'എന്തുകൊണ്ട് തെലുങ്ക് പതിപ്പിനും തമിഴ് പേര്'? ചോദ്യമുയർത്തി തെലുങ്ക് പ്രേക്ഷകർ; ഒടുവിൽ നിർമ്മാതാക്കളുടെ മറുപടി

ജയിലറിന് ശേഷമെത്തുന്ന രജനികാന്ത് ചിത്രം. ഫഹദ് ഫാസിലും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങള്‍

why vettaiyan telugu version have the same title lyca productions answers the question of telugu audience

രജനികാന്ത് ചിത്രം വേട്ടൈയന്‍ തിയറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തെലുങ്ക് പ്രേക്ഷകര്‍ ഉയര്‍ത്തിയ ഒരു വിമര്‍ശനത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്യപ്പെടാനിരിക്കുന്ന ചിത്രമാണിത്. പൊതുവെ തമിഴ് ചിത്രങ്ങളുടെ തെലുങ്ക് പതിപ്പ് തെലുങ്ക് ടൈറ്റിലോടെയാണ് എത്താറ്. ഇതിന് വിപരീതമായി വേട്ടൈയന്‍ അതേ പേരില്‍ത്തന്നെയാണ് തെലുങ്കിലും എത്തുന്നത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് തെലുങ്ക് പ്രേക്ഷകരുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനാണ് നിര്‍മ്മാതാക്കള്‍ മറുപടി കൊടുത്തിരിക്കുന്നത്.

തെലുങ്ക് പതിപ്പിനും എന്തുകൊണ്ട് തമിഴ് ടൈറ്റില്‍ എന്നതായിരുന്നു വിമര്‍ശന പോസ്റ്റുകളിലെ പ്രധാന പോയിന്‍റ്. എന്നാല്‍ അതിന് തങ്ങള്‍ ശ്രമിക്കാത്തതല്ലെന്നും തങ്ങളുടെയും ആഗ്രഹം അതായിരുന്നുവെന്നും ലൈക്ക പ്രൊഡക്ഷന്‍സ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വേട്ടൈയന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് വേട്ടഗഡു എന്ന പേരില്‍ പുറത്തിറക്കാനാണ് ആദ്യം ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ആ ടൈറ്റില്‍ ലഭ്യമല്ലെന്ന് മനസിലായത്. പിന്നീട് ചിത്രത്തിന്‍റെ ആകെത്തുകയ്ക്ക് ഏറ്റവും ചേരുന്ന വേട്ടൈയന്‍ എന്ന പേര് റിലീസ് ചെയ്യപ്പെടുന്ന എല്ലാ മൊഴിമാറ്റ പതിപ്പുകള്‍ക്കും ഇടാമെന്ന് തീരുമാനിക്കുകയായിരുന്നു, ലൈക്ക പ്രൊഡക്ഷന്‍സ് അറിയിക്കുന്നു. തെലുങ്ക് പ്രേക്ഷകരുടെ പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജയിലറിന് ശേഷമെത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനിക്കൊപ്പം അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റിതിക സിംഗ്, സാബുമോന്‍ അബ്ദുസമദ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. 

ALSO READ : രാഷ്ട്രീയ ആക്ഷേപഹാസ്യവുമായി സൈജു കുറുപ്പ്; 'പൊറാട്ട് നാടകം' ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios