Asianet News MalayalamAsianet News Malayalam

'മലയാളി ഫ്രം ഇന്ത്യ' കഥാമോഷണ ആരോപണം; പ്രൊഡ്യൂസേഴ്സ് അസോസിയേഷനും റൈറ്റേഴ്സ് അസോസിയേഷനും രംഗത്ത്

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

producers association and writers association support malayalee from india movie story issue
Author
First Published May 9, 2024, 8:55 PM IST

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ നിഷാദ് കോയ ഉയർത്തിയ വിവാദങ്ങളെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും റൈറ്റേഴ്സ് അസോസിയേഷനും. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

"മലയാളി ഫ്രം ഇന്ത്യ"യുടെ തിരക്കഥ മോഷണമാണെന്നായിരുന്നു തിരക്കഥാകൃത്ത് നിഷാദ് കോയ ഉയർത്തിയ വിവാദം. ഒരേ കഥ, ആശയം എന്നിവയൊക്കെ ഒന്നിലധികം എഴുത്തുകാർക്ക് ഉണ്ടായേക്കാം. അതും കൊവിഡ് കാലത്ത് ഒരു ഇന്ത്യക്കാരനും പാക്കിസ്ഥാനിയും ഒരുമിച്ച് കോറന്റൈനിൽ ആകുക എന്ന ചിന്തയും സ്വഭാവികമാണ്. അത്തരത്തിൽ ഇവിടെ സംഭവിച്ചത് വെറും സാദൃശ്യം മാത്രമാണെന്ന് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ റൈറ്റേഴ്സ് യൂണിയനു വേണ്ടി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. 

'പ്രൊഡ്യൂസർ... മോഷ്ടിച്ച കഥയല്ലേ നിർമ്മിച്ചത് എന്നൊക്കെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും? എനിക്കങ്ങനെ ഒരു കഥ മോഷ്ടിക്കേണ്ട ആവശ്യമുണ്ടോ? ഞാൻ ഈ വർഷം തന്നെ നാലഞ്ച് സിനിമകൾ ചെയ്യുന്നുണ്ട്, അതിൽ ഒരു നിർമാതാവ് എന്ത് തെറ്റാണ് ചെയ്യുന്നത്? എന്നെല്ലാം മലയാളി ഫ്രം ഇന്ത്യയുടെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റിഫനും പത്ര സമ്മേളനത്തിൽ ചോദിച്ചു. ഒരു വർഷം മുന്നേ ഈ കഥ എഴുത്ത്കാരനായ ഷാരിസ് എന്നോട് പറഞ്ഞതാണ്. അന്ന് ഞാനതിന് ഒക്കെ പറഞ്ഞില്ല. പിന്നീട് ഡയറക്ടർ ആയി ഡിജോ വന്നപ്പോൾ ആണ് ഞാൻ ഒക്കെ പറഞ്ഞത്. എന്റെ തന്നെ എത്രയോ ചിത്രങ്ങൾ പരാജയമായിട്ടുണ്ട്. പക്ഷെ ഇങ്ങനെയാണോ ഒരു സിനിമയെ അപമാനിക്കുന്നത്? അതും സിനിമ കുടുംബത്തിലുള്ള ഒരാൾ തന്നെ... അതുകൊണ്ടാണ് ഞാൻ എന്റെ സംഘടനയ്ക്ക് പരാതി നൽകിയത്' എന്ന് ലിസ്റ്റിൻ വ്യക്തമാക്കി. 

producers association and writers association support malayalee from india movie story issue

"മലയാളി ഫ്രം ഇന്ത്യ" സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഷാരിസ് മുഹമ്മദാണ്, ഡിജോയല്ല. ഈ സിനിമ ആദ്യമായി സംവിധാനം ചെയ്യാനിരുന്നത് എല്ലാം ശരിയാകും എന്ന സിനിമയുടെ ഛായാഗ്രാഹകനായ ശ്രീജിത്തായിരുന്നു. 2021ൽ കൊവിഡ് കാലത്തായിരുന്നു അത്. ഇന്ത്യക്കാരനും പാകിസ്‌താനിയും ക്വാറന്റൈയിനിലായിപ്പോകുന്ന കഥയാണ് ഷാരിസ് ശ്രീജിത്തിനോട് പറഞ്ഞത്. ഞങ്ങൾ ശ്രീജിത്തിനോട് സംസാരിച്ചിരുന്നു. അവർ വർക്ക് ചെയ്‌ത ഡ്രാഫ്റ്റുകൾ കയ്യിലുണ്ട്. ഷാരിസും ശ്രീജിത്തും ഈ കഥ സിനിമയാക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെ ഇരുവരും ഹാരിസ് ദേശം എന്ന പ്രൊഡ്യൂസറിനെ കണ്ടിരുന്നു. അദ്ദേഹം ഒരു പ്രൊഡക്ഷൻ കൺട്രോളർ കൂടെയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ കയ്യിലുള്ള സ്ക്രീൻഷോട്ടുകളൊക്കെ ഷെയർ ചെയ്തിട്ടുണ്ട്. അതും 2021 ആഗസ്റ്റിലാണ്. റോഷൻ മാത്യുവിനോട് കഥപറയാനാണ് അദ്ദേഹം ഇവരോട് ആവശ്യപ്പെട്ടത്. അതിനായി റോഷൻ മാത്യുവിന്റെ അപ്പോയ്ന്റ്മെന്റും അദ്ദേഹമാണ് എടുത്തു കൊടുക്കുന്നത്.

ഈ ചർച്ചകൾ കുറച്ച് മുന്നോട്ടുപോയെങ്കിലും പിന്നീട് എങ്ങുമെത്താതിരുന്ന സമയത്താണ് ഷാരിസ് ജനഗണമന എന്ന സിനിമയുടെ ഇടയിൽ ഡിജോയോട് ഈ കഥയെ കുറിച്ച് പറയുന്നത്. ഷാരിസ് സിനിമയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഡ്രാഫ്റ്റ് പൂർത്തിയാക്കിയത് ശ്രീജിത്ത് എന്ന സംവിധായകന് വേണ്ടിയാണ്. അതും ജനഗണമനയുടെ മുമ്പാണ്. അതുകൊണ്ടു തന്നെ മലയാളി ഫ്രം ഇന്ത്യയുടെ ടൈറ്റിലിൽ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ എന്ന ക്രെഡിറ്റ് ശ്രീജിത്തിന് ഷാരിസ് കൊടുത്തിട്ടുണ്ട്. അതിന് ശേഷമാണ് ഡിജോ വരുന്നതും ഈ സിനിമ ചെയ്യുന്നതും. ജയസൂര്യയുമായും ഞങ്ങൾ സംസാരിച്ചിരുന്നു.

ഡിജോയുമായി ഒരു പരസ്യം ചെയ്യുന്നതിന്റെ ഇടയിലാണ് ജയസൂര്യ നിഷാദ് കോയയുടെ ഒരു സിനിമയുണ്ട് നിനക്ക് ചെയ്യാൻ താത്പര്യമുണ്ടോയെന്ന് ചോദിക്കുന്നത്. താൻ ആ സിനിമയെ കുറിച്ച് എന്തോ ഒരു വരി മാത്രമേ ഡിജോയോട് പറഞ്ഞിട്ടുള്ളുവെന്നും വിശദമായി പറഞ്ഞില്ലെന്നുമാണ് ജയസൂര്യ പറയുന്നത്. അത് വിശദമായി പറയേണ്ടത് തിരക്കഥാകൃത്താണ് എന്നാണ് ജയസൂര്യ അന്ന് പറഞ്ഞത്. ശേഷം നിഷാദ് കോയയും ഡിജോയുമായി കമ്മ്യൂണിക്കേഷൻ ഒന്നും നടക്കുന്നില്ല. രഹസ്യമായിട്ടൊന്നുമല്ല ഡിജോ ഈ സിനിമ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

producers association and writers association support malayalee from india movie story issue

ഇതിനിടയിലാണ് കഥയിലെ സാമ്യത പൃഥ്വിരാജ് പറഞ്ഞതിൽ നിന്ന് മനസിലാക്കി നിഷാദ് കോയ ഡിജോയെ ബന്ധപ്പെടുന്നത്. ആവശ്യമാണെങ്കിൽ താൻ അങ്ങോട്ട് വിളിക്കാമെന്നും പക്ഷേ ഈ സിനിമയുടെ പ്രവർത്തനവുമായി ഇപ്പോൾ മുന്നോട്ട് പോകുകയാണെന്നും ഡിജോ പറയുകയും ചെയ്‌തു. ആ സമയത്ത് നിഷാദ് കോയ ഒരു പിഡിഎഫ് ഡിജോയ്ക്ക് അയച്ച് നൽകിയിരുന്നു. എന്നാൽ ഡിജോ അത് ഡൗൺലോഡ് പോലും ചെയ്തിരുന്നില്ല. 

ഇനി വൈശാഖിനെ ശല്യം ചെയ്യണ്ടാ ! 'ജോസച്ചായന്റെ' തീപ്പൊരി ഐറ്റം മൂന്ന് നാളിൽ, കാത്തിരിപ്പ് അവസാനിപ്പിക്കാം..

ഇക്കാര്യങ്ങൾ എല്ലാം തങ്ങൾ കൃത്യമായി വിലയിരുത്തിയിട്ടുണ്ടെന്നും ആ  സാഹചര്യങ്ങളെ കുറിച്ചെല്ലാം പഠിച്ചാണ് തങ്ങൾ ഇപ്പോൾ ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നതെന്നും ബി. ഉണ്ണിക്കൃഷ്ണ‌ൻ പറഞ്ഞു. ഇങ്ങനെയുള്ള ചരിത്രം മുൻപും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിസ്റ്റിൻ സ്റ്റീഫൻ, ബി ഉണ്ണികൃഷ്ണൻ, സിയാദ് കോക്കർ, അനിൽ തോമസ്, ജി നു വി  എബ്രഹാം, ചിത്രത്തിന്റെ ഡയറക്ടർ ഡിജോ ജോസ് ആന്റണി, തിരക്കഥാകൃത്ത്  ഷാരിസ് മുഹമ്മദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. എന്തൊക്കെയായാലും വിവാദങ്ങൾക്കിടയിലും ഡിഗ്രേഡിങ്ങിനിടയിലും മലയാളി ഫ്രം ഇന്ത്യ പ്രേക്ഷകർക്കിടയിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios