CBI 5 Box Office : തിയറ്ററുകളിൽ അയ്യർ തരംഗം; 'സിബിഐ 5' ആദ്യദിന കളക്ഷന്‍
സിബിഐ അഞ്ചിന്റെ പ്രധാന ആകർഷണം നടൻ ജഗതിയുടെ തിരിച്ചുവരവാണ്.
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി(Mammootty) ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം(CBI 5 The Brain). ഞായറാഴ്ച റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി മുന്നേറുകയാണ്. സിബിഐ സിരീസ് എന്ന പ്രേക്ഷകരിലെ നൊസ്റ്റാള്‍ജിയയെ ആവശ്യത്തിനു മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കെ മധു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്.
ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്ക് അനുസരിച്ച് ആദ്യ ദിവസം ചിത്രം 4.53 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. 1250ലധികം തിയറ്ററുകളിലാണ് കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തത്. 8.50 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവെന്നാണ് റിപ്പോർട്ടുകൾ.
പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമയിൽ എന്തോക്കെയാകും കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു സിനിമാസ്വാദകർ. ആ പ്രതീക്ഷ ചിത്രം കാത്തുവെന്നും ഇല്ലെന്നുമുള്ള റിവ്യൂകൾ പുറത്തുവരുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ശനിയാഴ്ച ബുർജ് ഖലീഫയിൽ പ്രമോ ട്രെയിലർ പ്രദർശിപ്പിച്ചിരുന്നു. കൗതുകം പകരുന്ന ഈ കാഴ്ചയ്ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ മമ്മൂട്ടിയും എത്തി.
സിബിഐ അഞ്ചിന്റെ പ്രധാന ആകർഷണം നടൻ ജഗതിയുടെ തിരിച്ചുവരവാണ്. സിബിഐ അഞ്ചാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യവും ഇത് തന്നെ ആയിരുന്നു. ഈ ചോദ്യങ്ങൾക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ് അണിയറ പ്രവർത്തകർ അറിയിച്ചത്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു.
ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തിയത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.
എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ൻ. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.