'മലയാളത്തിന്റെ കെജിഎഫോ'; ശ്രദ്ധനേടി 'മാര്‍ക്കോ' ഫാൻമേഡ് അനിമേഷൻ വീഡിയോ
ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തും.
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം 'മാര്‍ക്കോ'യുടെ ഫാൻ മേഡ് അനിമേഷൻ വീഡിയോ ശ്രദ്ധനേടുന്നു. ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയുള്ളതാണ് വീഡിയോ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'മലയാളത്തിന്റെ കെജിഎഫ് ആണോ മാർക്കോ' എന്നാണ് ആരാധകർ കമന്റുകളായി രേഖപ്പെടുത്തുന്നത്. ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തും.
മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ ചിത്രമാണ്. ഉണ്ണി മുകുന്ദൻ, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയ താരങ്ങളെ ഇന്നേവരെ കാണാത്ത ആക്ഷൻ - വയലൻസ് രീതിയിലാണ് 'മാർക്കോ'യിൽ അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂചിപ്പിക്കുന്നുണ്ട് ഓരോ അപ്ഡേറ്റുകളും.
പ്രമുഖ ആക്ഷൻ കോറിയോഗ്രാഫർ കലൈ കിംഗ്സൺ ആക്ഷൻ ഡയറക്ടറായ ചിത്രം 30 കോടി ബഡ്ജറ്റിൽ ഫുൾ പാക്കഡ് ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
'മാർക്കോ'യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. നൂറ് ദിവസത്തോളമുള്ള ചിത്രീകരണം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.
ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം