Asianet News MalayalamAsianet News Malayalam

കൊറിയന്‍ പോപ്, പ്രണയം… "ഓ മൈ ഡാര്‍ലിങ്" നിർമ്മാതാവ് സംസാരിക്കുന്നു

അനിഖ എല്ലാ ഭാഷയിലും അറിയപ്പെടുന്ന ആളാണ്. അമിതാഭ് ബച്ചനൊപ്പം പരസ്യത്തിൽ അഭിനയിച്ചയാളാണ്. തമിഴിൽ ഡബ്ബിന് ചെന്നപ്പോൾ അനിഖയെ അവിടെ അറിയുന്നത് തമിഴ് കുട്ടിയായിട്ടാണ്.

Manoj Sreekanta Kurukkal film producer oh my darling interview
Author
First Published Feb 22, 2023, 2:15 PM IST

സംരംഭകനായ മനോജ് ശ്രീകണ്ഠ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയാണ് ഓ മൈ ഡാര്‍ലിങ്. അനിഖ സുരേന്ദ്രനും മെൽവിൻ ജി ബാബുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന റൊമാന്‍റിക് കോമഡി 2023 ഫെബ്രുവരി 24-ന് റിലീസ് ചെയ്യും. സിനിമയെക്കുറിച്ച് മനോജ് ശ്രീകണ്ഠ സംസാരിക്കുന്നു.

എങ്ങനെയാണ് മനോജ് ശ്രീകണ്ഠ "ഓ മൈ ഡാര്‍ലിങ്ങി"ലൂടെ സിനിമാ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്?

ഞാനൊരു സംരംഭകന്‍ ആണ്. ഐ.ഐ.എം അഹമ്മദാബാദിൽ നിന്ന് എം.ബി.എ ചെയ്തു. ഇപ്പോള്‍ പല മേഖലകളിൽ പല രാജ്യങ്ങളിലായി ബിസിനസുകള്‍ ചെയ്യുന്നു. കൊല്ലമാണ് സ്വദേശം; പക്ഷേ, വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. ഞാൻ കുറച്ചുകാലമായി സിനിമ ഫീൽഡിൽ പല രീതിയിൽ അസോസിയേറ്റ് ചെയ്യുന്നുണ്ട്. സുഹൃത്തുക്കള്‍ പലരും സിനിമയിലുണ്ട്. സിനിമാ മേഖല നന്നായി ഫോളോ ചെയ്യുന്നയാളാണ് ഞാൻ. സിനിമയോട് എനിക്ക് താൽപര്യം ഉണ്ടായിരുന്നു. ഒപ്പം ഒരു പ്രൊഡക്ഷൻ കമ്പനി എന്ന നിലയിൽ സിനിമയെ സമീപിക്കുമ്പോള്‍ ബിസിനസ് എന്ന പ്രൊഫഷണൽ അപ്രോച്ചും എനിക്കുണ്ട്.

എന്തുകൊണ്ടാണ് ആദ്യ സിനിമയായി ഓ മൈ ഡാര്‍ലിങ് തെരഞ്ഞെടുത്തത്?

"ഓ മൈ ഡാര്‍ലിങ്ങി"ന്‍റെ കാമ്പ് അതിന്‍റെ കഥയാണ്. പല കഥകള്‍ കേട്ട് ഇരിക്കുമ്പോഴാണ് വളരെ വ്യത്യസ്തമായ കഥ കൈയ്യിൽ കിട്ടുന്നത്. ഇതുവരെ ചര്‍ച്ച ചെയ്യാത്ത ഒരു വിഷയമാണിത്. ഇതൊരു റൊമാന്‍റിക് കോമഡിയാണ്. പിന്നെ അതിലൂടെ വന്നിട്ടാണ് ഒരു സീരിയസ് വിഷയത്തിലേക്ക് വരുന്നത്. അതിൽ വലിയൊരു സാധ്യത ഞാൻ കണ്ടു. ഈ വേഷങ്ങള്‍ പുതുമുഖങ്ങള്‍ക്കേ ചെയ്യാന്‍ പറ്റൂ. 18 വയസ്സുള്ള പെൺകുട്ടിയും 22 വയസ്സുള്ള നായകനുമാണ് പ്രധാന കഥാപാത്രങ്ങള്‍. അവരെ സപ്പോര്‍ട്ട് ചെയ്യുന്ന സ്ക്രീൻ പ്രസൻസ് ഉള്ള താരങ്ങളുണ്ട്. മുകേഷ്, ലന, മഞ്ജു പിള്ള, വിജയരാഘവൻ, നന്ദു…അങ്ങനെ സീനിയര്‍ താരങ്ങള്‍ ഒരുപാടുണ്ട്.

എങ്ങനെയാണ് ഈ തിരക്കഥ തെരഞ്ഞെടുത്തത്?

ഒരുപാട് സ്ക്രിപ്റ്റുകള്‍ കേട്ടു, ഒരുപാട് പ്രോജക്റ്റുകള്‍ ട്രൈ ചെയ്തു, പറ്റിയ ആര്‍ട്ടിസ്റ്റുകളുമായി സംസാരിച്ചു. അതിനിടയക്കാണ് ഓ മൈ ഡാര്‍ലിങ് സംഭവിച്ചത്. തിരക്കഥാകൃത്താണ് ഈ സിനിമയുമായി എന്നെ സമീപിച്ചത്. മറ്റൊരു പ്രോജക്റ്റിന് വേണ്ടിയുള്ള ചര്‍ച്ചയ്ക്ക് ഇടയ്ക്കാണ് തിരക്കഥാകൃത്ത് ജിനീഷ് കെ ജോയിയുടെ കഥ കേട്ടത്. ജിനീഷ് പത്ത് വര്‍ഷമായി സിനിമ ചെയ്യാന്‍ ശ്രമിക്കുന്നയാളാണ്. നാൽപ്പതോളം തിരക്കഥകള്‍ പൂര്‍ത്തിയാക്കി. അങ്ങനെ കഥ കേട്ടപ്പോള്‍ വളരെ രസകരമായി തോന്നി. 

"ഓ മൈ ഡാർലിങ്" തീയേറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്നതായിരുന്നോ ആഗ്രഹം?

തീര്‍ച്ചയായും. തീയേറ്റര്‍ തന്നെയാണ് ഇതിന്‍റെ ബെസ്റ്റ് ഓപ്ഷൻ. ഒ.ടി.ടിക്ക് തരാൻ കഴിയുന്ന മൂല്യത്തെക്കാള്‍ എത്രയോ മുകളിലാണ് ഈ സിനിമയുടെ പ്രൊഡക്ഷൻ ചെലവ്. ഷാൻ ആണ് മ്യൂസ് ചെയ്തത്. പാടിയിരിക്കുന്നവരിൽ ഒരു അന്താരാഷ്ട്ര കൊറിയന്‍ സിംഗര്‍ വരെയുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല കളറിസ്റ്റ് ജയദേവനാണ് സിനിമയുടെ കളര്‍ ചെയ്തിരിക്കുന്നത്. അങ്ങനെ ഒരു തരത്തിലും സിനിമയുടെ നിർമ്മാണത്തിൽ ഞാൻ കോംപ്രമൈസ് ചെയ്ടിട്ടില്ല.

"ഓ മൈ ഡാർലിങ്" മലയാളത്തിൽ മാത്രമാണോ റിലീസ് ചെയ്യുന്നത്?

മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ വരുന്നുണ്ട്. ഡബ്ബിങ് പൂര്‍ത്തിയായി, വളരെ നന്നായിട്ട് വന്നിട്ടുണ്ട്. മലയാളത്തിൽ ആദ്യം റിലീസ് ചെയ്ത് പിന്നീട് മറ്റു ഭാഷകളിൽ സിനിമ പുറത്തിറക്കും. ഒരേ സമയം ഒന്നിലധികം ഭാഷ ശ്രദ്ധിക്കാൻ തൽക്കാലം പറ്റില്ല. മലയാളത്തിലെ റിലീസ് കഴിഞ്ഞ് ഫീഡ്ബാക്ക് എടുത്തിട്ട് മറ്റു ഭാഷകളിൽ റിലീസ് ചെയ്യും.

സിനിമയിൽ അഭിനേതാക്കളെ തെരഞ്ഞെടുത്തതിൽ നിർമ്മാതാവിന് പങ്കുണ്ടോ?

അഭിനേതാക്കളെ തീരുമാനിച്ചതിൽ എനിക്ക് പങ്കുണ്ട്. അനിഖ എന്നു പറയുന്നത് എല്ലാ ഭാഷയിലും അറിയപ്പെടുന്ന ആളാണ്. അമിതാഭ് ബച്ചനൊപ്പം പരസ്യത്തിൽ അഭിനയിച്ചയാളാണ്. തമിഴിൽ ഡബ്ബിന് ചെന്നപ്പോൾ അനിഖയെ അവിടെ അറിയുന്നത് തമിഴ് കുട്ടിയായിട്ടാണ്. "തല പൊണ്ണ്" (നടൻ അജിത്തിന്‍റെ മകള്‍) എന്നാണ് അനിഖയെ തിരിച്ചറിയുന്നത്. "ബുട്ട ബൊമ്മ"യിൽ അഭിനയിച്ച കുട്ടിയല്ലേയെന്നാണ് തെലുങ്കിലെ സുഹൃത്തുക്കള്‍ ചോദിച്ചത്. അങ്ങനെയൊരു വീട്ടിലെ കുട്ടിയായി എല്ലാവരും കാണുന്ന സ്റ്റാര്‍ ആണ് അനിഖ. അതുകൊണ്ടാണ് അനിഖയെ തെരഞ്ഞെടുത്തത്.

Latest Videos
Follow Us:
Download App:
  • android
  • ios