'പൊറാട്ട് നാടകം' സംവിധായകൻ സിദ്ദിഖിനുള്ള ​ഗുരുദക്ഷിണ

സിനിമ തീയേറ്ററിലെത്തുമ്പോൾ നൗഷാദിനെയും മറ്റുള്ള അണിയറ പ്രവർത്തകരെയും ദുഖിപ്പിക്കുന്നത് സംവിധായൻ സിദ്ധിഖിന്റെ മരണമാണ്.

Porattu Nadakam movie Noushad Saffron director interview

നൗഷാദ് സഫ്രോണിന്റെ ആദ്യ സിനിമ പി. പദ്മരാജന്റെ നൊമ്പരത്തിപ്പൂവ് ആയിരുന്നു. അന്ന് ബാലതാരമായിരുന്ന നൗഷാദ്, പിന്നീട് ഏതാനും സിനിമകളിൽ അഭിനയിച്ചു. കുറച്ചുകൂടെ വലുതാകുമ്പോൾ തിരികെ സിനിമയിൽ എത്തിക്കാമെന്ന് പദ്മരാജൻ വാക്കുപറഞ്ഞിരുന്നതാണ്. പക്ഷേ, ആകസ്മികമായി പദ്മരാജൻ വിടവാങ്ങി.

വർഷങ്ങൾക്ക് ശേഷം നൗഷാദ് സഫ്രോൺ സിനിമയിൽ മടങ്ങിയെത്തുകയാണ്, ഒക്ടോബർ 18ന് റിലീസ് ചെയ്യുന്ന 'പൊറാട്ട് നാടക'ത്തിലൂടെ. ഇത്തവണ നടനായല്ല, സംവിധായകനായാണ് മടക്കം. പി. പദ്മരാജനെപ്പോലെ മറ്റൊരു വലിയ മലയാള സംവിധായകന്റെ പിന്തുണയിലാണ് ഈ സിനിമയും നൗഷാദ് ചെയ്തത്. ​ഗുരുദക്ഷിണയായി ചെയ്ത സിനിമ തീയേറ്ററിലെത്തും മുൻപേ ആ ​ഗുരു, സംവിധായകൻ സിദ്ധിഖ് വിട്ടു പിരിഞ്ഞു.

"എനിക്ക് വേണ്ടി നൂറ് ശതമാനം സിദ്ധിഖ് സർ ഡിസൈൻ ചെയ്ത സിനിമയാണിത്. ഇത് റിലീസ് ചെയ്യുമ്പോൾ സാർ സ്വർ​ഗ്​ഗത്തിലിരുന്ന് ഇത് കാണും എന്നാണ് എന്റെ പ്രതീക്ഷ" കൊച്ചി സ്വദേശിയായ നൗഷാദ് സഫ്രോൺ പറയുന്നു.

ആക്ഷേപഹാസ്യത്തിലൂടെ കേരള സമൂഹത്തെ നോക്കിക്കാണുകയാണ് നൗഷാദിന്റെ പൊറാട്ട് നാടകം. സൈജു കുറുപ്പ്, ധർമ്മജൻ ബോൾ​ഗാട്ടി, ചിത്ര നായർ, നിർമ്മൽ പാലാഴി എന്നിങ്ങനെ അഭിനേതാക്കളുടെ നീണ്ട നിരയുണ്ട് സിനിമയിൽ. തിരക്കഥയെഴുതിയത് ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ സുനീഷ് വാരനാടാണ്.

"സിദ്ധിഖ് സർ ആണ് സുനീഷിനെ പരിചയപ്പെടുത്തിയത്. ഞാൻ വർഷങ്ങളായി സിദ്ധിഖ് സാറിന്റെ സിനിമകളുടെ ഭാ​ഗമാണ്. ഒരുപാട് കഥകൾ ചർച്ച ചെയ്തു. ഒടുവിൽ സിദ്ധിഖ് സർ തന്നെ പറഞ്ഞ ഒരു കഥ സിനിമയാക്കാൻ തീരുമാനിച്ചു. എഴുതാൻ പക്ഷേ, സാറിന് സമയമില്ലായിരുന്നു. അങ്ങനെ ഒരു എഴുത്തുകാരനെ തേടി നടക്കുമ്പോഴാണ് സിദ്ധിഖ് സർ തന്നെ സുനീഷിനെ പരിചയപ്പെടുത്തിയത്." നൗഷാദ് സഫ്രോൺ പറയുന്നു.

സിനിമയുടെ ആദ്യം മുതൽ അവസാനം വരെ സിദ്ധിഖ് കൂടെ നിന്നു. സുനീഷ് വാരനാട് പറഞ്ഞ കഥ, സിദ്ധിഖ് ഉടച്ചു വാർത്തു. പ്രധാന വേഷത്തിലേക്ക് സൈജു കുറുപ്പിനെ നിർദേശിച്ചതും സിദ്ധിഖ് തന്നെയാണെന്ന് നൗഷാദ് പറയുന്നു.

പാലക്കാട് പ്രചാരത്തിലുള്ള ആക്ഷേപഹാസ്യ കലാരൂപമായ പൊറാട്ട് നാടകത്തിൽ നിന്നും ഒരുപാട് പ്രചോദനങ്ങൾ സിനിമയിലുണ്ട്. സിനിമയിലുള്ള കഥാപാത്രങ്ങളിൽ അധികം പേരെയും സിനിമ ചിത്രീകരിച്ച കാസർകോട്, കാഞ്ഞങ്ങാട് പ്രദേശങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. 40 ദിവസം കൊണ്ട് പ്ലാൻ ചെയ്ത ഷൂട്ടിങ് 27 ദിവസം കൊണ്ട് പൂർത്തിയാക്കുകയും ചെയ്തു.

സിനിമ തീയേറ്ററിലെത്തുമ്പോൾ നൗഷാദിനെയും മറ്റുള്ള അണിയറ പ്രവർത്തകരെയും ദുഖിപ്പിക്കുന്നത് സംവിധായൻ സിദ്ധിഖിന്റെ മരണമാണ്. സിനിമ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലെത്തിയപ്പോഴാണ് സിദ്ധിഖിന്റെ മരണം. അതോടെ സിനിമയുടെ പണികളെല്ലാം നിറുത്തിവച്ചു - നൗഷാദ് പറഞ്ഞു.

ആക്ഷേപഹാസ്യമാണെങ്കിലും സിനിമ പൂർണ്ണമായും രാഷ്ട്രീയമോ വിവാദമോ അല്ല ലക്ഷ്യമിടുന്നതെന്ന് നൗഷാദ് പറയുന്നു. കുടുംബങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്ന വിഷയമാണ് സിനിമ പറയുന്നത്. അത് നൂറ് ശതമാനം ഹാസ്യത്തിലൂടെ പറയുന്നു. ചിരിപ്പിച്ച് ചിന്തിപ്പിക്കുകയാണ് ചിത്രം- അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios