'ആദിപുരുഷ്' മറക്കാം, ബോളിവുഡില്‍ അടുത്ത രാമായണം വരുന്നു; സീതയാവാന്‍ സായ് പല്ലവി, രാമനും രാവണനുമാവുക ഇവര്‍

അലിയ ഭട്ട് ആവും സീതയുടെ വേഷത്തില്‍ ചിത്രത്തില്‍ എത്തുകയെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്

ramayana from bollywood starring sai pallavi as sita ranbir kapoor as lord rama and yash as ravana nitesh tiwari nsn

രാമായണത്തെ അധികരിച്ച് വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു പ്രഭാസ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷ്. എന്നാല്‍ വന്‍ ബജറ്റിലെത്തിയ ചിത്രത്തിന് പ്രേക്ഷകപ്രീതി നേടാനായില്ല. ഇപ്പോഴിതാ രാമായണത്തെ അധികരിച്ച് ബോളിവുഡില്‍ നിന്ന് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. എന്നാല്‍ ഇത് ഒറ്റ ചിത്രമല്ല. മറിച്ച് മൂന്ന് സിനിമകള്‍ ചേരുന്ന സിനിമാത്രയമാണ്. ഇതില്‍ ആദ്യ ഭാഗത്തിന്‍റെ ചിത്രീകരണം 2024 ന്‍റെ തുടക്കത്തില്‍ ആരംഭിക്കും. നിതേഷ് തിവാരിയാണ് സംവിധാനം. അതേസമയം ചിത്രത്തിന്‍റെ കാസ്റ്റിംഗ് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ഊഹാപോഹങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തത ആയിട്ടുണ്ട്. രാമായണ എന്ന് തന്നെയാണ് ചിത്രത്തിന്‍റെ പേര്.

സീതയായി എത്തുക സായ് പല്ലവിയാണെങ്കില്‍ രാമന്‍റെ വേഷത്തില്‍ വരുന്നത് രണ്‍ബീര്‍ കപൂര്‍ ആണ്. മറ്റൊരു പ്രധാന കഥാപാത്രം രാവണനായി എത്തുന്നത് ഒരു തെന്നിന്ത്യന്‍ സൂപ്പര്‍താരമാണ്. കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ കന്നഡ താരം യഷ് ആണ് രാവണനെ അവതരിപ്പിക്കുന്നത്. 

വിഷ്വല്‍ എഫക്റ്റ്സിലെ മോശം നിലവാരത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പരിഹാസം നേരിട്ട ചിത്രമായിരുന്നു ആദിപുരുഷ്. ഈ മാതൃക മുന്നിലുള്ളതുകൊണ്ടുതന്നെ ആ മേഖലയില്‍ ഏറെ ശ്രദ്ധിക്കാനാണ് രാമായണ അണിയറക്കാരുടെ തീരുമാനം. വിഎഫ്എക്സില്‍ ഓസ്കര്‍ നേടിയിട്ടുള്ള ഡിഎന്‍ഇജി എന്ന കമ്പനിയാണ് ചിത്രവുമായി സഹകരിക്കുന്നത്. 

അലിയ ഭട്ട് ആവും സീതയുടെ വേഷത്തില്‍ ചിത്രത്തില്‍ എത്തുകയെന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെത്തുടര്‍ന്ന് അലിയ പ്രോജക്റ്റില്‍ നിന്ന് പിന്മാറുകയായിരുന്നു. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചലച്ചിത്ര ത്രയത്തിലെ ആദ്യ ഭാഗം. ശ്രീലങ്കയില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന രണ്ടാം ഭാഗത്തില്‍ യഷിന്‍റെ രാവണന് ആയിരിക്കും പ്രാധാന്യം. ആദ്യ ഭാഗത്തിലെ അഭിനയത്തിന് യഷ് 15 ദിവസത്തെ ഡേറ്റ് ആണ് നല്‍കിയിരിക്കുന്നത്. 

ALSO READ : 'ജയിലര്‍' പത്താമത്! ഇന്ത്യന്‍ ബോക്സ് ഓഫീസിലെ എക്കാലത്തെയും വലിയ 9 ഹിറ്റുകള്‍, അവയുടെ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios