തുടക്കത്തിലെ കുതിപ്പ് തുടര്‍ന്നോ 'ഗരുഡന്‍'? 10 ദിവസം കൊണ്ട് നേടിയത്
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
ആദ്യ മാസങ്ങളിലെ വരള്‍ച്ചയ്ക്ക് ശേഷം തമിഴ് ബോക്സ് ഓഫീസ് മെച്ചപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍. ആറണ്‍മണൈ 4 ന് ശേഷം ഒരു തമിഴ് ചിത്രം കൂടി പ്രേക്ഷകരെ കാര്യമായി തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നു. ആര്‍ എസ് ദുരൈ സെന്തില്‍കുമാറിന്‍റെ സംവിധാനത്തില്‍ സൂരി, എം ശശികുമാര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ കേന്ദ്ര കഥാാത്രങ്ങളെ അവതരിപ്പിച്ച ഗരുഡന്‍ ആണ് ആ ചിത്രം.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിലെത്തിയത് മെയ് 31 ന് ആയിരുന്നു. റിലീസ് ദിനത്തില്‍ പ്രേക്ഷകരില്‍ നിന്ന് ഭേദപ്പെട്ട അഭിപ്രായം ലഭിച്ച ചിത്രം ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. തുടര്‍ ദിനങ്ങളിലും ആ പ്രകടനം ബോക്സ് ഓഫീസില്‍ തുടരാന്‍ ചിത്രത്തിന് സാധിച്ചു എന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ 10 ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം രണ്ടാം വാരാന്ത്യത്തില്‍ മാത്രം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 9.25 കോടിയാണ്.
10 ദിവസത്തെ ഇന്ത്യന്‍ കളക്ഷന്‍ 36.25 കോടിയാണ്. തമിഴ് സിനിമകളുടെ ഇന്ത്യന്‍ കളക്ഷന്‍ നോക്കിയാല്‍ ഈ വര്‍ഷത്തെ മികച്ച നാലാമത്തെ കളക്ഷനാണ് ഇത്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയ 6.25 കോടിയും ചേര്‍ത്ത് ആദ്യ 10 ദിവസത്തെ ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 42.50 കോടിയാണ്. ആഗോള കളക്ഷനിലും ഈ വര്‍ഷത്തെ നാലാമത്തെ തമിഴഅ ചിത്രമാണ് ഗരുഡന്‍. ആറണ്‍മണൈ 4, അയലാന്‍, ക്യാപ്റ്റന്‍ മില്ലര്‍ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ചിത്രങ്ങള്‍. ആറണ്‍മണൈ 4 ന് ശേഷം ഈ വര്‍ഷത്തെ രണ്ടാമത്തെ തമിഴ് ഹിറ്റ് ആണ് ഗരുഡനെന്ന് സാക്നില്‍ക് അറിയിക്കുന്നു. ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും ലാര്‍ക് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.