പരാജയങ്ങളില്‍ നിന്ന് മോചനമില്ലാതെ ബോളിവുഡ്; അനുരാഗ് കശ്യപിന്‍റെ 'ദൊബാര' രണ്ട് ദിവസം കൊണ്ട് നേടിയത്
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന അനുരാഗ് കശ്യപ് ചിത്രം
തെന്നിന്ത്യന്‍ ചലച്ചിത്ര വ്യവസായം കൊവിഡിനു ശേഷം ശ്രദ്ധേയ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ കരകയറിയപ്പോള്‍ അതിനു സാധിക്കാത്ത അവസ്ഥയില്‍ തുടരുകയാണ് ബോളിവുഡ്. വലിയ ഹിറ്റ് പ്രതീക്ഷയില്‍ വന്നതല്ലെങ്കിലും താരമൂല്യമുള്ള സംവിധായകനും നടിയും ഒന്നിച്ച ചിത്രമായിരുന്നു ദൊബാര. തപ്സി പന്നുവിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്‍ത ചിത്രം മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ഒന്നായിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന അനുരാഗ് കശ്യപ് ചിത്രവുമായിരുന്നു ഇത്. എന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല.
റിലീസ് ചെയ്യപ്പെട്ട വെള്ളിയാഴ്ച ചിത്രം നേടിയത് വെറും 72 ലക്ഷം മാത്രമായിരുന്നു. ശനിയാഴ്ച അതില്‍ വര്‍ധനവ് ഉണ്ടായെങ്കിലും 1.02 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. ആകെ രണ്ട് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് നേടിയത് 1.74 കോടി മാത്രം. അതേസമയം ചിത്രം കളക്ഷനില്‍ ഏറിയപങ്കും നേടിയത് പ്രീമിയം മള്‍ട്ടിപ്ലെക്സുകളില്‍ നിന്നാണ്. ഞായറാഴ്ചത്തെ കളക്ഷന്‍ ചിത്രത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ്.
പവൈല്‍ ഗുലാത്തി, നാസര്‍, രാഹുല്‍ ഭട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്‍റെ റീമേക്ക് ആണ് ദൊബാര. അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ നിഹിത് ഭാവെയാണ്. ബാലാജി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സില്‍വെസ്റ്റര്‍ ഫൊന്‍സെക, എഡിറ്റിംഗ് ആര്‍തി ബജാജ്, പ്രൊഡക്ഷന്‍ ഡിസൈനിംഗ് ഉര്‍വി അഷര്‍, ഷിപ്ര റവാല്‍, ആക്ഷന്‍ ഡയറക്ടര്‍ അമൃത് പാല്‍ സിംഗ്, വസ്ത്രാലങ്കാരം പ്രശാന്ത് സാവന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമിത് എ നായിക്, പശ്ചാത്തല സംഗീതം ഷോര്‍ പൊലീസ്, സൗണ്ട് ഡിസൈനര്‍ ധിമ്മന്‍ കര്‍മാകര്‍, റീ റെക്കോര്‍ഡിസ്റ്റ് അലോക് ഡേ, സംഗീതം ഷോര്‍ പൊലീസ്, ഗൗരവ് ചാറ്റര്‍ജി, സ്റ്റില്‍സ് തേജീന്ദര്‍ സിംഗ്.
ALSO READ : തെലുങ്കിലെ 'സ്റ്റീഫന്‍' എത്തി; ഒപ്പം സല്‍മാന്‍, നയന്‍താര; 'ഗോഡ്‍ഫാദര്‍' ടീസര്‍