'എല്‍സിയു'വില്‍ ഇനി എത്ര ചിത്രങ്ങള്‍, ക്ലൈമാക്സ് എന്ന്? മുഴുവന്‍ പ്ലാന്‍ വ്യക്തമാക്കി ലോകേഷ് കനകരാജ്

"യൂണിവേഴ്സ് ആയല്ല, ഒരു ക്രോസ് ഓവര്‍ ചിത്രമായാണ് വിക്രം തുടങ്ങിയത്", ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു

lokesh kanagaraj reveals the lcu plan after leo movie kanithi 2 rolex standalone film and vikram 2

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ആകമാനം ശ്രദ്ധ നേടിയ സിനിമാറ്റിക് യൂണിവേഴ്സ് ആണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് അഥവാ എല്‍സിയു. കൈതി, വിക്രം, ലിയോ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് ഈ യൂണിവേഴ്സില്‍ ഇതുവരെ പുറത്തെത്തിയത്. വരും ചിത്രങ്ങള്‍ക്കായി സിനിമാപ്രേമികളുടെ വലിയ കാത്തിരിപ്പ് ഉണ്ട്. അവര്‍ക്കിടയില്‍ ഇത് പലപ്പോഴും സംസാരവിഷയവുമാണ്. ഇപ്പോഴിതാ തന്‍റെ മനസിലുള്ള എല്‍സിയു ഡിസൈനിനെക്കുറിച്ചും വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും പറയുകയാണ് ലോകേഷ് കനകരാജ്. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് തന്‍റെ പ്ലാന്‍ വിശദീകരിക്കുന്നത്. 

"യൂണിവേഴ്സ് ആയല്ല, ഒരു ക്രോസ് ഓവര്‍ ചിത്രമായാണ് വിക്രം തുടങ്ങിയത്. അത് ചെയ്യുമ്പോഴാണ് ഒരു യൂണിവേഴ്സിന്‍റെ സാധ്യത മനസിലായത്. യൂണിവേഴ്സില്‍ നിലവില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഉള്ളത്. നാലാമത്തെ ചിത്രമായിരിക്കണം യൂണിവേഴ്സിന്‍റെ അടിത്തറ. അഞ്ചാമത്തേത് അടുത്ത അടിത്തറ. ആറാമത്തേത് പ്രീ ക്ലൈമാക്സ് ആക്കാം. ഏഴാമത്തേതോ എട്ടാമത്തേതോ ആയ ചിത്രത്തിലൂടെ യൂണിവേഴ്സ് അവസാനിപ്പിക്കണം", ലോകേഷ് പറയുന്നു. വരാനിരിക്കുന്ന ചിത്രങ്ങളുടെ ക്രമത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. 

"കൈതി 2 ആണ് അടുത്തത്. പിന്നീട് ഒരു റോളക്സ് സ്റ്റാന്‍ഡ‍് എലോണ്‍ ചിത്രമുണ്ട്. അതിന് ശേഷം വിക്രം 2. ഇതില്‍ കൈതി 2 ന്‍റെ രചന ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാര്‍ത്തിയോടും നിര്‍മ്മാതാവ് എസ് ആര്‍ പ്രഭുവിനോടും ഐഡിയ പറഞ്ഞിട്ടുണ്ട്. അവര്‍ ഹാപ്പിയാണ്. ആറ് വര്‍ഷത്തിന് ശേഷം ഡില്ലിയെയും അയാളുടെ ലോകത്തെയും സ്ക്രീനില്‍ എത്തിക്കുന്നതിന്‍റെ ആവേശമുണ്ട്. യൂണിവേഴ്സിലെ മറ്റ് ചിത്രങ്ങള്‍ ആശയതലത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്", ലോകേഷ് പറയുന്നു. വിജയ്‍ സിനിമയില്‍ത്തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ ലിയോ 2 ഉും താന്‍ ചെയ്യുമായിരുന്നുവെന്നും ലോകേഷ് പറയുന്നു. "മയക്കുമരുന്ന് ഇല്ലാത്ത ഒരു സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് എല്‍സിയുവിലെ കഥാപാത്രങ്ങള്‍", ലോകേഷ് പറഞ്ഞവസാനിപ്പിക്കുന്നു. 

ALSO READ : വേറിട്ട വേഷത്തില്‍ ബിന്ദു പണിക്കര്‍; 'ജമീലാന്‍റെ പൂവന്‍കോഴി' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios