വിജയ് സേതുപതിയുടെ ആദ്യ 100 കോടി ചിത്രം; സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റുമായി നിര്‍മ്മാതാക്കള്‍
ഈ വര്‍ഷം തമിഴിലെ മികച്ച വിജയങ്ങളിലൊന്ന്. വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം
വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ നേട്ടം കൊയ്തു. വിജയ് സേതുപതിയുടെ സോളോ ഹീറോ ചിത്രങ്ങളില്‍ 100 കോടി എന്ന നാഴികക്കല്ല് ബോക്സ് ഓഫീസില്‍ ആദ്യമായി മറികടക്കുന്ന ചിത്രമായും മഹാരാജ മാറി. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
ഒരു ബിഎംഡബ്ല്യു കാര്‍ ആണ് നിര്‍മ്മാതാക്കളായ സുധന്‍ സുന്ദരവും ജഗദീഷും ചേര്‍ന്ന് സംവിധായകന് നല്‍കിയത്. ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളിലായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം തിയറ്ററുകളില്‍ 100 ദിനങ്ങള്‍ പിന്നിട്ടതിന്‍റെ സന്തോഷത്തിലാണ് നിര്‍മ്മാതാക്കളുടെ സമ്മാനം. അതേസമയം തിയറ്ററില്‍ ഒരു മാസം പൂര്‍ത്തിയാക്കിയതിന് ശേഷം ചിത്രം ഒടിടിയിലും എത്തിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയത്. അവിടെയും ചിത്രം കാര്യമായി കാഴ്ചക്കാരെ നേടിയിരുന്നു. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ പ്രേക്ഷകരെ.
ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ചിത്രത്തില്‍ പ്രതിനായകനായി എത്തിയത്. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ അതും കാരണമായിരുന്നു. വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. രണ്ട് കാലങ്ങളിലായി നോണ്‍ ലീനിയര്‍ സ്വഭാവത്തിലാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ നിതിലന്‍ സ്വാമിനാഥന്‍ കഥ പറയുന്നത്. സചന നമിദാസ്, മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രഹ്‍മണ്യം, അഭിരാമി, ദിവ്യ ഭാരതി, സിങ്കംപുലി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ കുരങ്ങ് ബൊമ്മൈ എന്ന ചിത്രവും നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ALSO READ : അന്‍വര്‍ സാദത്തും ഡയാന ഹമീദും കേന്ദ്ര കഥാപാത്രങ്ങള്‍; 'അര്‍ധരാത്രി' ചിത്രീകരണം തുടങ്ങി