ബജറ്റ് 300 കോടി, വീണ്ടും തെലുങ്കിൽ കസറാൻ മമ്മൂട്ടി, അതും ആ സൂപ്പർ താരത്തിന്റെ അച്ഛനായിട്ടോ ?
യാത്ര, ഏജന്റ്, യാത്ര 2 എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം.
ഇതര ഭാഷാ സിനിമകളിൽ പുതിയ പടങ്ങൾ പ്രഖ്യാപിക്കുമ്പോൾ മലയാളികളും ശ്രദ്ധിക്കാറുണ്ട്. സൂപ്പർ താരങ്ങളും സംവിധായകരും ഒക്കെ ആകും അതിന് കാരണം. അത്തരം അന്യഭാഷാ സിനിമകളിൽ മലയാള താരങ്ങൾ ഉണ്ടെങ്കിലോ. മലയാളികൾ ഒന്നടങ്കം അതിനെ ആഘോഷിക്കുമെന്ന് ഉറപ്പ്. അത്തരത്തിലൊരു തെലുങ്ക് സൂപ്പർ താരത്തിന്റെ ചിത്രത്തിൽ മമ്മൂട്ടിയും അഭിനയിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോൾ പുറത്തുവരികയാണ്.
കല്‍കി 2898 എഡി എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന സ്പിരിറ്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും അഭിനയിക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം. അനിമൽ എന്ന രൺവീർ ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. സ്പിരിറ്റിൽ പ്രഭാസിന്റെ അച്ഛനായിട്ടാകും മമ്മൂട്ടി എത്തുക എന്നും പ്രചരണം ഉണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളോ സൂചനകളോ ഒന്നും തന്നെ വന്നിട്ടില്ല.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ യാത്ര, ഏജന്റ്, യാത്ര 2 എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാകും സ്പിരിറ്റ്. അതേസമയം ഒരു വർഷം മുൻപ് റിലീസ് ചെയ്ത ഏജന്റ് ഇതുവരെ ഒടിടിയിൽ എത്തിയിട്ടില്ല. അഖിൽ അക്കിനേനി ആയിരുന്നു ചിത്രത്തിലെ നായകൻ.
രണ്ടര വർഷത്തെ സന്ദീപ് റെഡ്ഡിയുടെ പ്രയത്നത്തിന് ഒടുവിൽ എത്തുന്ന സിനിമയാണ് സ്പിരിറ്റ്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് അറുപത് ശതമാനത്തോളം കഴിഞ്ഞെന്നും നവംബറിലോ ഡിസംബറിലോ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഇന്ത്യൻ എക്സ്പ്രസിനോട് സന്ദീപ് റെഡ്ഡി അടുത്തിടെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ആകെ ബജറ്റ് 300 കോടിയാണെന്നും എല്ലാം ശരിയായി വന്നാൽ ആദ്യദിനം 150 കോടി സ്പിരിറ്റ് കളക്ട് ചെയ്യുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..