തിയറ്ററുകളിലേക്ക് ആളെത്തിയോ? അക്ഷയ് കുമാറിന്‍റെ 'ബെല്‍ബോട്ടം' ആദ്യദിന കളക്ഷന്‍

ഇന്ത്യയില്‍ ആയിരത്തില്‍ താഴെ തിയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്

akshay kumar starring bell bottom first day collection

കൊവിഡ് കാലത്ത് ബോളിവുഡില്‍ നിന്നും ആദ്യമായി തിയറ്ററുകളിലെത്തുന്ന ബിഗ് സ്കെയില്‍ സൂപ്പര്‍താര ചിത്രമാണ് അക്ഷയ് കുമാര്‍ നായകനായ 'ബെല്‍ബോട്ടം'. ബോളിവുഡിന്‍റെ പ്രധാന വിപണികളിലൊന്നായി മഹാരാഷ്ട്രയില്‍ തിയറ്ററുകള്‍ ഇനിയും തുറന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ചിത്രം റിലീസ് ചെയ്യാനുള്ള നിര്‍മ്മാതാക്കളുടെ തീരുമാനത്തില്‍ സിനിമാമേഖലയിലെ പലരും തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. തിയറ്ററുകള്‍ തുറന്ന സംസ്ഥാനങ്ങളില്‍ത്തന്നെ 50 ശതമാനം പ്രവേശനമേ സാധ്യമാകൂ. ഏതായാലും ബോളിവുഡിന്‍റെ ഏറെക്കാലത്തെ കാത്തിരുപ്പിനുശേഷം ചിത്രം ഇന്നലെ തിയറ്ററുകളിലെത്തി. കൊവിഡ് സാഹചര്യത്തില്‍ ബോളിവുഡില്‍ നിന്ന് ആദ്യമായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് ലഭിച്ച സ്വീകരണം എന്താണ്? ചിത്രത്തെക്കുറിച്ച് പോസ്റ്റീവ് അഭിപ്രായങ്ങളാണ് ആദ്യദിനത്തില്‍ ലഭിച്ചതെങ്കിലും ബോക്സ് ഓഫീസ് കണക്കുകള്‍ അത്ര പോസിറ്റീവ് അല്ല.

ഇന്ത്യയില്‍ ആയിരത്തില്‍ താഴെ തിയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. അക്ഷയ് കുമാറിനെപ്പോലെ ഒരു വലിയ താരത്തിന്‍റെ ചിത്രത്തെ സംബന്ധിച്ച് ഇത് താരതമ്യങ്ങള്‍ക്കും താഴെയാണ്. 2.5 കോടി മുതല്‍ 2.75 കോടി വരെയാണ് ചിത്രം ആദ്യദിനം നേടിയതെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. പുതിയ സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇത് പ്രതീക്ഷകള്‍ക്കും താഴെയാണ്. 15-20 ശതമാനം ഒക്കുപ്പന്‍സിയാണ് ഇന്നലെ ലഭിച്ചതെന്നാണ് ബോക്സ് ഓഫീസ് ഇന്ത്യയുടെ കണക്ക്. കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകളിലെത്തിയ റോഹി, മുംബൈ സാഗ എന്നീ ചിത്രങ്ങള്‍ക്ക് ഇതിലും മികച്ച ആദ്യദിന കളക്ഷന്‍ ഉണ്ടായിരുന്നു. മുംബൈ സാഗ 2.82 കോടി നേടിയപ്പോള്‍ റോഹി 3 കോടിക്കു മുകളില്‍ നേടിയിരുന്നു. എന്നാല്‍ ആ സമയത്ത് പല സംസ്ഥാനങ്ങളിലും 100 ശതമാനം പ്രവേശനം അനുവദിച്ചിരുന്ന കാര്യം ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം മികച്ച മൗത്ത് പബ്ലിസിറ്റി നേടുന്ന 'ബെല്‍ബോട്ട'ത്തിന്‍റെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ കളക്ഷനില്‍ വര്‍ധനവ് ഉണ്ടാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് വ്യവസായം.

അതേസമയം പ്രതിസന്ധി ഘട്ടത്തിലെ തിയറ്റര്‍ റിലീസിനെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് അക്ഷയ് കുമാര്‍ ഒരു അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ഈ സമയത്ത് ചിത്രം 30 കോടി നേടിയാല്‍പ്പോലും അത് 100 കോടിക്ക് സമമാണെന്നാണ് അദ്ദേഹം വിലയിരുത്തിയത്- "ബോളിവുഡ് ചിത്രങ്ങളുടെ അഖിലേന്ത്യാ കളക്ഷന്‍റെ 30 ശതമാനം മഹാരാഷ്ട്രയില്‍ നിന്നാണ്. അപ്പോള്‍ ബാക്കി 70 ശതമാനം മാത്രമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. അതില്‍ തന്നെ തിയറ്ററുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം. അതായത് വീണ്ടും 35 ശതമാനമായി കാണികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. പക്ഷേ ആ 35ല്‍ 5-8 ശതമാനം മാത്രം കളക്ഷനായിരിക്കും ലഭിക്കുക. കാരണം ഹൗസ്‍ഫുള്‍ പ്രദര്‍ശനങ്ങളൊന്നും നടക്കാന്‍ സാധ്യതയില്ല എന്നതുതന്നെ. ആയതിനാല്‍ ഇപ്പോള്‍ 30 കോടി നേടിയാല്‍ 100 കോടി പോലെയും 50 കോടി നേടിയാല്‍ 150 കോടി പോലെയുമാണ്", അക്ഷയ് കുമാര്‍ അഭിപ്രായപ്പെട്ടു.

രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെന്‍സില്‍ സ്‍മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios