ആട് 2 ഒരു അടാര്‍ ഐറ്റം തന്നെ!

Adu 2 review

ഫ്രൈഡേ ഫിലിംഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് മിഥുന്‍ മാനുവല്‍ ജോസ് സംവിധാനം ചെയ്‍ത ചിത്രമാണ് ആട് 2. 2015ല്‍ ഇറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി തന്നെയാണ് ചിത്രം ഒരുക്കിയിരുന്നത്. തീയറ്ററില്‍ കാര്യമായ പ്രതികരണമൊന്നും സൃഷ്ടിക്കാത്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും, ഓണ്‍ലൈന്‍ ചര്‍ച്ചകളിലും പുനര്‍ജീവിക്കുകയും, അവയ്‍ക്കായി 'കള്‍ട്ട്'  ആരാധകര്‍ ഉണ്ടാകുകയും ചെയ്‍തതാണ് രണ്ടാംഭാഗത്തിലേക്ക് ആടിനെ എത്തിക്കാനുള്ള പ്രചോദനം എന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു. ആ രീതിയില്‍ തന്നെ പ്രേക്ഷകന്‍ എന്ന രീതിയില്‍ ചിത്രത്തെ സമീപിച്ചാല്‍ നിരാശപ്പെടുത്താത്ത ഒരു ചിത്രമാണ് ആട് 2.

ഷാജി പാപ്പന്‍ എന്ന ജയസൂര്യയുടെ ഫിഗര്‍ തന്നെയാണ് രണ്ട് മണിക്കൂറോളം നീളമുള്ള ചിത്രത്തെ തോളിലേറ്റി മുന്നോട്ട് നയിക്കുന്നത്. നീലകൊടുവേലിയും വാങ്ങി എല്ലാം ഭാഗ്യത്തിലവസാനിക്കുന്ന ഒന്നാം ഭാഗത്തില്‍ നിന്ന് രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ പരാധീനതകള്‍ കൂടിയ ഷാജി പാപ്പനെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. നടുവേദനയും കുടുംബ പ്രാരാബ്ധങ്ങളും ഷാജി പാപ്പനെ അലട്ടുന്നുണ്ട്. പഴയ ഗ്യാങ്ങ് അബുവും, ക്ലീറ്റസും, ലോലനും ഒക്കെ പാപ്പനോടൊപ്പം പ്രസരിപ്പോടെ തന്നെയുണ്ട്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ ലോലന്‍ മാത്രം ഒരു മേക്ക് ഓവര്‍ നടത്തിയെന്ന് പറയാം. ബാക്കിയെല്ലാ കഥാപാത്രങ്ങളും കഴിഞ്ഞ ഭാഗത്തിന്റെ തുടര്‍ച്ച തന്നെയാണ്.

ഹൈറേഞ്ചിലെ ചെറിയ വലിയ പ്രശ്‌നങ്ങളില്‍ പെട്ട് ഉഴലുന്ന പാപ്പനെയും സംഘത്തിനെയുമാണ് ആദ്യഭാഗത്ത് അവതരിപ്പിക്കുന്നത്. വിജയ് ബാബുവിന്റെ സര്‍ബത്ത് ഷമീര്‍, സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന സാത്താന്‍ സേവ്യര്‍, വിനായകന്റെ ഡ്യൂഡ്, ഇന്ദ്രന്‍സിന്റെ പി പി ശശി എന്നിവരും വിവിധ സന്ദര്‍ഭങ്ങളിലായി സ്‍ക്രീനില്‍ എത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം പുതിയ പാശ്ചാത്തലങ്ങളും കഥഗതികളും നല്‍കുന്ന തരത്തില്‍ രസകരമായി സ്‍ക്രീപ്റ്റ് ഒരുക്കുന്നതില്‍ തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ വിജയിച്ച‍ിട്ടുണ്ട്. ഹൈറേഞ്ചിലെ പ്രശ്‍നങ്ങളില്‍ പെടുന്ന ഷാജിപാപ്പന്‍ ഒരു രാജ്യവ്യാപക വിഷയത്തില്‍ കൂടി ഉള്‍പ്പെടേണ്ടി വരുന്നയിടത്താണ്  ആട് 2 മറ്റൊരു രസകരമായ മുഹൂര്‍ത്തത്തിലേക്ക് നീങ്ങുന്നത്.

Adu 2 review

എങ്ങനെ കാണികള്‍ സ്വീകരിക്കും എന്ന് അറിയാതെ ആയിരിക്കാം സംവിധായകന്‍ ആദ്യഭാഗത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓണ്‍ലൈനിനും ട്രോളുകളിലും ഷാജി പാപ്പനും, ഒപ്പമുള്ള കഥാപാത്രങ്ങളും എങ്ങനെ സ്വീകരിക്കപ്പെട്ടു എന്നത് മനസിലാക്കി, കഥാപാത്രങ്ങളുടെ ഡീറ്റെയിലിംഗിലേക്കാണ് സംവിധായകന്‍ ആട് 2വില്‍ കൂടുതല്‍ ശ്രദ്ധിച്ചത്. അതിനാല്‍, ഒന്നാംഭാഗത്തില്‍ കണ്ടത് പോലുള്ള 'ട്രോള്‍' മൊമന്റ്‌സ് കുറവാണെന്ന് തോന്നിയേക്കാം. പക്ഷെ തന്റെ കഥാപാത്രങ്ങള്‍ എല്ലാം എത്രത്തോളം മണ്ടന്മാരാണ് എന്നത് മനസിലാക്കി ആട് ഭീകരജീവിയാണ് എന്ന സിനിമയേക്കാള്‍ ഇരട്ടി രംഗങ്ങള്‍ സൃഷ്ടിച്ചാണ് സംവിധായകന്‍ രണ്ടാംഭാഗത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇത് കൃത്യമായി മനസിലാക്കുവാന്‍ സാധിക്കുന്ന രംഗങ്ങള്‍ വിനായകന്റെ ഡ്യൂഡ് എന്ന കഥാപാത്രത്തിന്റെതാണ്. ഷാജിപാപ്പന് കൂടുതല്‍ ഹീറോയിസം കാണിക്കാനുള്ള സ്വതന്ത്ര്യം ചിത്രത്തിലുണ്ട്. അത് ഷാജിപാപ്പന്‍ ഫാന്‍സിന് കൈയ്യടിക്കാനുള്ള ചില അവസരങ്ങള്‍ നല്‍കുന്നുമുണ്ട്. പ്രത്യേകിച്ച് 'തേച്ച്‌പോയ' മുന്‍ഭാര്യയ്ക്ക് ഷാജി പാപ്പന്‍ നല്‍കുന്ന മറുപടിയും മറ്റും ഇതിന് ഉദാഹരണം.

സാങ്കേതികമായും മികച്ച രീതിയില്‍ ചിത്രം പരിചരിക്കപ്പെട്ടിരിക്കുന്നു, ചിത്രത്തില്‍ ഒരു കഥാപാത്രം പോലെ ഹൈറേഞ്ചിനെ പരിഗണിച്ചുകൊണ്ടുള്ള ദൃശ്യങ്ങളാണ് ഛായഗ്രാഹകന്‍ വിഷ്‍ണു നാരായണന്‍ ഒരുക്കുന്നത്. ഷാന്‍ റഹ്‍മാന്റെ സംഗീതം ബാക്ഗ്രൗണ്ടായും ഗാനങ്ങളായും പടത്തിന് വേഗത നല്‍കുന്നുണ്ട്. ചിത്രത്തെ ഒരോഘട്ടത്തിലും വേഗതയില്‍ എത്തിക്കുന്നു ലിജോ പോളിന്റെ എഡിറ്റിംഗ്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെയും, അവരുടെ മാനറിസങ്ങളും ഇഷ്‍ടപ്പെടുന്ന പ്രേക്ഷകന് ഒരു കാര്‍ണിവല്‍ കാഴ്‍ചയാണ് ആട് 2 എന്നതില്‍ ഒരു സംശയവുമില്ല. ലോജിക്ക്  മാറ്റിവച്ച് ഒരു എന്റെര്‍ടെയ്‍മെന്റ് ഉദ്ദേശിച്ച് എത്തുന്നവര്‍ക്കും പൈസ വസൂല്‍ ചിത്രമായിരിക്കും ആട്. ഇന്ന് നടക്കുന്ന, അല്ലെങ്കില്‍ നടന്ന ചില സാമൂഹിക വിഷയങ്ങളെ ആക്ഷേപഹാസ്യമായി പറഞ്ഞ് പോകുന്ന സിനിമയിലെ ഡയലോഗുകളില്‍ ചില ലോജിക്കില്ലായ്‍മ നിഴലിക്കുന്നുണ്ടെന്നത് ശരിതന്നെ. പക്ഷേ പ്രേക്ഷകര്‍ സ്വീകരിച്ച കഥാപാത്രങ്ങളെ കൃത്യമായി മനസിലാക്കി ഹാസ്യം നിറയ്‍ക്കാനുള്ള  ശ്രമം ഒന്നാം ഭാഗത്തെക്കാള്‍ മികച്ച ഐറ്റം പ്രേക്ഷകനില്‍ എത്തിച്ചു എന്ന് തന്നെ ഉറപ്പിച്ച് പറയാം.

 

Latest Videos
Follow Us:
Download App:
  • android
  • ios