ബോക്സ് ഓഫീസ് പടയോട്ടം തുടർന്ന് 'സീതാ രാമം'; ദുൽഖർ ചിത്രം ഇതുവരെ നേടിയത്
ഓഗസ്റ്റ് 5ന് റിലീസ് ചെയ്ത ഈ ചിത്രം തെന്നിന്ത്യയില്‍ മറ്റൊരു മെഗാഹിറ്റാണ് സമ്മാനിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് 'സീതാ രാമം'. ഓഗസ്റ്റ് 5ന് റിലീസ് ചെയ്ത ഈ ചിത്രം തെന്നിന്ത്യയില്‍ മറ്റൊരു മെഗാഹിറ്റാണ് സമ്മാനിച്ചിരിക്കുന്നത്. ദുൽഖൽ സൽമാനെ പാൻ ഇന്ത്യൻ താരമായി മാറ്റുന്നതിൽ സീതാ രാമം വലിയൊരു പങ്കാണ് വഹിച്ചതെന്ന് നിസംശയം പറയാനാകും. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ ഇതുവരെ ചിത്രം നേടിയ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്തുവരുന്നത്.
ദുൽഖർ സൽമാൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി ബോക്സ് ഓഫീസ് വിവരം പങ്കുവച്ചിരിക്കുന്നത്. ആഗോളതലത്തിൽ 75 കോടിയിലധികം കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. "സീതാ രാമത്തിനായി ചൊരിയുന്ന എല്ലാ സ്നേഹത്തിനും നന്ദി", എന്നാണ് കളക്ഷൻ വിവരം പങ്കുവച്ച് ദുൽഖർ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിനും താരത്തിനും ആശംസയുമായി രംഗത്തെത്തുന്നത്. പതിനഞ്ച് ദിവസത്തിൽ 65 കോടി ദുൽഖർ ചിത്രം നേടിയിരുന്നു.
അതേസമയം, വൻ ഹിറ്റിലേക്ക് കടന്ന സീതാ രാമത്തിന്റെ ഹിന്ദി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിന്ദി ഡബ്ബ്‍ഡ് പതിപ്പ് സെപ്റ്റംബര്‍ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. പെൻ സ്റ്റുഡിയോസ് ആണ് ഹിന്ദി തിയറ്റര്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപ്പുഡി ആണ്.
രജിഷ വിജയന്റെ തെലുങ്ക് ചിത്രം 'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു
മുൻപ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്തെത്തിയിരുന്നു. തീർച്ചയായും കാണേണ്ട സിനിമയാണ് സീതാ രാമമെന്നും ഏറെ നാളുകൾക്ക് ശേഷമാണ് നല്ലൊരു സിനിമ കണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. "സീതാ രാമം കണ്ടു. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗങ്ങളുടെയും ഏകോപനത്തിൽ ഒരു മനോഹര ദൃശ്യം അരങ്ങേറി. സാധാരണ പ്രണയ കഥ എന്നതിനപ്പുറം ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്റ്റ് വാച്ച്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധശബ്ദങ്ങളില്ലാതെ കണ്ണിന് കുളിർമയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകൻ ശ്രീ ഹനു രാഘവപുടി, നിർമ്മാതാവ് ശ്രീ അശ്വിനിദത്ത്, സ്വപ്ന മൂവി മേക്കേഴ്‌സ് എന്നിവരുൾപ്പെടെയുള്ള സിനിമാ ടീമിന് അഭിനന്ദനങ്ങൾ", എന്നായിരുന്നു വെങ്കയ്യ നായിഡു ചിത്രത്തെ കുറിച്ച് പറഞ്ഞത്.