Ajagajantharam Box Office : തുടര്‍ച്ചയായ നാലാം ഹിറ്റ് സ്വന്തമാക്കി പെപ്പെ; 'അജഗജാന്തരം' ഒറ്റയാഴ്ച നേടിയത്

ഡിസംബര്‍ 23നാണ് ചിത്രം തിയറ്ററുകളിലെത്തിയത്

ajagajantharam first week box office antony varghese tinu pappachan

മലയാളത്തിലെ ഏറ്റവും പുതിയ തിയറ്റര്‍ റിലീസുകളില്‍ പ്രേക്ഷക പിന്തുണയില്‍ ഒന്നാമതുള്ള ചിത്രമാണ് ടിനു പാപ്പച്ചന്‍റെ (Tinu Pappachan) സംവിധാനത്തിലെത്തിയ 'അജഗജാന്തരം' (Ajagajantharam). ആദ്യ വാരം മികച്ച പ്രതികരണം നേടിയതോടെ ചിത്രം രണ്ടാം വാരത്തില്‍ നൂറിലേറെ പുതിയ തിയറ്ററുകളിലേക്കും വിതരണക്കാര്‍ എത്തിച്ചിരുന്നു. ക്രിസ്‍മസ് റിലീസ് ആയി കേരളത്തിലെ 198 സ്ക്രീനുകളില്‍ ഡിസംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ ചിത്രം ആദ്യവാരം ആഗോള ബോക്സ് ഓഫീസില്‍ (Box office) നിന്ന് നേടിയ കളക്ഷന്‍റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ആദ്യവാരം കൊണ്ട് 20 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ഭീതി നിലനില്‍ക്കുകയും 50 ശതമാനം പ്രവേശന നിബന്ധനയുമൊക്കെയുള്ള സാഹചര്യത്തില്‍ മികച്ച കളക്ഷനാണ് ഇത്. കേരളത്തിനു പുറമെ യുഎഇ, ജിസിസി മേഖലയിലും മികച്ച തിയറ്റര്‍ കൗണ്ട് ആയിരുന്നു ചിത്രത്തിന്. കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയതിന് തൊട്ടുപിറ്റേന്നാണ് ഗള്‍ഫില്‍ ചിത്രം പ്രദര്‍ശനമാരംഭിച്ചത്.

അജഗജാന്തരത്തിന്‍റെ വിജയത്തോടെ കരിയറില്‍ ഇതുവരെ പരാജയം അറിയാത്ത താരം എന്ന പദവി ഒന്നുകൂടി ഉറപ്പിക്കുകയാണ് ആന്‍റണി വര്‍ഗീസ് (Antony Varghese). ലിജോ ജോസ് പെല്ലിശ്ശേരിയുടെ 2017 ചിത്രം അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ ആന്‍റണി സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട് എന്നീ ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചത്. ഇതില്‍ ജല്ലിക്കട്ടിന്‍റെ സംവിധാനം ലിജോയും സ്വാതന്ത്ര്യത്തിന്‍റെ സംവിധാനം അജഗജാന്തരത്തിന്‍റെ സംവിധായകന്‍ ടിനു പാപ്പച്ചനുമായിരുന്നു. ഒരു ഉത്സവ പറമ്പിന്‍റെ പശ്ചാത്തലത്തില്‍ ആനയും പാപ്പാന്മാരും നാട്ടുകാരുമൊക്കെ പങ്കാളികളാവുന്ന സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഗാനങ്ങള്‍ അതിന്‍റെ ചടുല താളം കൊണ്ടും കളര്‍ഫുള്‍ ചിത്രീകരണം കൊണ്ടും ശ്രദ്ധ നേടിയിരുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios