'മാർക്കോ' മലയാളത്തിലെ മോസ്റ്റ് വയലന്‍റ് സിനിമ; ലഭിച്ചത് എ സർട്ടിഫിക്കറ്റ്, ചിത്രം 20ന് തിയേറ്ററുകളിൽ

ഡിസംബര്‍ 20ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. 

unni mukundan movie Marco got A certificate

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ സെൻസറിങ് പൂർത്തിയായി. മാർക്കോയുടെ ടീസറും പ്രോമോഷൻ ഗാനങ്ങളും നൽകിയ സൂചനകൾ ശരിവെച്ചുകൊണ്ട് വയലൻസ് സിനിമകൾക്ക് നൽകുന്ന എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് 'മാർക്കോ'യ്ക്ക് നൽകിയത്. 

നേരത്തെ മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വയലന്‍റ്  ചിത്രമായിരിക്കും 'മാർക്കോ'യെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗദീഷ് അടക്കമുള്ള നടന്മാർ ഇതിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് സെൻസർ ബോർഡ് ഇപ്പോൾ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡ് നൽകിയിരുന്നത്. ചിത്രം ഡിസംബർ 20 ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ പ്രതീക്ഷയോടെയാണ് മലയാളി സിനിമാ പ്രേക്ഷകർ 'മാർക്കോ'യെ കാത്തിരിക്കുന്നത്.

'മാർക്കോ'യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിൽ ആരംഭിച്ചിട്ടമുണ്ട്. കേരള സ്പീക്കർ എ.എൻ ഷംസീര്‍ ആണ് ഔദ്യോഗികമായി ടിക്കറ്റ് ബുക്കിംഗിന് തുടക്കമിട്ടത്. ഡിസംബർ 20ന് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ 5 ഭാഷകളിലായി ചിത്രമെത്തും. ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ ആയിരത്തിലേറെ ടിക്കറ്റുകളാണ് ബുക്കായിക്കൊണ്ടിരിക്കുന്നത്. 

unni mukundan movie Marco got A certificate

പ്രേക്ഷകർ ഈ വര്‍ഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട് 'മാർക്കോ'. ഐഎംഡിബി പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങളിൽ ആകെയുള്ള മലയാളം സിനിമയും 'മാർക്കോ' മാത്രമാണ് എന്നതാണ് ശ്രദ്ധേയം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനായി ഒരുങ്ങുന്നത്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുകയുമാണ് ക്യൂബ്സ്  എൻ്റർടെയ്ൻമെൻ്റ്സ്. 

ഉണ്ണി മുകുന്ദൻ തന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയുമായി എത്തുമ്പോള്‍ ചിത്രത്തെ കുറിച്ച് ഹൈപ്പ് പതിന്മടങ്ങായി വർദ്ധിച്ചിട്ടുമുണ്ട്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിലേതായി ഇറങ്ങിയടീസർ ഇതിനകം 5.5 മില്യണിലേറെ കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്.'മാർക്കോ'യുടെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്‍റെ  മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാകും മാർക്കോ എന്നാണ് ഏവരുടേയും കണക്കുകൂട്ടൽ. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. 

ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. 

unni mukundan movie Marco got A certificate

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്. 'മിഖായേൽ' സിനിമയുടെ സ്പിൻഓഫായെത്തുന്ന 'മാർക്കോ'യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. 

50 സെക്കന്‍ഡില്‍ പി കെ റോസി എന്ന സാന്നിധ്യം; ഐഎഫ്എഫ്‍കെ സി​ഗ്നേച്ചർ ഫിലിം 'സ്വപ്‍നായനം' വന്ന വഴി

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios