എത്തിയത് മകളുടെ ഉപരിപഠനത്തിന്‍റെ വിവരങ്ങൾ അറിയാൻ, മകളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ വിജയകുമാർ
കഴിഞ്ഞ ദിവസമാണ് മകൾ അർഥന വിജയകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന മകളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടന്‍ വിജയകുമാർ. ഇളയ മകളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിൽ എത്തിയത്. കഴിഞ്ഞ ദിവസമാണ് വിജയകുമാറിന്‍റെ മകൾ അർഥന വിജയകുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്
വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് അർഥന ആരോപിച്ചത്. വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതിൽ ചാടി പോകുന്ന വീഡിയോ അർഥന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അമ്മയെയും സഹോദരിയെയും തന്നെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസിൽ കേസ് നിലനിൽക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്നും അർഥന വിശദമാക്കുന്നത്.
അർഥനയുടെ വാക്കുകള്‍
"ഏകദേശം 9:45 ന് ഞങ്ങൾ സഹായത്തിനായി പൊലീസ് സ്റ്റേഷനിൽ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. മലയാള ചലച്ചിത്ര നടൻ കൂടിയായ എന്റെ അച്ഛൻ വിജയകുമാറാണ് വീഡിയോയിലുള്ളത്. അദ്ദേഹം ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം മതിൽ ചാടിക്കടന്ന് പോകുന്നതാണ് ഈ വീഡിയോയിൽ കാണുന്നത്. എനിക്കും എന്റെ അമ്മയ്ക്കും സഹോദരിക്കും അനുകൂലമായി ഏകദേശം പത്തു വർഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലുണ്ട്. ഇത് നിലനിൽക്കെയാണ് ഈ അതിക്രമം.
എന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹമോചിതരായവരാണ്. ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസ്സിനു മുകളിൽ പ്രായമുള്ള അമ്മൂമ്മയ്‌ക്കൊപ്പം ഞങ്ങളുടെ അമ്മ വീട്ടിൽ ആണ് താമസിക്കുന്നത്. വർഷങ്ങളായി ഇത്തരത്തിൽ വീട്ടിൽ അതിക്രമിച്ചു കയറുന്നത് അദ്ദേഹത്തിന്റെ പതിവാണ്. ഇതിനെതിരെ നിരവധി തവണ ഞങ്ങൾ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
ഇന്ന്, അദ്ദേഹം ഞങ്ങളുടെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി, വാതിൽ പൂട്ടിയിരുന്നതിനാൽ തുറന്നു കിടന്ന ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഞാന്‍ സംസാരിച്ചു. സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്നും അനുസരിച്ചില്ലെങ്കിൽ എന്നെ ഇല്ലാണ്ടാക്കാൻ ഏതറ്റം വരെയും പോകുമെന്നും ഭീഷണി മുഴക്കി. അല്ലെങ്കിൽ അദ്ദേഹം പറയുന്ന സിനിമകളിൽ മാത്രം അഭിനയിക്കണമെന്നും (അഭിനയിക്കണമെങ്കിൽ) പറഞ്ഞു. ജീവിക്കാൻ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് അയാൾ ആരോപിച്ചു. ഞാൻ ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കിയ മലയാളം സിനിമയുടെ ടീമിനെയും അദ്ദേഹം ചീത്ത പറഞ്ഞു.
എന്റെ ജോലി സ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനും അമ്മയുടെ ജോലി സ്ഥലത്തും സഹോദരി പഠിക്കുന്ന സ്ഥാപനത്തിലും അരാജകത്വം സൃഷ്ടിച്ചതിനും എതിരെ ഞാനും അമ്മയും കൂടി അദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത കേസ് കോടതിയിൽ നടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. എന്റെ ഇഷ്ടത്തിന് മാത്രമാണ് ഞാൻ സിനിമയിൽ അഭിനയിക്കുന്നത്. അഭിനയം എപ്പോഴും എന്റെ ആവേശമാണ്, ആരോഗ്യം ഉള്ളിടത്തോളം കാലം ഞാൻ അഭിനയം തുടരും.
ഞാൻ ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നതിനിടെ അതിൽ നിന്ന് തടയാൻ അദ്ദേഹം കേസ്കൊ ടുത്തു. ‘ഷൈലോക്ക്’സിനിമയിൽ അഭിനയിച്ചപ്പോഴും അദ്ദേഹം കേസ് ഫയൽ ചെയ്തു. സിനിമ മുടങ്ങാതിരിക്കാൻ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക നിയമ രേഖയിൽ വരെ ഒപ്പിടേണ്ടി വന്നിട്ടുണ്ട്. കൂടുതൽ എഴുതാനുണ്ട് എന്നാൽ ഇവിടെ എഴുതാൻ പരിമിതി ഉള്ളതിനാൽ നിർത്തുന്നു. എന്റെ അമ്മയ്ക്ക് നൽകാനുള്ള പണവും സ്വർണവും തിരിച്ചുപിടിക്കാൻ ഞങ്ങൾ ഫയൽ ചെയ്ത കേസും അദ്ദേഹത്തിനെതിരെ നിലവിലുണ്ട്".
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം