിക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ തന്നെ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കളുടെ തീരുമാനം.

Latest Videos
Follow Us:
Download App:
  • android
  • ios