മഞ്‍ജു വാര്യര്‍ക്കു വേണ്ടി ആലോചിച്ച വേഷം, ഒടുവില്‍ നായികയായത് പൂജാ ബത്ര
മഞ്‍ജു വാര്യര്‍ക്ക് വേണ്ടി ആലോചിച്ച കഥാപാത്രമായിട്ടാണ് പൂജാ ബത്ര മലയാളത്തിലേക്ക് എത്തുന്നത്.
ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായ പൂജാ ബത്രയുടെ (Pooja Batra)ജന്മദിനമാണ് ഇന്ന്. മലയാളികള്‍ക്കും പ്രിയങ്കരിയായ താരമാണ് പൂജാ ബത്ര. പൂജാ ബത്രയ്‍ക്ക് ജന്മദിന ആശംസകളുമായി താരങ്ങള്‍ രംഗത്ത് എത്തിയിട്ടുമുണ്ട്. പൂജാ ബത്ര മലയാളത്തിലേക്ക് എത്തിയത് മഞ്‍ജു വാര്യര്‍ക്ക് (Manju Warrier) പകരക്കാരിയായിട്ടാണ് എന്ന കാര്യം ഇരുതാരങ്ങളുടെയും ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് അക്കാലത്ത് ഏറെ തിരക്കുള്ള മഞ്‍ജു വാര്യരെയായിരുന്നു. മോഹൻലാലിന്റെ നായികാ കഥാപാത്രമായി തന്നെ പ്രിയദര്‍ശൻ പരിഗണിച്ചിരുന്നുവെന്ന് മഞ്‍ജു വാര്യര്‍ അറിഞ്ഞത് അടുത്തകാലത്തുമാണ്. മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് പ്രിയദര്‍ശൻ ഇക്കാര്യം മഞ്‍ജു വാര്യരോട് പറഞ്ഞത്. ലേഖ എന്ന കഥാപാത്രായി അഭിനയിക്കാനുള്ള അവസരം വഴിമാറിയതില്‍ നിരാശ തോന്നിയെന്നും മഞ്‍ജു വാര്യര്‍ പറഞ്ഞിരുന്നു. മഞ്‍ജു വാര്യരെ ബന്ധപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ് അന്ന് ആ അവസരം നഷ്‍ടപ്പെട്ടത്. അങ്ങനെ ചന്ദ്രലേഖയിലെ ആ കഥാപാത്രമായി പൂജാ ബത്ര അഭിനയിക്കുകയും എല്ലാവരുടെയും പ്രിയം സ്വന്തമാക്കുകയും ചെയ്‍തു.
പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത ചിത്രം നൂറ് ദിവസത്തിലധികം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രിയദര്‍ശൻ- മമ്മൂട്ടി ടീമിന്റെ മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും പൂജാ ബത്ര വേഷമിട്ടിട്ടുണ്ട്.