'സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള'; ഐപിഎല്‍ ഫൈനല്‍ കാണാന്‍ ദുബൈ സ്റ്റേഡിയത്തില്‍ മോഹന്‍ലാല്‍
തൊടുപുഴയില്‍ നടന്നിരുന്ന 'ദൃശ്യം 2'ന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഏതാനും ദിവസം മുന്‍പാണ് മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ കാണാന്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ മോഹന്‍ലാലും. തൊടുപുഴയില്‍ നടന്നിരുന്ന 'ദൃശ്യം 2'ന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഏതാനും ദിവസം മുന്‍പാണ് മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയത്. സുഹൃത്ത് സമീര്‍ ഹംസയ്ക്കൊപ്പം മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയതിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ ഫൈനല്‍ കാണാന്‍ ടെലിവിഷനിലേക്ക് കണ്ണുനട്ടിരുന്ന മലയാളികള്‍ക്ക് മോഹന്‍ലാലിന്‍റെ കാഴ്ച തികച്ചും സര്‍പ്രൈസ് ആയി. 'സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള' എന്നു വിശേഷിപ്പിച്ചാണ് കമന്‍റേറ്റര്‍ മോഹന്‍ലാലിനെ അന്തര്‍ദേശീയ കാണികള്‍ക്ക് പരിചയപ്പെടുത്തിയത്.
അതേസമയം മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടക്കുന്ന ഫൈനലില്‍ ഡല്‍ഹിയാണ് ആദ്യം ബാറ്റി ചെയ്യുക. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഐപിഎല്‍ കിരീടം തേടിയാണ് ഡല്‍ഹി ഇറങ്ങുന്നത്. അതേസമയം അഞ്ചാം കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്. കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ശേഷം തുടര്‍ച്ചയായി രണ്ട് ഐപിഎല്‍ കിരീടങ്ങളെന്ന നേട്ടവും രോഹിത്തിനേയും സംഘത്തേയും കാത്തിരിക്കുന്നുണ്ട്. ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിട്ട ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഡല്‍ഹി ഇറങ്ങുന്നത്. മുംബൈ ഒരു മാറ്റം വരുത്തി. രാഹുല്‍ ചാഹറിന് പകരം ജയന്ത് യാദവ് ടീമിലെത്തി.
അതേസമയം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാലിന് ഇനി അഭിനയിക്കാനുള്ളത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ് ആണു നായിക. സായ് കുമാര്‍, സിദ്ദിഖ്, അശ്വിന്‍ കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പാലക്കാടാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഈ മാസം പകുതിയോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയുന്നു.